20 Feb 2026 9:02 PM IST
Summary
ഫെബ്രുവരി ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം 15 സെക്ടറുകളിലായി 33,487 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്
ഇന്ത്യന്‍ വിപണിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വീണ്ടും സജീവമാകുന്നു. ഫെബ്രുവരി ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം 15 സെക്ടറുകളിലായി 33,487 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്.
എന്നാല്‍ ഈ ആവേശത്തിനിടയിലും ഐടി മേഖലയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു.
ഗുണമായത് ഇന്ത്യ യുഎസ് വ്യാപാര കരാർ
ഉല്‍പ്പാദന മേഖലയിലെ ഓഹരികളിലേക്കാണ് നിക്ഷേപം പ്രധാനമായും ഒഴുകുന്നത്. ക്യാപിറ്റല്‍ ഗുഡ്സ് മേഖലയില്‍ മാത്രം 8,032 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ബിഎച്ച്ഇഎല്ലിലെ സര്‍ക്കാര്‍ ഓഹരി വില്‍പനയും ഇതിന് ആക്കം കൂട്ടി. കൂടാതെ, ബാങ്കിംഗ് - ധനകാര്യ മേഖലയില്‍ 6,175 കോടി രൂപയും ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ 4,678 കോടി രൂപയും നിക്ഷേപമെത്തി. ഇന്ത്യ-അമേരിക്ക വ്യാപാര കരാറാണ് ടെക്‌സ്‌റ്റൈല്‍സ്, ജെംസ് ആന്‍ഡ് ജ്വല്ലറി മേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ച മറ്റൊരു ഘടകം.
എന്നാല്‍ ഈ മുന്നേറ്റത്തിനിടയിലും ഐടി മേഖല തകര്‍ച്ചയിലാണ്. പതിനായിരം കോടി രൂപയിലധികം മൂല്യമുള്ള ഓഹരികളാണ് വിദേശികള്‍ ഐടിയില്‍ നിന്ന് മാത്രം വിറ്റഴിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തുന്ന മാറ്റങ്ങള്‍ ഐടി സേവന രംഗത്തെ തൊഴിലവസരങ്ങളെയും വരുമാനത്തെയും ബാധിക്കുമെന്ന ഭീതിയാണ് ഇതിന് പിന്നില്‍.
ഈ വര്‍ഷം മാത്രം നിഫ്റ്റി ഐടി ഇന്‍ഡക്‌സ് 15 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി സൂചികയിലുണ്ടായ 2.6 ശതമാനം ഇടിവിനേക്കാള്‍ വളരെ വലുതാണിത്.സേവന മേഖലയില്‍ നിന്ന് ഉല്‍പ്പാദന മേഖലയിലേക്കുള്ള ഒരു വലിയ മാറ്റത്തിന് ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിക്കുകയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
