28 Dec 2025 12:18 PM IST
Summary
ശക്തമായ ഡോളര്‍, ആഗോള അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വിദേശ നിക്ഷേപകരെ വികസിത വിപണികളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു
ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തോതില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വാങ്ങി. 1.6 ലക്ഷം കോടി രൂപയാണ് (18 ബില്യണ്‍ യുഎസ് ഡോളര്‍) ഇതുവരെ വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ടത്. അസ്ഥിരമായ കറന്‍സി, ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് യുഎസ് താരിഫുകള്‍ തുടങ്ങിയവ ഇതിനു കാരണമായതായി പറയുന്നു. എങ്കിലും 2026 ല്‍ ഒഴുക്ക് പോസിറ്റീവായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
വര്‍ദ്ധിച്ചുവരുന്ന യുഎസ് ബോണ്ട് ആദായം, ശക്തമായ ഡോളര്‍, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ ആഗോള മൂലധനത്തെ വികസിത വിപണികളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു. ഈ വര്‍ഷത്തെ ദുര്‍ബലമായ പ്രകടനം ഉണ്ടായിരുന്നിട്ടും, 2026 ല്‍ ഈ പ്രവണത പഴയപടിയാകുമെന്ന് വിപണി പങ്കാളികള്‍ പ്രതീക്ഷിക്കുന്നു.
അടുത്തവര്‍ഷം എഫ്പിഐകള്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ
'അടുത്ത വര്‍ഷത്തില്‍ വളര്‍ച്ചയും വരുമാനവും വര്‍ദ്ധിക്കുന്നതോടെ ഇന്ത്യയില്‍ എഫ്പിഐകള്‍ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. യുഎസുമായുള്ള വ്യാപാര കരാറിലെത്തുന്നത് താരിഫ് വ്യത്യാസങ്ങള്‍ കുറയ്ക്കും. അതേസമയം ഫെഡ് നിരക്ക് കുറയ്ക്കല്‍ ഡോളറിനെ മൃദുവായി നിലനിര്‍ത്തുകയും വളര്‍ന്നുവരുന്ന വിപണി ആസ്തികള്‍ക്ക് അനുകൂലമാക്കുകയും ചെയ്യും,' എലാര സെക്യൂരിറ്റീസ് ഇന്ത്യയിലെ ഗവേഷണ ഡെപ്യൂട്ടി മേധാവി ഗരിമ കപൂര്‍ പറഞ്ഞു.
ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമെ, ആഭ്യന്തര ഘടകങ്ങളും ഒഴുക്ക് പുനരുജ്ജീവിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ആഗോള മാക്രോ ഫ്രണ്ടിലെ അനിശ്ചിതത്വം എഫ്പിഐ പെരുമാറ്റത്തെ രൂപപ്പെടുത്തുന്നത് തുടരും.
'ആഗോള പലിശ നിരക്കുകളുടെ ഗതി, പ്രത്യേകിച്ച് നിരക്ക് കുറയ്ക്കലിന്റെ സമയവും വേഗതയും, താരിഫുകളിലെ സംഭവവികാസങ്ങളും പ്രധാന ചാലകശക്തികളായിരിക്കും,' മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് ഇന്ത്യയിലെ പ്രിന്‍സിപ്പല്‍ മാനേജര്‍-റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
ഡിസംബര്‍ 26 വരെ, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിന്ന് 1.58 ലക്ഷം കോടി രൂപ പിന്‍വലിച്ചതായി ഡെപ്പോസിറ്ററികളുടെ പക്കല്‍ ലഭ്യമായ ഡാറ്റ വ്യക്തമാക്കുന്നു.
ഇത് 2025 നെ ഇക്വിറ്റി ഫ്‌ളോകള്‍ക്ക് ഏറ്റവും മോശം വര്‍ഷമാക്കി മാറ്റുന്നു. 2022 ലെ 1.21 ലക്ഷം കോടി രൂപയാണ് പുറത്തേക്ക് ഒഴുകിയത്. ഈ വര്‍ഷം പഴയകണക്ക് തിരുത്തിയെഴുതപ്പെട്ടു. അതേസമയം 2023 ല്‍ 1.71 ലക്ഷം കോടി രൂപയുടെ ശക്തമായ ഓഹരി നിക്ഷേപം ഉണ്ടായിരുന്നു. ആഗോളതലത്തിലും പ്രാദേശികമായും ഉണ്ടായ സമ്മര്‍ദ്ദങ്ങളുടെ മിശ്രിതമാണ് ഇതിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന മൂല്യനിര്‍ണ്ണയം ലാഭമെടുക്കലിന് കാരണമായി
ആഭ്യന്തര രംഗത്ത്, ചില വിഭാഗങ്ങളിലെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം തന്ത്രപരമായ ലാഭമെടുക്കലിന് കാരണമായി എന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റിലെ ഹെഡ്-ഇക്വിറ്റി ഷൊര്‍ഭ് ഗുപ്ത പറഞ്ഞു. പ്രതിമാസ പ്രവാഹ രീതി ഈ ചാഞ്ചാട്ടത്തെ പ്രതിഫലിപ്പിക്കുന്നു. 2025 ലെ 12 മാസങ്ങളില്‍ എട്ടിലും എഫ്പിഐകള്‍ ഓഹരികള്‍ വിറ്റു. ഏപ്രില്‍, മെയ്, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രമേ വാങ്ങല്‍ പരിമിതപ്പെടുത്തിയിട്ടുള്ളൂ.
പഠിക്കാം & സമ്പാദിക്കാം
Home
