18 Nov 2026 7:08 PM IST
Summary
മേഖലകള്‍ തിരിച്ചുള്ള നിക്ഷേപ തന്ത്രത്തിലും ഗോള്‍ഡ്മാന്‍ സാക്സ് മാറ്റം വരുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കൂടുതല്‍ നേട്ടം പ്രവചിച്ച് ഗോള്‍ഡ്മാന്‍ സാക്സ്. ഇന്ത്യന്‍ ഓഹരികളുടെ റേറ്റിങ് 'ന്യൂട്രല്‍' നിലയില്‍ നിന്ന് 'ഓവര്‍വെയ്റ്റ്' ആയി ഉയര്‍ത്തി. 2027 അവസാനത്തോടെ നിഫ്റ്റി 28,500 പോയിന്റിലെത്തുമെന്നാണ് പുതിയ പ്രവചനം. കമ്പനികളുടെ വരുമാന വളര്‍ച്ചയും ശക്തമായ ആഭ്യന്തര ആവശ്യകതയും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവുമാണ് വിപണിക്ക് കരുത്താകുകയെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ കുറച്ചുകാലമായി വിദേശ നിക്ഷേപകരുടെ പങ്കാളിത്തം കുറഞ്ഞിരുന്നു. 2024 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ഏകദേശം 64 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. എന്നാല്‍, ആഗോള വിപണിയിലെ നിക്ഷേപ പ്രവണതകളില്‍ മാറ്റം വരുന്നതോടെ ഇന്ത്യയിലേക്ക് വീണ്ടും പണമൊഴുക്ക് വര്‍ധിക്കാമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രതീക്ഷ.
15% വരുമാന വളര്‍ച്ച പ്രതീക്ഷ
ഇന്ത്യന്‍ കമ്പനികളുടെ വരുമാന വളര്‍ച്ചയാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രതീക്ഷകളില്‍ പ്രധാന ഘടകം. 2027ലും 2028ലും എംഎസ്സിഐ ഇന്ത്യയിലെ കമ്പനികളുടെ ലാഭത്തില്‍ 15 ശതമാനം വീതം വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 2026ല്‍ 11 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ശക്തമായ ആഭ്യന്തര ഉപഭോഗം, സ്വകാര്യ നിക്ഷേപത്തിലെ ഉണര്‍വ്, അടിസ്ഥാന സൗകര്യ വികസനം എന്നിവയും വിപണിക്ക് പിന്തുണ നല്‍കും. വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ ഓഹരികളിലെ പങ്കാളിത്തം ഒരു ദശാബ്ദത്തിലേറെക്കാലത്തെ താഴ്ന്ന നിലയിലാണെന്നതും തിരിച്ചുവരവിന് സാധ്യതയൊരുക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബാങ്കിങ്, വ്യവസായ ഓഹരികള്‍ക്ക് മുന്‍ഗണന
മേഖലകള്‍ തിരിച്ചുള്ള നിക്ഷേപ തന്ത്രത്തിലും ഗോള്‍ഡ്മാന്‍ സാക്സ് മാറ്റം വരുത്തിയിട്ടുണ്ട്. ബാങ്കിങ്, വ്യവസായം, പ്രതിരോധം, യൂട്ടിലിറ്റീസ്, ടെലികോം, ഇന്റര്‍നെറ്റ് മേഖലകളിലാണ് കൂടുതല്‍ നിക്ഷേപ സാധ്യത കാണുന്നത്. വ്യവസായ ഓഹരികളുടെ റേറ്റിങ് 'ഓവര്‍വെയ്റ്റ്' ആയി ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, ഐടി, ഹെല്‍ത്ത്കെയര്‍, മെറ്റല്‍സ്, സിമന്റ്, കെമിക്കല്‍സ് മേഖലകളില്‍ ജാഗ്രത വേണമെന്നാണ് വിലയിരുത്തല്‍. ആഗോള എഐ നിക്ഷേപ പ്രവണതകളിലെ മാറ്റം ഐടി ഉള്‍പ്പെടെയുള്ള മേഖലകളെ ബാധിക്കാമെന്ന ആശങ്കയും ഇതിന് പിന്നിലുണ്ട്.
എന്നാല്‍, ഓഹരി വിപണിയുടെ മുന്നേറ്റത്തിന് എണ്ണവിലയിലെ മാറ്റങ്ങള്‍ വെല്ലുവിളിയാകാം. ഉയര്‍ന്ന എണ്ണവില പണപ്പെരുപ്പത്തെയും രൂപയുടെ മൂല്യത്തെയും വിദേശ നിക്ഷേപകരുടെ താല്പര്യത്തെയും ബാധിക്കാമെന്നും ഗോള്‍ഡ്മാന്‍ സാക്സ് മുന്നറിയിപ്പ് നല്കുന്നു.
നിഫ്റ്റി 28,500 എന്നത് ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രവചന ലക്ഷ്യം മാത്രമാണ്. വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓഹരി വിലകളില്‍ മാറ്റമുണ്ടാകാം. അതിനാല്‍ നിക്ഷേപകര്‍ സ്വന്തം പഠനത്തിനും റിസ്ക് വിലയിരുത്തലിനും ശേഷമേ തീരുമാനമെടുക്കാവൂ.
പഠിക്കാം & സമ്പാദിക്കാം
Home
