16 March 2026 10:00 AM IST
foreign-investors-indian-stock-market-analysis-2026.jpg
Summary
2026-ൽ ഒരു ലക്ഷം കോടി രൂപ പിൻവലിച്ചെങ്കിലും വിപണി വിദഗ്ധർ ശുഭപ്രതീക്ഷയിൽ; ഓഹരി വിപണിയിലെ പുതിയ ട്രെൻഡുകൾ അറിയാം.
ഒരു ലക്ഷം കോടി രൂപ! 2026-ന്റെ തുടക്കത്തില്‍ മാത്രം ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച തുകയാണിത്. വിപണി തകരുമോ എന്ന് സാധാരണ നിക്ഷേപകര്‍ ഭയപ്പെടുമ്പോള്‍, വിദഗ്ധര്‍ പറയുന്നത് മറ്റൊന്നാണ്. വിദേശികള്‍ തിരിച്ചുവരാന്‍ ഇനി വെറും 5 കാരണങ്ങള്‍ മാത്രം മതിയെന്നാണ് ജിയോജിത്തിലെ വി.കെ. വിജയകുമാറും റെലിഗയറിലെ അജിത് മിശ്രയും അടക്കമുള്ളവര്‍ ചൂണ്ടികാട്ടുന്നത്.
എന്തുകൊണ്ടാണ് വിദേശികള്‍ വിട്ടുനില്‍ക്കുന്നത്?
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യവും കുതിച്ചുയരുന്ന എണ്ണവിലയുമാണ് പ്രധാന വില്ലന്മാര്‍. എന്നാല്‍ എണ്ണവിലയില്‍ ചെറിയൊരു കുറവുണ്ടായാല്‍ മതി, ഇന്ത്യയുടെ പണപ്പെരുപ്പം കുറയുകയും രൂപയുടെ മൂല്യം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുമെന്ന് എസ്എംസി ഗ്ലോബലിലെ സീമ ശ്രീവാസ്തവ നിരീക്ഷിക്കുന്നു.
അമേരിക്കയിലെ പലിശ
രണ്ടാമത്തെ നിര്‍ണ്ണായക ഘടകം അമേരിക്കയിലെ പലിശ നിരക്കുകളാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചാല്‍, യുഎസ് ട്രഷറി യീല്‍ഡ് താഴുകയും ഡോളര്‍ ദുര്‍ബലമാവുകയും ചെയ്യും. സ്വാഭാവികമായും ആഗോള ഫണ്ടുകള്‍ കൂടുതല്‍ ലാഭം തേടി ഇന്ത്യയെപ്പോലുള്ള വളരുന്ന വിപണികളിലേക്ക് ഒഴുകും.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്ത്
ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വമാണ് വിദേശികളെ ആകര്‍ഷിക്കുന്ന മൂന്നാമത്തെ ഘടകം. ശക്തമായ ജിഡിപി വളര്‍ച്ചയും നിയന്ത്രണവിധേയമായ പണപ്പെരുപ്പവും രൂപയുടെ സ്ഥിരതയും നിക്ഷേപകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് ചര്‍ച്ചില്‍ വെല്‍ത്തിലെ അക്ഷത് ഗാര്‍ഗ് വ്യക്തമാക്കുന്നു.
സെബിയുടെ പരിഷ്‌കാരങ്ങള്‍
ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് ഇപ്പോള്‍ പഴയതിനേക്കാള്‍ എളുപ്പമാണ്. സെബിയുടെ പുതിയ പരിഷ്‌കാരങ്ങളും ലളിതമായ രജിസ്ട്രേഷന്‍ നടപടികളും വിദേശികള്‍ക്ക് ചുവപ്പുനാടകളില്ലാതെ വിപണിയിലേക്ക് എത്താന്‍ വഴിയൊരുക്കുന്നു. സുതാര്യമായ ഈ നിയമവ്യവസ്ഥ ദീര്‍ഘകാല നിക്ഷേപകരെ ആകര്‍ഷിക്കുമെന്നുറപ്പ്.
കോര്‍പ്പറേറ്റ് ഏണിങ്സ് & ലോ വാല്യൂവേഷന്‍
അവസാനമായി, ഇന്ത്യന്‍ കമ്പനികളുടെ ലാഭക്ഷമത. ബാങ്കിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍, മാനുഫാക്ചറിങ് മേഖലകളിലെ മികച്ച പ്രകടനം വിദേശികളെ പ്രേരിപ്പിക്കും. നിലവിലെ വിപണിയിലെ തിരുത്തലുകള്‍ ഓഹരി വില കുറയാന്‍ കാരണമായിട്ടുണ്ട്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഓഹരികള്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമായി ഇതിനെ വിദേശ നിക്ഷേപകര്‍ കാണുമെന്ന് വിദഗ്ധര്‍ അടിവരയിടുന്നു. ചുരുക്കത്തില്‍, വിദേശികളുടെ പിന്മാറ്റം ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ഇന്ത്യന്‍ വിപണിയുടെ അടിസ്ഥാനം ശക്തമാണ്. ഈ അഞ്ച് അനുകൂല ഘടകങ്ങള്‍ ഒത്തുവരുന്നതോടെ ഇന്ത്യന്‍ വിപണി വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
