1 Feb 2024 3:39 PM IST
Summary
- അഞ്ച് സംയോജിത അക്വാപാർക്കുകൾ പ്രഖ്യാപിച്ചു
- ലക്ഷ്യം കയറ്റുമതി ഇരട്ടിയാക്കാൻ
- മത്സ്യമേഖലയുടെ വികസനത്തിന് 20,050 കോടി രൂപയുടെ നിക്ഷേപം
ഇടക്കാല ബജറ്റിന് ശേഷം കുതിച്ചുയർന്നിരിക്കുകയാണ് മത്സ്യ തീറ്റയുമായി ബന്ധപ്പെട്ട ഓഹരികൾ. ധനമന്ത്രി നിർമ്മല സീതാരാമൻ അഞ്ച് സംയോജിത അക്വാപാർക്കുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് മത്സ്യ തീറ്റ കമ്പനികളുടെ ഓഹരികൾ ഒൻപത് ശതമാനത്തിലധികം ഉയർന്നു.
സീൽ അക്വാ 9.95 ശതമാനം ഉയർന്ന് 12.38 രൂപയിലെത്തി. വാട്ടർബേസ് 10.16 ശതമാനം ഉയർന്ന് 91.93 രൂപയിലുമെത്തി. ബികെവി ഇൻഡസ്ട്രീസ്, അപെക്സ് ഫ്രോസൺ, അവന്തി ഫീഡ്‌സ് എന്നിവയുടെ ഓഹരികൾ യഥാക്രമം 5 ശതമാനം, 4.87 ശതമാനം, 4.15 ശതമാനം എന്നിങ്ങനെ ഉയർന്നു. ഈ കമ്പനികൾ കൃഷി, ചെമ്മീൻ എന്നിവയുടെ ഉൽപന്നങ്ങളുടെ നിർമ്മാണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളാണ്.
കേന്ദ്ര പദ്ധതിയായ മത്സ്യസമ്പത്ത് യോജന, മത്സ്യകൃഷി ഉൽപ്പാദനം ഇരട്ടിയാക്കാൻ കാരണമായെന്നും ഇടക്കാല ബജറ്റിൽ ധനമന്ത്രി കൂട്ടിച്ചേർത്തു. ഒരു ലക്ഷം കോടി രൂപയുടെ കയറ്റുമതി എന്ന ലക്ഷ്യത്തിലെത്താൻ പദ്ധതി സഹായിക്കുമെന്നും അവർ പറഞ്ഞു.
2022-ൽ അരുണാചൽ പ്രദേശിലെ ടാറിനിലാണ് സർക്കാർ ആദ്യത്തെ സംയോജിത അക്വാപാർക്കിന്റെ നിർമാണ പദ്ധതി പ്രഖ്യാപിച്ചത്. മത്സ്യബന്ധന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മത്സ്യകർഷകർക്കും അവയുടെ പങ്കാളികൾക്കുമുള്ള ഒരു വേദിയായാണ് അക്വാപാർക്ക് അവതരിപ്പിച്ചത്. അക്വാപാർക്കിനായി 43.59 കോടി രൂപയോളമാണ് സർക്കാർ നീക്കിവെച്ചത്.
കയറ്റുമതി ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ, ഹെക്ടറിന് 2 ടൺ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പരിഷ്കരിച്ചതിനാൽ ഈ വർഷം അക്വാകൾച്ചർ മികച്ച ശ്രദ്ധയാണ് നൽകുന്നത്. 5 പുതിയ അക്വാ പാർക്കുകൾ സ്ഥാപിക്കുന്നതോടെ 55 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പറയപ്പെടുന്നു.
മത്സ്യസമ്പത്ത് യോജന മത്സ്യമേഖലയുടെ മികച്ച വികസനമാണ് ലക്ഷ്യമിടുന്നത്. മത്സ്യമേഖലയുടെ വികസനത്തിന് 20,050 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
