24 Nov 2026 4:03 PM IST
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; ഈ മാസം നിക്ഷേപകര്‍ക്ക് നേട്ടം 34.61 ലക്ഷം കോടി രൂപ
MyFin Desk
Summary
വിപണിയിലെ മുന്നേറ്റത്തിന് പ്രധാന കരുത്തായത് വിദേശ നിക്ഷേപകരുടെ വന്‍ തിരിച്ചുവരവാണ്. നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപകരുടെ അറ്റനിക്ഷേപം 1.27 ലക്ഷം കോടിയിലെത്തി
വിദേശ നിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവ്, ക്രൂഡ് ഓയില്‍ വിലയിലെ കുറവ്, പ്രതീക്ഷിച്ചതിലും മികച്ച രണ്ടാം പാദ കമ്പനിവരുമാനം എന്നിവ ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തേകി. നവംബറില്‍ ഇതുവരെ ബിഎസ്ഇ സെന്‍സെക്സ് 10.71 ശതമാനം ഉയര്‍ന്നതോടെ നിക്ഷേപകരുടെ സമ്പത്തില്‍ 34.61 ലക്ഷം കോടിരൂപയുടെ വര്‍ധന. നവംബര്‍ 23 വരെയുള്ള കണക്കനുസരിച്ച് സെന്‍സെക്സ് 7,976.46 പോയിന്റാണ് ഉയര്‍ന്നത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം 508.98 ലക്ഷം രൂപ ഉയര്‍ന്നു.
വിപണിയിലെ മുന്നേറ്റത്തിന് പ്രധാന കരുത്തായത് വിദേശ നിക്ഷേപകരുടെ വന്‍ തിരിച്ചുവരവാണ്. നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപകരുടെ അറ്റനിക്ഷേപം 1.27 ലക്ഷം കോടിയിലെത്തി. ഇതോടെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമെന്ന റെക്കോഡും സ്വന്തമാക്കി. സെപ്റ്റംബറില്‍ 35,861 കോടിയും ഒക്ടോബറില്‍ 34,843 കോടിയും പിന്‍വലിച്ച വിദേശ നിക്ഷേപകര്‍ നവംബറില്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് വന്‍തോതില്‍ തിരിച്ചെത്തുകയായിരുന്നു.
ഇന്ത്യന്‍ വിപണിയിലെ അനുകൂല ഘടകങ്ങള്‍ നിക്ഷേപകവികാരം ശക്തിപ്പെടുത്തിയതായി ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ പറഞ്ഞു. വിദേശ നിക്ഷേപകരുടെ നിലപാടിലെ മാറ്റം, രൂപയുടെ മൂല്യത്തിലെ മുന്നേറ്റം, പ്രതീക്ഷിച്ചതിലും മികച്ച കമ്പനിവരുമാന വളര്‍ച്ച എന്നിവ വിപണിക്ക് പിന്തുണയേകി. ഈ മാസം ഇതുവരെ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വലിയ വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം വിലയിരുത്തി.
ഒക്ടോബര്‍ ഒന്നിന് ഒരു വര്‍ഷത്തെ താഴ്ന്ന നിലയായ 71,292.88 പോയിന്റിലെത്തിയ സെന്‍സെക്സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ ആഴ്ച സെന്‍സെക്സ് 2.85 ശതമാനവും നിഫ്റ്റി 2.61 ശതമാനവും ഉയര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായ നാലാഴ്ചത്തെ മുന്നേറ്റത്തിന് പിന്നാലെ തിങ്കളാഴ്ച ലാഭമെടുപ്പ് ശക്തമായതോടെ സെന്‍സെക്സ് 1,483.72 പോയിന്റ് (1.77%) ഇടിഞ്ഞ് 82,435.99-ലും നിഫ്റ്റി 450.95 പോയിന്റ് (1.75%) താഴ്ന്ന് 25,349.65-ലും ക്ലോസ് ചെയ്തു. ആഗോളതലത്തില്‍ എഐ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദവും വിപണിയെ ബാധിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
