image

29 March 2026 3:10 PM IST

Stock Market Updates

വിപണിയില്‍ വന്‍ തകര്‍ച്ച: ഒരാഴ്ചക്കിടെ ആവിയായത് 1.75 ലക്ഷം കോടി, റിലയന്‍സിന് കനത്ത പ്രഹരം

MyFin Desk

huge crash in the market, reliance suffers a major blow
X

Summary

ടോപ്ടെന്നില്‍ ഏറ്റവും മുന്നിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് വിപണിയിലെ തളര്‍ച്ചയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കമ്പനിയുടെ വിപണി മൂല്യത്തില്‍ മാത്രം 89,720 കോടി രൂപയുടെ ഇടിവുണ്ടായി


ഓഹരി വിപണിയിലെ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വമ്പന്‍ ഇടിവ്. കഴിഞ്ഞാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.75 ലക്ഷം കോടി രൂപയുടെ ഇടിവ് നേരിട്ടു.സെന്‍സെക്സ് 949 പോയിന്റും നിഫ്റ്റി 294 പോയിന്റും താഴ്ന്നതോടെ നിക്ഷേപകര്‍ക്ക് കനത്ത ആഘാതമാണ് നേരിട്ടത്.

ടോപ്‌ടെന്നില്‍ ഏറ്റവും മുന്നിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് വിപണിയിലെ തളര്‍ച്ചയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കമ്പനിയുടെ വിപണി മൂല്യത്തില്‍ മാത്രം 89,720 കോടി രൂപയുടെ ഇടിവുണ്ടായി. ബാങ്കിംഗ് മേഖലയിലെ പ്രമുഖരായ എച്ച്ഡിഎഫ്‌സി ബാങ്കിന് 37,248 കോടി രൂപയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 35,399 കോടി രൂപയുടെയും നഷ്ടം സംഭവിച്ചു. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്.യു.എല്‍ തുടങ്ങിയ വന്‍കിട കമ്പനികളും നഷ്ടത്തിന്റെ പട്ടികയില്‍ ഇടംപിടിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഇന്ധന വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുമെന്ന ആശങ്കയും രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് നീങ്ങിയതുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്ന് വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഴ്ചയുടെ മധ്യത്തില്‍ വിപണി അല്പം കരകയറാന്‍ ശ്രമിച്ചെങ്കിലും, വെള്ളിയാഴ്ച ഉണ്ടായ കനത്ത വല്‍പ്പന സമ്മര്‍ദ്ദം സൂചികകളെ വീണ്ടും താഴേക്ക് വലിച്ചിട്ടു. വിദേശ നിക്ഷേപകരുടെ കരുതലോടെയുള്ള നീക്കങ്ങളും വിപണിയിലെ ചാഞ്ചാട്ടം വര്‍ദ്ധിപ്പിച്ചു.

നഷ്ടത്തിന്റെ ഈ പ്രവണതയ്ക്കിടയിലും ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍&ടി), ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ കരുത്ത് തെളിയിച്ചു. എല്‍ ആന്‍ഡ് ടിയുടെ വിപണി മൂല്യം 18,051 കോടി രൂപ ഉയര്‍ന്നു. ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് എന്നിവയും നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി മൂലധനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇതോടെ നഷ്ടങ്ങള്‍ക്കിടയിലും ചില മേഖലകളില്‍ മുന്നേറ്റത്തിന്റെ സൂചനകള്‍ പ്രകടമായി.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, ആഗോള സാഹചര്യങ്ങള്‍ മാറുന്നത് നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. പശ്ചിമേഷ്യാ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും രൂപയുടെ മൂല്യം സ്ഥിരത കൈവരിക്കുകയും ചെയ്താല്‍ മാത്രമേ വരും ആഴ്ചകളില്‍ വിപണിയില്‍ വ്യക്തമായ ദിശാമാറ്റം ഉണ്ടാവുകയുള്ളൂ എന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു.