image

17 April 2024 11:30 AM GMT

Stock Market Updates

ഐഐഎഫ്എൽ ഫിനാൻസ് 1,272 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യു പ്രഖ്യാപിച്ചു; ഓഹരിയൊന്നിന് 300 രൂപ

MyFin Desk

ഐഐഎഫ്എൽ ഫിനാൻസ് 1,272 കോടി രൂപയുടെ റൈറ്റ്സ്  ഇഷ്യു പ്രഖ്യാപിച്ചു; ഓഹരിയൊന്നിന് 300 രൂപ
X

Summary

  • ഐഐഎഫ്എൽ ഫിനാൻസിനെ സ്വർണവായ്പ നൽകുന്നതിൽ നിന്ന് റിസർവ് ബാങ്ക് വിലക്കിയിരുന്നു
  • ഓരോ ഒമ്പത് ഓഹരികൾക്കും ഒരു അവകാശ ഓഹരി
  • നിലവിലുള്ള ഓഹരിയുടമകൾക്ക് മാത്രമാണ് റൈറ്റ്സ് ഇഷ്യൂവിൽ പങ്കെടുക്കാനാവുക


റൈറ്റ്സ് ഇഷ്യൂവിനുള്ള അംഗീകാരം ലഭിച്ചതായി ഐഐഎഫ്എൽ ഫിനാൻസ് ബോർഡ് അറിയിച്ചു. ഇഷ്യൂവിലൂടെ 1272 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഓഹരിയൊന്നിന് 300 രൂപ നിരക്കിലായിരിക്കും ഇഷ്യൂ വില. നിലവിലെ ഓഹരി വിലയേക്കാളും 29 ശതമാനം കിഴിവിലാണിത്. നിലവിലുള്ള ഓഹരിയുടമകൾക്ക് മാത്രമാണ് റൈറ്റ്സ് ഇഷ്യൂവിൽ പങ്കെടുക്കാനാവുക.

ഒരു മാസം മുൻപ് ഐഐഎഫ്എൽ ഫിനാൻസിനെ സ്വർണവായ്പ നൽകുന്നതിൽ നിന്ന് റിസർവ് ബാങ്ക് വിലക്കിയിരുന്നു. തുടർന്ന് മൂലധനം ഉയർത്താനുള്ള കമ്പനിയുടെ പദ്ധതിയാണിത്.

നിലവിലുള്ള ഓഹരിയുടമകൾക്ക് അവരുടെ കൈവശമുള്ള ഓരോ ഒമ്പത് ഓഹരികൾക്കും ഒരു അവകാശ ഓഹരി ലഭിക്കുമെന്ന് ഐഐഎഫ്എൽ അറിയിച്ചു. ഏപ്രിൽ 30 മുതൽ മെയ് 14 വരെയാണ് ഇഷ്യൂ. ഏപ്രിൽ 23 റെക്കോർഡ് തീയതിയായും കമ്പനി നിശ്ചയിച്ചു.

നിലവിലുള്ള ഓഹരി ഉടമകൾക്ക് മുൻഗണന നൽകുന്ന അവകാശ ഇഷ്യുവിലൂടെ 1,500 കോടി രൂപ വരെ സമാഹരിക്കുമെന്ന് മാർച്ച് പകുതിയോടെ ഐഐഎഫ്എൽ അറിയിച്ചിരുന്നുവെങ്കിലും തുക അന്തിമമാക്കിയിരുന്നില്ല. കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ "മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകൾ" കാരണം സ്വർണ്ണ വായ്പ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതും നിർത്താൻ ആർബിഐ ഉത്തരവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് പണം സമാഹരിക്കാനുള്ള കമ്പനിയുടെ പ്രഖ്യാപനം.

ആർബിഐ ഉത്തരവിന് ശേഷം ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. ഏപ്രിൽ 16ന് ബിഎസ്ഇയിൽ ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ 2.35 ശതമാനം ഇടിഞ്ഞ് 421.7 രൂപയിൽ ക്ലോസ് ചെയ്തു.

കമ്പനിയിൽ 15 ശതമാനം പങ്കാളിത്തമുള്ള പ്രധാന ഓഹരിയുടമയായ ഫെയർഫാക്‌സ് ഇന്ത്യ വായ്പദാതാവിനെ പിന്തുണയ്ക്കുന്നതിനായി 200 മില്യൺ ഡോളർ വരെ നൽകുമെന്ന് അറിയിച്ചിരുന്നു.

ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് ഐഐഎഫ്എൽ ഫിനാൻസിൻ്റെ മാനേജ്‌മെൻ്റിന് കീഴിലുള്ള (എയുഎം) സ്വർണ്ണ വായ്പകൾ 24,692 കോടി രൂപയോളമാണ്. ഇത് മൊത്തം ആസ്തിയുടെ 32 ശതമാനത്തോളം വരും. കഴിഞ്ഞ മാസം മാത്രം ഓഹരികൾ ഇടിഞ്ഞത് 42.39 ശതമാനമാണ്. ഈ മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ 24 ശതമാനം ഉയർന്നു. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ 29.44 ശതമാനം നഷ്ടമാണ് നൽകിയത്.