image

11 March 2026 10:26 AM IST

Stock Market Updates

ഡോളറിന് 95 രൂപയാകുമോ?

MyFin Desk

ഡോളറിന് 95 രൂപ എന്ന നിലവാരത്തിലേക്ക് രൂപ എത്തിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ.
X

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. ഒരു ഡോളറിന് 95 രൂപ എന്ന നിലവാരത്തിലേക്ക് രൂപ എത്തിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ.

Summary

ഇറാൻ-ഇസ്രായേൽ യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നു. രൂപയുടെ തകർച്ചയും പലിശ നിരക്കിലെ മാറ്റങ്ങളും നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? വിദഗ്ധർ വ്യക്തമാക്കുന്നു.


ഒരു ഡോളറിന് 95 രൂപ! ഇന്ത്യന്‍ രൂപയുടെ മൂല്യം ഇത്രത്തോളം ഇടിയുമോ? ഇറാന്‍-ഇസ്രായേല്‍ യുദ്ധം നിങ്ങളുടെ പോക്കറ്റിനെയും നിക്ഷേപങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍.

93 മുതല്‍ 95 വരെ

ആഗോള എണ്ണവിലയിലെ അസ്ഥിരത ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 93 മുതല്‍ 95 വരെ ഇടിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ രൂപ 92.14 എന്ന നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ഇറാന്‍ സംഘര്‍ഷം നീണ്ടുപോയാല്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധിപ്പിക്കും. ഇത് സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയെ ബാധിക്കും.

എണ്ണവില വര്‍ദ്ധിക്കുന്നത് ഗതാഗത ചിലവ് കൂട്ടുകയും അത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. ഇത് ആര്‍.ബി.ഐയുടെ ന്യൂട്രല്‍ സ്റ്റാന്‍സിനെ മാറ്റാന്‍ പ്രേരിപ്പിച്ചേക്കാം.രൂപയുടെ വീഴ്ച തടയാന്‍ ആര്‍.ബി.ഐ വിദേശ നാണ്യ ശേഖരത്തില്‍ നിന്ന് ഡോളര്‍ വില്‍ക്കാന്‍ സാധ്യതയുണ്ട്. ഇതിനോടകം തന്നെ കഴിഞ്ഞ ആഴ്ചകളില്‍ വലിയ തോതിലുള്ള ഇടപെടലുകള്‍ ആര്‍.ബി.ഐ നടത്തിക്കഴിഞ്ഞു. ഇത്തരത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നത് ഐടി ഫാര്‍മതുടങ്ങിയ കയറ്റുമതി മേഖലകള്‍ക്ക് ഗുണകരമാണെങ്കിലും, വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് ഓഹരി വിപണിയില്‍ താല്‍ക്കാലിക സമ്മര്‍ദ്ദമുണ്ടാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, എണ്ണവില ഉയരുന്നത് വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കാരണമാകും. വലിയ തോതിലുള്ള മൂലധന ചോര്‍ച്ചയുണ്ടായാല്‍ അത് ഓഹരി വിപണിയെയും സാമ്പത്തിക സുസ്ഥിരതയെയും പ്രതികൂലമായി ബാധിക്കും. മുന്‍പും സമാനമായ പ്രതിസന്ധികളെ ഇന്ത്യ മറികടന്നിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ രൂപയ്ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നതെന്ന് പ്രശസ്ത നിക്ഷേപകനായ സൗരഭ് മുഖര്‍ജിയയും വ്യക്തമാക്കി.

പലിശ നിരക്ക് കുറയില്ല?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകളില്‍ ഉടന്‍ കുറവ് വരുത്താന്‍ സാധ്യതയില്ലെന്നും കൊട്ടക് മഹീന്ദ്ര ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസന ഭരദ്വാജ് പറയുന്നു.കഴിഞ്ഞ കുറച്ച് കാലങ്ങളായി പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി. എന്നാല്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂലം എണ്ണവില കുതിച്ചുയരുന്നത് പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഈ സാഹചര്യത്തില്‍ ആര്‍.ബി.ഐ ഉടനെങ്ങും നിരക്ക് കുറയ്ക്കില്ലെന്നാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട്.