12 Dec 2023 3:41 PM IST
നിക്ഷേപകര്‍ ജാഗ്രതയിലും ലാഭമെടുപ്പിലും; സൂചികകള്‍ക്ക് ചുവപ്പില്‍ ക്ലോസിംഗ്
MyFin Desk
Summary
- ഇന്ന് വൈകിട്ട് 5.30ഓടെ സിപിഐ വിലക്കയറ്റ കണക്ക് പുറത്തുവരും
- ഫെഡ്റിസര്‍വ് ധനനയ പ്രഖ്യാപനത്തിനു മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രതയില്‍
- മികച്ച നേട്ടവുമായി അള്‍ട്രാടെക് സിമന്‍റ്
റെക്കോഡുകള്‍ തകര്‍ത്ത റാലിക്കു ശേഷം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതോടെ ഇന്ന് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവിലേക്ക് നീങ്ങി. നവംബറിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6 ശതമാനത്തിന് അടുത്തേക്ക് ഉയരുമെന്ന റിപ്പോര്‍ട്ടുകളും യുഎസ് ഫെഡ്റിസര്‍വ് ധനനയ പ്രഖ്യാപനത്തിനു മുന്നോടിയായുള്ള നിക്ഷേപകരുടെ ജാഗ്രതയും വിപണി മനോഭാവത്തെ നെഗറ്റിവായി സ്വാധീനിച്ചു. ഇന്ന് വൈകിട്ട് 5.30ഓടെ സിപിഐ വിലക്കയറ്റ കണക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടും.
നിഫ്റ്റി-50 90.7 പോയിന്‍റ് അഥവാ 0.43 ശതമാനം ഇടിഞ്ഞ് 20,906.40ലും സെൻസെക്സ് 377.5 പോയിന്‍റ് അഥവാ 0.54 ശതമാനം നഷ്ടത്തിൽ 69,551.03ലും ക്ലോസ് ചെയ്തു.
ആഗോള വിപണികളിലെ ആശാവഹമായ പ്രവണത, തുടർച്ചയായ വിദേശ ഫണ്ട് വരവ്, അനുകൂലമായ മാക്രോ ഇക്കണോമിക് ഡാറ്റ എന്നിവയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ചത്തെ തുടക്ക വ്യാപാരത്തിൽ റാലി നിലനിർത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇടിവിലേക്ക് നീങ്ങിയ സൂചികകള്‍ ചുവപ്പില്‍ തന്നെ തുടര്‍ന്നു.
അൾട്രാടെക് സിമന്റ്, ആക്സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ബജാജ് ഫിനാൻസ് തുടങ്ങിയവയാണ് ഇന്ന് വലിയ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. മാരുതി സുസുക്കി ഇന്ത്യ, സൺ ഫാർമ, ടൈറ്റൻ കമ്പനി ഓഹരി വില, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്‌ഇ ബെഞ്ച്മാർക്ക് തിങ്കളാഴ്ച ആദ്യമായി 70,000 ലെവൽ പിന്നിട്ടു, ഇൻട്രാ-ഡേയിലെ റെക്കോർഡ് 70,057.83 ലെത്തി. 102.93 പോയിന്റ് അഥവാ 0.15 ശതമാനം നേട്ടം രേഖപ്പെടുത്തി 69,928.53ൽ വ്യാപാരം അവസാനിച്ചു. നിഫ്റ്റി 27.70 പോയിൻറ് അഥവാ 0.13 ശതമാനം ഉയർന്ന് 21,000 ലെവലിന് തൊട്ടുതാഴെയായി 20,997.10 ൽ എത്തി,
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസ്‌റ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്ച 1,261.13 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു
പഠിക്കാം & സമ്പാദിക്കാം
Home
