image

10 Dec 2023 5:06 AM GMT

Stock Market Updates

പണപ്പെരുപ്പ കണക്കുകള്‍, ഫെഡ് റിസര്‍വ് യോഗം; ഈ വാരത്തില്‍ വിപണി കാതോര്‍ക്കുന്നത്

MyFin Desk

inflation figures, fed reserve meeting, looking forward to the market this week
X

Summary

  • ഫെഡ് ചീഫ് ജെറോം പവ്വല്‍ മാധ്യമങ്ങളെ കാണുന്നത് 13ന്
  • ഇന്ത്യയുടെ സിപിഐ പണപ്പെരുപ്പ കണക്ക് ഡിസംബര്‍ 12ന് അറിയാം
  • ബ്രെന്‍റ് ക്രൂഡിന് പോയവാരത്തില്‍ 3.85 ശതമാനം ഇടിവ്


ഡിസംബർ 8 ന് അവസാനിച്ച ആഴ്ചയിൽ ഇക്വിറ്റി മാർക്കറ്റുകളില്‍ ചരിത്രപരമായ മുന്നേറ്റമാണ് പ്രകടമായത് കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നേട്ടം റിപ്പോർട്ട് ചെയ്ത ആഴ്ചയില്‍ നിഫ്റ്റി ചരിത്രത്തില്‍ ആദ്യമായി 21,000ന് മുകളിലേക്ക് നീങ്ങി.

കേന്ദ്ര ഭരണകക്ഷിക്ക് അനുകൂലമായ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങൾ, ഗവൺമെന്റിൽ നിന്നുള്ള കൂടുതൽ അടിസ്ഥാന സൗകര്യ നിക്ഷേപത്തെ കുറിച്ചുള്ള പ്രതീക്ഷ, രണ്ടാം പാദത്തിലെ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ച, മൊത്തം സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിഗമനം റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്, അടിസ്ഥാന പലിശ നിരക്കുകളിൽ തൽസ്ഥിതി നിലനിർത്തുകയും മുഴുവൻ വർഷത്തെ പണപ്പെരുപ്പ പ്രവചനം മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തത് എന്നിവയെല്ലാം റാലിക്ക് ഇന്ധനം പകര്‍ന്നു

യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വർദ്ധനവ് അവസാനിപ്പിച്ച് നിരക്ക് കുറയ്ക്കുന്നതിലേക്ക് അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ നീങ്ങുമെന്ന പ്രതീക്ഷ, സ്ഥിരമായ എണ്ണവില തുടങ്ങിയ ആഗോള ഘടകങ്ങളും വിപണി വികാരം ഉയർത്തി.

സൂചികകള്‍ റെക്കോഡില്‍

കഴിഞ്ഞ ആഴ്ചയിൽ, ബെഞ്ച്മാർക്ക് സൂചികകളും ബാങ്ക് നിഫ്റ്റിയും പുതിയ റെക്കോർഡ് ക്ലോസിംഗിൽ അവസാനിച്ചു. നിഫ്റ്റി 50 702 പോയിന്റ് അല്ലെങ്കിൽ 3.46 ശതമാനം ഉയർന്ന് 20,969 ൽ ക്ലോസ് ചെയ്തു, ജൂലൈ 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടമാണിത്. ബിഎസ്ഇ സെൻസെക്സ് 2,344 പോയിന്റ് അല്ലെങ്കിൽ 3.47 ശതമാനം ഉയർന്ന് 69,826 ൽ എത്തി.

ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ലോഹം, എണ്ണ, വാതകം, ഓട്ടോ ഓഹരികൾ എന്നിവ വിപണിയെ പിന്തുണച്ചപ്പോൾ എഫ്എംസിജി, ഫാർമ ഓഹരികൾ സമ്മർദ്ദത്തിലായിരുന്നു.

നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ യഥാക്രമം 2.35 ശതമാനവും 1.16 ശതമാനവും ഉയർന്നു.

ഡാറ്റകള്‍ പ്രധാനമാകുന്ന വാരം

കഴിഞ്ഞ ആറാഴ്‌ചയ്‌ക്കുള്ളിലെ സ്ഥിരമായ നേട്ടങ്ങള്‍ക്ക് ശേഷം, വിപണിയിൽ ഒരു റേഞ്ചിനകത്തുള്ള വ്യാപാരവും കണ്‍സോളിഡേഷനും ഈ വാരത്തില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. യുഎസ് ഫെഡ് റിസര്‍വ് മീറ്റിംഗിന്‍റെ ഫലത്തിലും ഫെഡ് ചീഫ് ജെറോം പവൽ നടത്തുന്ന പ്രഖ്യാപനങ്ങളിലുമാണ് ആഗോള തലത്തില്‍ നിക്ഷേപകര്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നവംബറിലെ തൊഴിലില്ലായ്മ നിരക്ക്, യുഎസിന്റെയും ഇന്ത്യയുടെയും പ്രതിമാസ പണപ്പെരുപ്പ കണക്കുകൾ എന്നിവയും വിലയിരുത്തപ്പെടും.

ഫെഡ് റിസര്‍വ് യോഗം

ദ്വിദിന എഫ്ഒഎംസി മീറ്റിംഗിന്റെയും ഡിസംബർ 13-ന് ഫെഡ് ചെയർ ജെറോം പവലിന്‍റെ വാക്കുകളുടെയും പ്രതിഫലനങ്ങള്‍ക്ക് ആഗോള വിപണികള്‍ കാതോര്‍ക്കുകയാണ്, പ്രത്യേകിച്ചും പ്രതീക്ഷിച്ചതിലും മികച്ച തൊഴിൽ ഡാറ്റയുടെയും നവംബറിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതിന്‍റെയും പശ്ചാത്തലത്തില്‍ യുഎസ് കേന്ദ്ര ബാങ്കിന്‍റെ വീക്ഷണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടും.

മിക്ക വിദഗ്ധരും ഫെഡ് ഫണ്ടുകളുടെ നിരക്ക് 5.25-5.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം നിരക്ക് കുറയ്ക്കൽ സൈക്കിൾ ആരംഭിക്കുന്നതിനുള്ള സമയത്തെക്കുറിച്ച് എന്തെങ്കിലും സൂചനകൾ പവ്വലിന്‍റെ വാക്കുകളില്‍ ഉണ്ടാകുമോ എന്നതാണ് പ്രധാനം. പണപ്പെരുപ്പം ഇപ്പോഴും ഫെഡറേഷന്‍ ലക്ഷ്യംവെക്കുന്ന 2 ശതമാനത്തിന് ഏറെ മുകളിലാണെങ്കിലും സ്ഥിരമായി കുറയുന്ന പ്രവണത പ്രകടമാക്കുന്നു. 2024 ന്റെ ആദ്യ പാദത്തിന്റെ അവസാനമോ രണ്ടാം പാദത്തിന്റെ തുടക്കമോ നിരക്ക് കുറയ്ക്കൽ ആരംഭിക്കുമെന്നാണ് ചില വിദഗ്ധരുടെ പ്രതീക്ഷ.

ഫെഡ് റിസര്‍വിന്‍റെ ദീർഘകാല സാമ്പത്തിക വളർച്ചാ പ്രവചനങ്ങളും പലിശ നിരക്ക് പ്രവചനങ്ങളും 13ന് അറിയാനാകും. യുഎസ് ഡോളർ സൂചിക പോയവാരത്തില്‍ 103.27 ലെവലിൽ നിന്ന് 103.98 ആയി ഉയർന്നപ്പോൾ, 10 വർഷത്തെ യുഎസ് ട്രഷറി ആദായം 4.2 ശതമാനത്തിൽ നിന്ന് 4.23 ശതമാനമായി ഉയർന്നു.

വിലക്കയറ്റ കണക്കുകള്‍

ഇന്ത്യയിൽ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ കണക്കുകള്‍ ഡിസംബർ 12ന് പുറത്തിറങ്ങും. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒക്ടോബറിലെ 4.9 ശതമാനത്തിൽ നിന്ന് റീട്ടെയില്‍ പണപ്പെരുപ്പം നവംബറിൽ 5.5-6 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണ് ഇതിന് പ്രധാന കാരണം. മുഖ്യ പണപ്പെരുപ്പം ഏകദേശം 4.3 ശതമാനത്തിനടുത്ത് സ്ഥിരത പ്രകടമാക്കിയേക്കും.

"ഇത് ആത്യന്തികമായി അർത്ഥമാക്കുന്നത്, ആർ‌ബി‌ഐയുടെ 4 ശതമാനം എന്ന പണപ്പെരുപ്പ ലക്ഷ്യം കൈവരിക്കാൻ സമയമെടുക്കുമെന്നാണ്. റാബി വിതയ്ക്കൽ കുറയുന്നതും റിസർവോയർ ലെവൽ കുറയുന്നതും ആശങ്കകൾ ഉയർത്തുന്നു, ഇത് ഭക്ഷ്യധാന്യ വിലയിലെ വർധനവിനെ സൂചിപ്പിക്കുന്നു," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ റീട്ടെയില്‍ റിസര്‍ച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ആര്‍ബിഐ മൊത്തം സാമ്പത്തിക വര്‍ഷത്തേക്കുള്ള തങ്ങളുടെ പണപ്പെരുപ്പ നിഗമനം 5.4 ശതമാനമായി നിലനിർത്തി. ഭക്ഷണം, കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളാണ് നേരത്തേ പണപ്പെരുപ്പ നിഗമനം ഉയര്‍ത്തുന്നതിന് കേന്ദ്ര ബാങ്ക് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

കൂടാതെ, മൊത്തവില പണപ്പെരുപ്പം ഡിസംബർ 14 ന് പ്രഖ്യാപിക്കും.

ഡിസംബർ 12ന് പുറത്തുവിടുന്ന യുഎസ് പണപ്പെരുപ്പ സംഖ്യകളും വിപണിയിൽ പങ്കെടുക്കുന്നവർ നിരീക്ഷിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ, പണപ്പെരുപ്പവും മുഖ്യ പണപ്പെരുപ്പവും നവംബറിൽ യഥാക്രമം 3.2 ശതമാനവും 4 ശതമാനവുമായി സ്ഥിരത കൈവരിക്കും

മറ്റ് ഡാറ്റകള്‍

ഇന്ത്യയുടെ വ്യാവസായിക , മാനുഫാക്ചറിംഗ് ഉല്‍പ്പാദനം സംബന്ധിച്ച കണക്കുകള്‍ ഡിസംബര്‍ 12ന് പുറത്തുവരും . ഇത് ഒക്ടോബറിൽ നിന്നുള്ള വിപുലീകരണം പ്രകടമാക്കുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു. ഡിസംബർ 1 ന് അവസാനിച്ച രണ്ടാഴ്ചയിലെ ബാങ്ക് വായ്പ, നിക്ഷേപ വളർച്ച, ഡിസംബർ 8 ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ കരുതൽ ശേഖരം, നവംബറിലെ ട്രേഡ് ബാലൻസ് എന്നിവ സംബന്ധിച്ച കണക്കുകള്‍ ഡിസംബർ 15 ന് പുറത്തുവിടും.

ആഗോള തലത്തില്‍ യൂറോപ്യൻ സെൻട്രൽ ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഡിസംബർ 14 ന് പലിശ നിരക്ക് പ്രഖ്യാപിക്കും, അത് യഥാക്രമം 4.5 ശതമാനത്തിലും 5.25 ശതമാനത്തിലും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, യുഎസ്, യൂറോപ്പ്, ജപ്പാൻ, യുകെ എന്നിവയുൾപ്പെടെയുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകൾ ഡിസംബറിലെ മാനുഫാക്ചറിംഗ്, സർവീസ് പിഎംഐ ഡാറ്റകളും പുറത്തിറക്കും.

വിദേശ നിക്ഷേപങ്ങളുടെ ഗതി

ഡിസംബറിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായി തിരിച്ചെത്തി, നടപ്പു മാസത്തിൽ ഇതുവരെ 10,900 കോടി രൂപയുടെ അറ്റവാങ്ങല്‍ എഫ്‍ഐഐകള്‍ ഓഹരികളില്‍ നടത്തി. അതിനാൽ, കഴിഞ്ഞയാഴ്ച പുതിയ ഉയരം കൈവരിക്കാൻ വിപണിയെ സഹായിച്ച ഘടകങ്ങളിലൊന്നാണിത്. അനുകൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എഫ്‍ഐഐ വരവ് തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മറുവശത്ത്, ആഭ്യന്തര സ്ഥാപന നിക്ഷേപകരും വിപണിക്ക് നല്ല പിന്തുണ നൽകി, ക്യാഷ് മാർക്കറ്റ് വിഭാഗത്തിൽ 5,700 കോടി രൂപയുടെ അറ്റവാങ്ങല്‍ ഓഹരികളില്‍ അവര്‍ നടത്തി.

ക്രൂഡ് ഓയില്‍ വില

കുറഞ്ഞ എണ്ണ വില രാജ്യത്തിന്‍റെ സാമ്പത്തിക ആശങ്കകൾ കുറയ്ക്കുക മാത്രമല്ല, കുറഞ്ഞ ഇൻപുട്ട് ചെലവ് പല കമ്പനികളുടെയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ, ക്രൂഡ് ഓയില്‍ വിലയിടിവില്‍ നിന്ന് വിപണി വലിയ പിന്തുണ സ്വീകരിച്ചു.

എണ്ണവിലയുടെ അന്താരാഷ്‌ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ്, 3.85 ശതമാനം തിരുത്തി ബാരലിന് 75.84 ഡോളറിലെത്തി. സെപ്റ്റംബർ 25 ന് ബാരലിന് 96.55 ഡോളറായിരുന്നു, അതായത് ഇതുവരെ 21.5 ശതമാനം തിരുത്തൽ.