image

18 Oct 2026 12:02 PM IST

Stock Market Updates

വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പുറത്തേക്ക്; ഈ മാസം വിറ്റൊഴിഞ്ഞത് 52,100 കോടി

MyFin Desk

foreign investors exit en masse, offloaded ₹52,100 crore this month
X

Summary

സെപ്റ്റംബറില്‍ 35,861 കോടി പിന്‍വലിച്ചതിന് പിന്നാലെയാണ് വിപണിയില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്തുവന്നത്


ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നു. ക്രൂഡ് ഓയില്‍ വിലക്കയറ്റം, യുഎസ് ബോണ്ട് യീല്‍ഡിലെ വര്‍ധന, ഡോളറിന്റെ കരുത്ത് എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതോടെ ഒക്ടോബറില്‍ ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വലിച്ചത് 52,100 കോടി രൂപയാണ്. സെപ്റ്റംബറില്‍ 35,861 കോടി പിന്‍വലിച്ചതിന് പിന്നാലെയാണ് വിപണിയില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്തുവന്നത്.

ജൂലൈയില്‍ 20,200 കോടി നിക്ഷേപിച്ച വിദേശ ഫണ്ടുകള്‍ ഓഗസ്റ്റിലും 29,631 കോടി രൂപ ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുക്കിയിരുന്നു. എന്നാല്‍ സെപ്റ്റംബറോടെ നിക്ഷേപകരുടെ നിലപാട് മാറി. ഏറ്റവും പുതിയ പിന്‍വലിക്കലോടെ 2026-ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള എഫ്പിഐകളുടെ മൊത്തം പിന്മാറ്റം 3.12 ലക്ഷം കോടിയായി. 2025-ലെ മുഴുവന്‍ വര്‍ഷത്തിലും പിന്‍വലിച്ച 1.66 ലക്ഷം കോടിരൂപ എന്ന കണക്കിനെക്കാള്‍ വളരെ കൂടുതലാണിത്.

അമേരിക്കയിലെ പണപ്പെരുപ്പ സമ്മര്‍ദവും പലിശനിരക്ക് ഉയരാനുള്ള സാധ്യതയും യുഎസ് ആസ്തികളെ വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുന്നതായി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഇന്ത്യയുടെ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. വടക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഓഹരികളുടെ കുതിപ്പും നിക്ഷേപം ആ മേഖലകളിലേക്ക് തിരിച്ചുവിടുന്ന ഘടകമാണ്. എങ്കിലും ഒക്ടോബര്‍ 16-ന് വിദേശ നിക്ഷേപകര്‍ നേരിയ തോതില്‍ ഓഹരികള്‍ വാങ്ങിയത് വിപണിക്ക് താല്‍ക്കാലിക ആശ്വാസമായി.

മേഖലാടിസ്ഥാനത്തില്‍ ധനകാര്യ സേവന, എണ്ണബന്ധിത കമ്പനികളിലെ ഓഹരികളിലാണ് വിദേശ നിക്ഷേപകര്‍ പ്രധാനമായും വില്‍പ്പന നടത്തുന്നത്. മറുവശത്ത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, വിനോദം, റെസ്റ്റോറന്റുകള്‍, ആരോഗ്യപരിചരണ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അവര്‍ വാങ്ങല്‍ തുടരുന്നുണ്ട്. വരും ദിവസങ്ങളില്‍ ആഗോള ക്രൂഡ് ഓയില്‍ വില, യുഎസ്-ഇറാന്‍ ബന്ധങ്ങളിലെ സംഭവവികാസങ്ങള്‍, ഇന്ത്യന്‍ കമ്പനികളുടെ രണ്ടാം പാദ വരുമാന കണക്കുകള്‍ എന്നിവ വിപണിയുടെ ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.