image

10 Dec 2025 3:29 PM IST

Stock Market Updates

Indigo Stock: തകർന്നടിഞ്ഞ് ഇൻഡിഗോ ഓഹരികൾ; വിപണി മൂല്യവും കൂപ്പുകുത്തി

MyFin Desk

Indigo Stock: തകർന്നടിഞ്ഞ്  ഇൻഡിഗോ ഓഹരികൾ; വിപണി മൂല്യവും കൂപ്പുകുത്തി
X

Summary

52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കുത്തനെ ഇടിഞ്ഞ് ഇൻഡിഗോ ഓഹരികൾ. ടാർഗറ്റ് വില കുറച്ച് ബ്രോക്കറേജുകൾ.


വ്യോമയാന മേഖലയിലെ കടുത്ത പ്രതിസന്ധിയെ തുടർന്ന് ഇൻഡിഗോ ഓഹരികൾ 52 ആഴ്ചത്തെ ഉയർന്ന നിരക്കിൽ നിന്ന് തകർന്നടിഞ്ഞു. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇൻഡിഗോ ഗ്ലോബ് ഏവിയേഷൻ ഓഹരികളിൽ കനത്ത തകർച്ച. കഴിഞ്ഞ ആഴ്ചയിലെ വിമാന റദ്ദാക്കലുകൾക്ക് പിന്നാലെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ 10% വെട്ടിക്കുറയ്ക്കാൻ സർക്കാർ എയർലൈനിന് നിർദ്ദേശം നൽകിയതിനെ തുടർന്ന് ഓഹരികൾ ബുധനാഴ്ചയും ഇടിഞ്ഞു. രണ്ട് ശതമാനമാണ് ബുധനാഴ്ചത്തെ ഇടിവ്. 4801 രൂപയിലാണ് ബുധനാഴ്ച ഉച്ചയോടെ ഓഹരി വ്യാപാരം.

52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 22 ശതമാനത്തിലധികം ഇടിഞ്ഞാണ് വ്യാപാരം. 52 ആഴ്ചയിലെ ഉയർന്ന വില 6232 .50 രൂപയാണ്. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഓഹരി വിലയിൽ 14 ശതമാനത്തിലധികമാണ് ഇടിവ്. കഴിഞ്ഞ മാസം 12.37 ശതമാനത്തോളം ഓഹരി വില ഇടിഞ്ഞു. ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം വിപണി മൂല്യ ത്തിൽ ഏകദേശം 30,000 കോടി രൂപയിലധികം നഷ്ടമായി. കഴിഞ്ഞ 10 ദിവസം കൊണ്ട് 53 ,000 കോടി രൂപയാണ് വിപണി മൂല്യത്തിൽ ഇടിവ്. പ്രധാന ബ്രോക്കറേജുകൾ ഇൻഡിഗോ ഓഹരികൾക്ക് നൽകിയിരുന്ന ടാർഗറ്റ് വില കുറച്ചു.

ഓഹരികൾ കൂടുതൽ തകരുമോ?

കഴിഞ്ഞ ആഴ്ച നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതാണ് ഇൻഡിഗോയുടെ പെട്ടന്നുള്ള പ്രതിസന്ധിക്ക് കാരണം. ജീവനക്കാരുടെ ക്ഷാമവും ഡിജിസിഎയുടെ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി സംബന്ധിച്ച നിയമങ്ങളുമൊക്കെ പ്രവർത്തന തടസത്തിന് കാരണമായി. പ്രതിദിനം 2,000 ൽ അധികം വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ നിലവിലെ പ്രതിസന്ധി സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ ഡിജിസിഎയോടെ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.