9 April 2026 5:07 PM IST
വിപണിയില്‍ വന്‍ വീഴ്ച; ലാഭമെടുപ്പും യുദ്ധഭീതിയും തിരിച്ചടിയായി, സെന്‍സെക്‌സ് 931 പോയിന്റ് ഇടിഞ്ഞു
MyFin Desk
Summary
പശ്ചിമേഷ്യയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളാണ് വിപണിയെ സമ്മര്‍ദ്ദത്തിലാക്കിയ പ്രധാന ഘടകം. ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണവും അതിനോടുള്ള ഇറാന്റെ പ്രതികരണവും സമാധാന ചര്‍ച്ചകളെ അവതാളത്തിലാക്കുമോ എന്ന ഭീതി വിപണിയിലുണ്ട്
അഞ്ച് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിന് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് കനത്ത തകര്‍ച്ച. ആഗോള വിപണിയിലെ വെല്ലുവിളികളും നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതും വിപണിയെ താഴേക്ക് നയിച്ചു. സെന്‍സെക്‌സ് 931.25 പോയിന്റ് (1.20%) ഇടിഞ്ഞ് 76,631.65 ലും, നിഫ്റ്റി 222.25 പോയിന്റ് (0.93%) താഴ്ന്ന് 23,775.10 ലും വ്യാപാരം അവസാനിപ്പിച്ചു. ശക്തമായ മുന്നേറ്റത്തിന് ശേഷമുള്ള ഈ തിരുത്തല്‍ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളാണ് വിപണിയെ സമ്മര്‍ദ്ദത്തിലാക്കിയ പ്രധാന ഘടകം. ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണവും അതിനോടുള്ള ഇറാന്റെ പ്രതികരണവും സമാധാന ചര്‍ച്ചകളെ അവതാളത്തിലാക്കുമോ എന്ന ഭീതി വിപണിയിലുണ്ട്. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തിലായതും എണ്ണവില വര്‍ദ്ധിച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. യുദ്ധസാഹചര്യം തുടര്‍ന്നാല്‍ വിപണിയില്‍ വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
ബാങ്കിംഗ് ഓഹരികളാണ് ഇന്ന് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, പിഎസ്യു ബാങ്ക് സൂചികകള്‍ 2 ശതമാനം വരെ ഇടിഞ്ഞു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ), ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ തുടങ്ങിയ പ്രമുഖ ഓഹരികള്‍ നഷ്ടം നേരിട്ടവരുടെ മുന്‍നിരയിലുണ്ട്. വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന 'ഇന്ത്യ വിക്‌സ്' സൂചിക 3 ശതമാനത്തിലധികം ഉയര്‍ന്നത് വിപണിയിലെ അസ്ഥിരതയുടെ തെളിവായി മാറി.
സൂചികകള്‍ ഇടിഞ്ഞപ്പോഴും മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ കരുത്ത് കാട്ടിയത് ആശ്വാസമായി. നിഫ്റ്റി മെറ്റല്‍ സൂചികയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിലെ 16 പ്രധാന സെക്ടറുകളില്‍ 11 എണ്ണവും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യന്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
