image

23 Jan 2024 8:03 AM IST

Stock Market Updates

ആഗോള വിപണികള്‍ നേട്ടത്തില്‍, ക്രൂഡ് വില 80 ഡോളറിനു മുകളില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

share market | Sensex and Nifty today
X

Summary

  • യുഎസ് ടെക് ഓഹരികള്‍ നേട്ടം ഉയര്‍ത്തി
  • സീയും സോണിയും നിയമ പോരാട്ടത്തിലേക്ക്
  • എഫ്ഐഐകള്‍ വില്‍പ്പനക്കാരായി തുടരുന്നു


അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി നല്‍കിയ അവധിക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ വിപണി ഏകീകരണ സ്വഭാവം പ്രകടമാക്കുമെന്ന പ്രതീക്ഷയാണ് വിദഗ്ധര്‍ക്കുള്ളത്. ജനുവരി 20 ശനിയാഴ്ച നടന്ന അധിക ട്രേഡിംഗ് സെഷനിൽ, ബി‌എസ്‌ഇ സെൻ‌സെക്‌സ് 260 പോയിന്റ് ഇടിഞ്ഞ് 71,424 ലും നിഫ്റ്റി 51 പോയിന്റ് താഴ്ന്ന് 21,572 ലും എത്തി. മൂന്നാം പാദ വരുമാന പ്രഖ്യാപനങ്ങളും മാനെജ്മെന്‍റ്കളുടെ അഭിപ്രായ പ്രകടനങ്ങളും വിപണിയുടെ വികാരത്തില്‍ പ്രധാന സ്വാധീനം ചെലുത്തും.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,543 ലും തുടർന്ന് 21,501ലും 21,433ലും പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, അത് 21,588 ലും തുടർന്ന് 21,722 ലും 21,790 ലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്.

ആഗോള വിപണികളില്‍ ഇന്ന്

യുഎസ് വിപണികള്‍ മൂന്നും നേട്ടത്തോടെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എസ്&പി 500 തിങ്കളാഴ്ച തുടർച്ചയായ രണ്ടാമത്തെ സെഷനിലും റെക്കോർഡ് ക്ലോസിംഗ് രേഖപ്പെടുത്തി.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 138.01 പോയിന്റ് അഥവാ 0.36 ശതമാനം ഉയർന്ന് 38,001.81ലും എസ് & പി 500 10.62 പോയിന്റ് അഥവാ 0.22 ശതമാനം ഉയർന്ന് 4,850.43ലും നാസ്ഡാക്ക് കോമ്പോസിറ്റ് 49.32 പോയിന്റ് അഥവാ 0.32 ശതമാനം കൂട്ടി 15,360.29ലും വ്യാപാരം അവസാനിപ്പിച്ചു. ടെക് ഓഹരികള്‍ നേട്ടം വര്‍ധിപ്പിച്ചു.

യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നേട്ടത്തിലായിരുന്നു.

ഏഷ്യ പസഫിക് വിപണികളില്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ചൈനയുടെ ഷാങ്ഹായ് തുടങ്ങിയ വിപണികളില്‍ നേട്ടത്തില്‍ വ്യാപാരം പുരോഗമിക്കുന്നു.

ഇന്ന് 139 പോയിന്‍റ് നേട്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റി വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിപണി സൂചികകളുടെ പൊസിറ്റിവ് തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്: തങ്ങളുടെ ഇന്ത്യന്‍ ബിസിനസിനെ സീ എന്റർടൈൻമെന്റുമായി ലയിപ്പിക്കാനുള്ള 2021 ഡിസംബർ 22-ന്‍റെ കരാറില്‍ നിന്ന് സോണി ഗ്രൂപ്പ് പിന്‍വാങ്ങി. ഇരു കമ്പനികളും തമ്മില്‍ നഷ്ടപരിഹാരത്തിനായുള്ള നിയമ പോരാട്ടത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐസിഐസിഐ ബാങ്ക്: ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഉയർന്ന വകയിരുത്തല്‍ നടത്തിയിട്ടും സ്വകാര്യമേഖലാ വായ്പാദാതാവിന്‍റെ അറ്റാദായം 23.6 ശതമാനം വാർഷിക വളര്‍ച്ചയോടെ 10,271.54 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 13.4 ശതമാനം വാര്‍ഷിക വർധനയോടെ 18,678.55 കോടി രൂപയായി.

പെർസിസ്റ്റന്റ് സിസ്‍റ്റംസ് : പൂനെ ആസ്ഥാനമായുള്ള ഐടി സേവന കമ്പനിയുടെ മൂന്നാംപാദ അറ്റാദായം മുന്‍പാദത്തെ അപേക്ഷിച്ച് 8.7 ശതമാനം വളർച്ച രേഖപ്പെടുത്തി 286.1 കോടി രൂപയായി.പ്രവർത്തന വരുമാനം 3.6 ശതമാനം വർധിച്ച് 2,498.2 കോടി രൂപയായി.

കോഫോർജ്: ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഐടി സൊല്യൂഷൻസ് കമ്പനിയുടെ അറ്റാദായം 31.5 ശതമാനം ത്രൈമാസ വളർച്ച രേഖപ്പെടുത്തി 238 കോടി രൂപയായി. പ്രവർത്തന വരുമാനം 2.1 ശതമാനം വർധിച്ച് 2,323.3 കോടി രൂപയായി.

കോൾഗേറ്റ്-പാമോലിവ് ഇന്ത്യ: ഓറൽ കെയർ കമ്പനിയുടെ അറ്റാദായം മൂന്നാം പാദത്തില്‍ 36 ശതമാനം വാര്‍ഷിക വളർച്ച നേടി 330.11 കോടി രൂപയായി. പ്രവർത്തന വരുമാനം 8 ശതമാനം വർധിച്ച് 1,396 കോടി രൂപയായി.

ടാറ്റ മോട്ടോഴ്‌സ്: തങ്ങളുടെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിയുടെയും വില ശരാശരി 0.7 ശതമാനം വർദ്ധിപ്പിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനി അറിയിച്ചു. ഫെബ്രുവരി 1 മുതൽ വിലവര്‍ധന പ്രാബല്യത്തിൽ വരും.

മെഡി അസിസ്റ്റ് ഹെൽത്ത്‌കെയർ സർവീസസ്: ഹെൽത്ത്‌കെയർ തേർഡ്-പാർട്ടി അഡ്മിനിസ്‌ട്രേറ്ററുടെ ഇക്വിറ്റി ഷെയറുകൾ ഇന്ന് വിപണികളില്‍ ലിസ്‍റ്റ് ചെയ്യും. അന്തിമ ഇഷ്യൂ വില ഒരു ഓഹരിക്ക് 418 രൂപയായി നിശ്ചയിച്ചു.

ക്രൂഡ് ഓയില്‍ വില

റഷ്യയിലെ നൊവാടെക് ഇന്ധന ടെർമിനലിലെ ഉക്രേനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ആഗോള ഊർജ്ജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചതു മൂലം തിങ്കളാഴ്ച എണ്ണ വില ഏകദേശം 2 ശതമാനം ഉയർന്നു.

ബ്രെന്റ് മാർച്ചിലെ ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.50 ഡോളർ അഥവാ 1.9 ശതമാനം ഉയർന്ന് 80.06 ഡോളറായി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) തുടർച്ചയായ നാലാം ദിവസവും അറ്റ ​​വിൽപ്പനക്കാരായി തുടർന്ന്, ശനിയാഴ്ച 545.58 കോടി രൂപയുടെ ഓഹരികൾ കൈയൊഴിഞ്ഞു. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 719.31 കോടി രൂപയുടെ അറ്റ വില്‍പ്പന ഓഹരികളില്‍ നടത്തിയെന്നും എൻഎസ്‌ഇയിൽ നിന്നുള്ള താൽക്കാലിക ഡാറ്റ കാണിക്കുന്നു.

ഓഹരി വിപണി വാര്‍ത്തകള്‍

അറിയാന്‍നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം