image

17 Sep 2023 10:30 AM GMT

Stock Market Updates

വില്‍പ്പന തുടര്‍ന്ന് എഫ്‍പിഐകള്‍; സെപ്റ്റംബറിലെ കണക്ക് ഇങ്ങനെ

MyFin Desk

fpis followed by sales here is the figure for september
X

Summary

  • കഴിഞ്ഞ 6 മാസങ്ങളില്‍ എഫ്‍പിഐകള്‍ വാങ്ങലുകാരായിരുന്നു
  • ഡെറ്റ് വിപണിയിലെ വാങ്ങല്‍ എഫ്‍പിഐകള്‍ തുടരുന്നു


യുഎസ് ബോണ്ടുകളിലെ നേട്ടം ഉയര്‍ന്നത് , ശക്തമായ ഡോളർ, ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ കാരണം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യയിലെ ഇക്വിറ്റികളിൽ നിന്ന് 4,800 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തി.

മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കഴിഞ്ഞ ആറ് മാസങ്ങളിൽ തുടർച്ചയായി ഇന്ത്യൻ ഓഹരികളിലെ വാങ്ങലുകാരായിരുന്ന എഫ്‍പിഐകള്‍ ഇക്കാലയളവില്‍ 1.74 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു.

"വിപണി റെക്കോഡ് ഉയരത്തില്‍ ആയതിനാല്‍ മൂല്യനിർണ്ണയം ഉയർന്നിരിക്കുന്ന സാഹചര്യത്തില്‍ എഫ്‍പിഐകള്‍ വിൽപ്പന ഉയര്‍ത്താന്‍ സാധ്യതയുണ്ട്. യുഎസിലെ ഉയർന്ന ബോണ്ട് ആദായവും ഡോളർ സൂചിക 105-ന് മുകളിലാണ് എന്നതും എഫ്‍പിഐകളെ വില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ഡിപ്പോസിറ്ററികളുമായുള്ള ഡാറ്റ അനുസരിച്ച്, ഈ മാസം ഇതുവരെ (സെപ്റ്റംബർ 15 വരെ) ഇക്വിറ്റികളിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‍പിഐ) 4,768 കോടി രൂപയുടെ അറ്റ വില്‍പ്പന നടത്തി. ഈ കണക്കിൽ ബൾക്ക് ഡീലുകളും പ്രാഥമിക വിപണി വഴിയുള്ള നിക്ഷേപങ്ങളും ഉൾപ്പെടുന്നു.

ഓഗസ്റ്റിൽ ഇക്വിറ്റികളിലെ എഫ്‍പിഐ നിക്ഷേപം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12,262 കോടി രൂപയിലെത്തിയതിന് പിന്നാലെയാണ് സെപ്റ്റംബറില്‍ വില്‍പ്പനയിലേക്ക് നീങ്ങിയത്.

"ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും പണപ്പെരുപ്പ അപകടസാധ്യതകളുടെ പുനരുജ്ജീവനവും ഉൾപ്പെടെയുള്ള വിശാലമായ ആഗോള മാക്രോ ഇക്കണോമിക് ഘടകങ്ങളിൽ നിന്നാണ് ഈ സാഹചര്യം ഉടലെടുക്കുന്നത്. യുഎസിലെ പലിശനിരക്ക് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ കൂടുതൽ ജാഗ്രതയുള്ളവരാക്കി, ഇത് "കാത്തിരിപ്പ്" സമീപനം സ്വീകരിക്കാൻ അവരെ പ്രേരിപ്പിച്ചു," മോണിംഗ്സ്റ്റാർ ഇന്ത്യയുടെ റിസർച്ച് മാനേജർ അസോസിയേറ്റ് ഡയറക്ടർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

അതേസമയം, സെപ്റ്റംബറില്‍ ഇതുവരെ രാജ്യത്തിന്റെ ഡെറ്റ് വിപണിയില്‍ 2,000 കോടിയിലധികം രൂപയുടെ അറ്റ നിക്ഷേപം എഫ്‍പിഐകള്‍ നടത്തി. ഇതോടെ ഈ വർഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്പിഐകളുടെ മൊത്തം നിക്ഷേപം 1.3 ലക്ഷം കോടി രൂപയായി. ഡെറ്റ് മാർക്കറ്റിൽ ഇത് 30,200 കോടി രൂപയാണ്. വൈദ്യുതി, മൂലധന ഉല്‍പ്പന്നങ്ങള്‍ എന്നിവയിലാണ് എഫ്‍പിഐകള്‍ ശക്തമായ വാങ്ങല്‍ നടത്തുന്നത്.