image

26 Feb 2024 4:40 PM IST

Stock Market Updates

ചുവപ്പണിഞ്ഞ് ഹെവിവെയ്റ്റ്സ്; ആഭ്യന്തര സൂചികകൾ ഇടിവിൽ

MyFin Desk

market closes in the red after volatility
X

Summary

  • ഐടി, മെറ്റൽ, കൺസ്യുമർ ഡ്യൂറബിൾ ഗുഡ്സ് ഓഹരികളിലെ പ്രോഫിറ്റ് ബുകിംഗ് ഇടിവിന് കാരണമായി
  • തിങ്കളാഴ്ച ഏഷ്യൻ വിപണികളിലെ ഭൂരിഭാഗവും ഇടിവ് രേഖപ്പെടുത്തി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 82.89 ലെത്തി


ഏഷ്യൻ വിപണികളിലെ സമ്മിശ്ര വ്യാപാരത്തിനൊടുവിൽ തുടർച്ചയായി രണ്ടാം സെഷനിലും ആഭ്യന്തര വിപണി ഇടിവിൽ ക്ലോസ് ചെയ്തു. ഐടി, മെറ്റൽ, കൺസ്യുമർ ഡ്യൂറബിൾ ഗുഡ്സ് ഓഹരികളിലെ പ്രോഫിറ്റ് ബുക്കിംഗ് ഇടിവിന് കാരണമായി. സെൻസെക്‌സ് 352.67 പോയിൻ്റ് താഴ്ന്ന് 72,790.13 ൽ എത്തി. നിഫ്റ്റി 90.65 പോയിൻ്റ് താഴ്ന്ന് 22,122.05 ൽ ക്ലോസ് ചെയ്തു.

ഇൻഫോസിസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുൾപ്പെടെയുള്ള ഇൻഡെക്‌സ് ഹെവിവെയ്റ്റുകളുടെ വിൽപ്പന തുടർച്ചയായ രണ്ടാം സെഷനിലും ബെഞ്ച്മാർക്ക് സൂചികകളെ ഇടിവിലേക്കെത്തിച്ചു.

നിഫ്റ്റിയിൽ ലാർസൻ ആൻഡ് ടൂബ്രോ (2.43%), പവർ ഗ്രിഡ് (2.07%), അദാനി എന്റർപ്രൈസസ് (1.66%), ഭാരത് പെട്രോളിയം (1.49%), എസ്ബിഐ ലൈഫ് ഇൻഷുറൻസ് (1.49%), നേട്ടം നൽകി. ഏഷ്യൻ പെയിൻ്റ്സ് (-3.94%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (-2.74%),അപ്പോളോ ഹോസ്പിറ്റൽസ് (-2.81%), ഡിവിസ് ലാബ്സ് (-1.94%), ടാറ്റ സ്റ്റീൽസ് (1.93%) എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചികയിൽ നിഫ്റ്റി എനർജി, ഓട്ടോ, റിയൽറ്റി, പിഎസ്ഇ എന്നിവ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഐടി സൂചിക 1.17 ശതമാനം ഇടിഞ്ഞു. സൂചികയിൽ എല്ലാ ഓഹരികളും ഇടിവിലാണ് ക്ലോസ് ചെയ്തത്. യുഎസ് വിപണിയിലെ പണപ്പെരുപ്പ ആശങ്കകൾക്കിടയിൽ ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര എന്നീ ഐടി ഓഹരികൾ ഇടിവ് തുടർന്നു. പെർസിസ്റ്റന്റ് സിസ്റ്റംസ് രണ്ട് ശതമാനത്തിലധികവും ഇടിഞ്ഞു.

തിങ്കളാഴ്ച ഏഷ്യൻ വിപണികളിലെ ഭൂരിഭാഗവും ഇടിവ് രേഖപ്പെടുത്തി. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് 0.5 ശതമാനവും ഷാങ്ഹായ് കോമ്പോസിറ്റ് 0.9 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.8 ശതമാനവും ഇടിഞ്ഞു. ടോക്കിയോയിലെ നിക്കെ 225 0.4 ശതമാനം ഉയർന്നു.

യൂറോ സ്റ്റോക്സ് 50 0.22 ശതമാനം ഇടിഞ്ഞതോടെ യൂറോപ്യൻ ഓഹരികളും താഴ്ന്നു. ലണ്ടനിലെ FTSE 100 0.34 ശതമാനം ഇടിഞ്ഞപ്പോൾ ഫ്രാൻസിലെ CAC 40 0.45 ശതമാനം താഴ്ന്നു.

സ്വർണം ട്രോയ് ഔൺസിന് 0.26 ശതമാനം താഴ്ന്ന് 2044.05 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 0.45 ശതമാനം താഴ്ന്ന് 80.48 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 82.89 ലെത്തി.

വെള്ളിയാഴ്ച 1,276.09 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) അറ്റ വാങ്ങൽ രേഖപ്പെടുത്തി.