image

15 March 2026 11:27 AM IST

Stock Market Updates

റെക്കോര്‍ഡ് തകര്‍ച്ചയില്‍ വിപണി; രണ്ടാഴ്ചയ്ക്കുള്ളില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 52,704 കോടി

MyFin Desk

റെക്കോര്‍ഡ് തകര്‍ച്ചയില്‍ വിപണി; രണ്ടാഴ്ചയ്ക്കുള്ളില്‍  വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 52,704 കോടി
X

Summary

വിദേശ നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യന്‍ വിപണിയോടുള്ള താല്‍പ്പര്യം കുറയാന്‍ വാല്യൂവേഷനിലെ വര്‍ധനവും ഒരു കാരണമാണ്. എന്നാല്‍, സാമ്പത്തിക ഓഹരികളിലെ വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള വില്‍പ്പന ആഭ്യന്തര നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാനുള്ള മികച്ച അവസരമായും വിലയിരുത്തപ്പെടുന്നുണ്ട്


പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയും ക്രൂഡ് ഓയില്‍ വിലവര്‍ധനവും ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നു. മാര്‍ച്ച് മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 52,704 കോടി രൂപയാണ് ആഭ്യന്തര വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഫെബ്രുവരിയില്‍ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം (22,615 കോടി) രേഖപ്പെടുത്തിയതിന് പിന്നാലെയുണ്ടായ ഈ വന്‍തോതിലുള്ള വല്‍പ്പന നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഹോര്‍മുസ് കടലിടുക്കിലെ ചരക്കുനീക്കം തടസ്സപ്പെടുമെന്ന ഭീതി ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലെത്തിച്ചു. ഇതിനൊപ്പം രൂപയുടെ മൂല്യം 92 എന്ന നിലവാരത്തിലേക്ക് ദുര്‍ബലമായതും യുഎസ് ബോണ്ട് യീല്‍ഡിലെ വര്‍ധനവും നിക്ഷേപകര്‍ സുരക്ഷിത താവളങ്ങള്‍ തേടാന്‍ കാരണമായി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും കോര്‍പ്പറേറ്റ് വരുമാനത്തെയും ഈ ഘടകങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.

ഇന്ത്യയെ അപേക്ഷിച്ച് ദക്ഷിണ കൊറിയ, തായ്വാന്‍, ചൈന തുടങ്ങിയ വിപണികള്‍ നിലവില്‍ കൂടുതല്‍ ആകര്‍ഷകമായി മാറിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യന്‍ വിപണിയോടുള്ള താല്‍പ്പര്യം കുറയാന്‍ വാല്യൂവേഷനിലെ വര്‍ധനവും ഒരു കാരണമാണ്. എന്നാല്‍, സാമ്പത്തിക ഓഹരികളിലെ വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള വില്‍പ്പന ആഭ്യന്തര നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാനുള്ള മികച്ച അവസരമായും വിലയിരുത്തപ്പെടുന്നുണ്ട്.

മേഖലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഐടി മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. വരുമാന വളര്‍ച്ചയിലെ കുറവും ആഗോള സാങ്കേതിക ചെലവിടലിലെ മന്ദതയും കാരണം ഏകദേശം 74,700 കോടി രൂപയാണ് ഈ മേഖലയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. നഗരങ്ങളിലെ ഉപഭോഗം കുറഞ്ഞതോടെ എഫ്.എം.സി.ജി മേഖലയില്‍ നിന്നും വന്‍തോതില്‍ പണം പുറത്തേക്ക് പോയി. വൈദ്യുതി, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലും വലിയ തോതിലുള്ള ലാഭമെടുപ്പ് നടന്നു.

അതേസമയം, ടെലികോം, എണ്ണ-വാതകം, ലോഹങ്ങള്‍, രാസവസ്തുക്കള്‍ എന്നീ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ തങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിക്കുന്നത് ശ്രദ്ധേയമാണ്. മാര്‍ച്ച് രണ്ടാം പകുതിയില്‍ പശ്ചിമേഷ്യയിലെ പിരിമുറുക്കം കുറയുകയോ നാലാം പാദ സാമ്പത്തിക ഫലങ്ങള്‍ പോസിറ്റീവ് ആകുകയോ ചെയ്താല്‍ വിപണിയിലേക്ക് പണമൊഴുക്ക് തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.