image

23 Feb 2026 4:51 PM IST

Stock Market Updates

വിദേശ നിക്ഷേപകർ കൈവിടുന്നു; ജെഫ്രീസിന്റെ മുന്നറിയിപ്പ്!

MyFin Desk

വിദേശ നിക്ഷേപകർ  കൈവിടുന്നു; ജെഫ്രീസിന്റെ മുന്നറിയിപ്പ്!
X

ഇന്ത്യൻ ഐടി ഓഹരികളുടെ വിലത്തകർച്ചയെ സൂചിപ്പിക്കുന്ന സ്റ്റോക്ക് മാർക്കറ്റ് ഗ്രാഫിക്സ്.

Summary

എഐ ഭീതിയും ജെഫറീസ് റേറ്റിംഗ് ഇടിവും തിരിച്ചടിയായി; ഫെബ്രുവരിയിൽ മാത്രം വിറ്റൊഴിഞ്ഞത് 10,000 കോടിയിലധികം രൂപ.


ഇന്ത്യന്‍ ഐടി മേഖലയില്‍ നിന്ന് വിദേശ നിക്ഷേപകരുടെ വലിയ പിന്മാറ്റം. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞു.ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച മാത്രം ഐടി സെക്ടറില്‍ നിന്ന് ഒഴുകിപ്പോയത് പതിനായിരം കോടിയിലധികം രൂപയാണ്. നിര്‍മ്മിത ബുദ്ധി നല്‍കുന്ന വെല്ലുവിളികളാണ് വിദേശ നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ടിസിഎസിലെ വിദേശ നിക്ഷേപം 12.7 ശതമാനത്തില്‍ നിന്ന് 10.37 ശതമാനമായി കുറഞ്ഞു. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര എന്നിവയുടെയും സ്ഥിതി സമാനമാണ്.

വിദേശ നിക്ഷേപം കുറയുന്നു

ടെക് മഹീന്ദ്രയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.ഐടി കമ്പനികളുടെ ലാഭക്ഷമതയെയും ബിസിനസ് മോഡലിനെയും ബാധിക്കുമെന്ന ഭീതിയാണ് നിലവിലുള്ളത്. ഉപഭോക്താക്കള്‍ വലിയ പ്രോജക്റ്റുകള്‍ മാറ്റിവെക്കുന്നതും അമേരിക്കയിലെ വിസ നിയമങ്ങള്‍ കടുപ്പിക്കുന്നതും തിരിച്ചടിയായി. എല്‍ടിഐ മൈന്‍ഡ്ട്രീ, കോഫോര്‍ജ് തുടങ്ങിയ ഇടത്തരം ഐടി കമ്പനികളിലും വിദേശ നിക്ഷേപം കുറഞ്ഞിട്ടുണ്ട്. അതിനിടെ ടിസിഎസ്, ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള മുന്‍നിര ഐടി ഓഹരികളുടെ റേറ്റിംഗ് ജെഫറീസ് വെട്ടിക്കുറച്ചു.

നിര്‍മ്മിത ബുദ്ധി നല്‍കുന്ന വെല്ലുവിളികള്‍ ഐടി കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, എംഫസിസ് എന്നീ ഓഹരികളെ 'ഹോള്‍ഡ് കാറ്റഗറിയിലേക്കും; ടിസിഎസ്, എല്‍ടിഐ മൈന്‍ഡ്ട്രീ, ഹെക്സാവെയര്‍ എന്നിവയെ 'അണ്ടര്‍പെര്‍ഫോം' വിഭാഗത്തിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഐടി കമ്പനികളുടെ ലാഭവിഹിതം 1 മുതല്‍ 4 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് ജെഫറീസ് കണക്കാക്കുന്നു. ആപ്ലിക്കേഷന്‍ മാനേജ്മെന്റ് സര്‍വീസുകളില്‍ എഐ വരുത്തുന്ന മാറ്റങ്ങള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കിയേക്കാം.

ഈ പ്രതിസന്ധികള്‍ക്കിടയിലും ചില ഓഹരികളെ ജെഫറീസ് മികച്ചതായി കാണുന്നുണ്ട്. കോഫോര്‍ജ് , സാജിലിറ്റി , ഐകെഎസ് എന്നിവയാണ് നിലവില്‍ അവരുടെ 'ടോപ്പ് പിക്‌സ്'. ഈ കമ്പനികള്‍ക്ക് 19 മുതല്‍ 25 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. സാഹചര്യങ്ങള്‍ മോശമായാല്‍ ഐടി ഓഹരികളുടെ മൂല്യം 30 മുതല്‍ 65 ശതമാനം വരെ ഇടിയാന്‍ സാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.