image

11 Sept 2023 7:57 AM IST

Stock Market Updates

ഡാറ്റകള്‍ക്ക് മുമ്പായി നിക്ഷേപകര്‍ ജാഗ്രതയില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

pre-market analysis in malayalam |  stock market analysis
X

Summary

  • ഗിഫ്റ്റ് നിഫ്റ്റി ഇടിവോടെ തുടങ്ങി
  • രത്നവീര്‍ പ്രസിഷന്‍ എന്‍ജിനീയറിംഗ് ഇന്ന് അരങ്ങേറും


നഷ്ടക്കണക്കുകളുടെ ഓഗസ്റ്റിന് ശേഷം ഈ മാസത്തില്‍ ഇതുവരെ മികച്ച പ്രകടനമാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നടത്തിയിട്ടുള്ളത്. തുടര്‍ച്ചയായ ആറാം ദിവസത്തെ നേട്ടവുമായാണ് വെള്ളിയാഴ്ച വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 333 പോയിന്റ് ഉയർന്ന് 66,599ലും നിഫ്റ്റി 93 പോയിന്റ് ഉയർന്ന് 19,820ലും എത്തി.

കഴിഞ്ഞയാഴ്ച റാലിക്കിടയിലും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായിരുന്നു. യുഎസ് ബോണ്ടുകളിലെ നേട്ടം ഉയര്‍ന്നതും ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് ഇതിന് പ്രധാന കാരണം. ഇതിനൊപ്പം ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് എത്തുകയും ചെയ്തു. ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്ക കനപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ആഗോള തലത്തില്‍ നിക്ഷേപകരെ സ്വാധീനിക്കുന്നത് തുടരുകയാണ്.

ഇന്ത്യയിലും പണപ്പെരുപ്പവും പലിശ നിരക്കും ഈയാഴ്ച നിക്ഷേപകരെ സ്വാധീനിക്കും. ഓഗസ്റ്റിലെ റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച കണക്ക് നാളെ പുറത്തുവരും. ജൂലൈയിലെ വ്യാവസായിക ഉല്‍പ്പാദന ഡാറ്റയും നാളെ അറിയാനാകും. യുഎസിന്‍റെ പണപ്പെരുപ്പ കണക്കുകളും ഈയാഴ്ച അറിയാം. ഈ മാസം അവസാനത്തോടെ ഫെഡ് റിസര്‍വ് ധനനയ സമിതി യോഗം നടക്കുന്നതിനാല്‍ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തില്‍ ഈ കണക്ക് നിര്‍ണായകമാകും.

ചൈനയുടെ വ്യാവസായികോല്‍പ്പാദനം, റീട്ടെയില്‍ വില്‍പ്പന എന്നിവ സംബന്ധിച്ച കണക്കും ഈയാഴ്ച വരുന്നുണ്ട്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,751-ലും തുടർന്ന് 19,718-ലും 19,665-ലും സപ്പോര്‍ട്ട് നേടുമെന്നാണ്. ഉയര്‍ച്ചയുടെ സാഹചര്യത്തില്‍, 19,858 പ്രധാന റെസിസ്റ്റന്‍സായി മാറും, തുടർന്ന് 19,891 ഉം 19,945 ഉം.

ആഗോള വിപണികള്‍ ഇടിവില്‍

മിക്ക ഏഷ്യന്‍ വിപണികളിലും ഇന്ന് ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ഹോംഗ്കോംഗ്, ടോക്കിയോ, തായ്വാന്‍ തുടങ്ങിയ വിപണികളെല്ലാം ഇടിവിലാണ്. അതേസമയം ഷാങ്ഹായ് വിപണി നേട്ടത്തിലാണ്. ആഗോള തലത്തിലെ പ്രധാന ഡാറ്റകള്‍ക്കായി കാത്തിരിക്കുന്ന നിക്ഷേപകര്‍ ജാഗ്രതാപൂര്‍ണമായ സമീപനമാണ് സ്വീകരിക്കുന്നത്.

വെള്ളിയാഴ്ച യുഎസ് വിപണികള്‍ നേട്ടത്തിലായിരുന്നു. എസ്&പി500 0.14 ശതമാനം ഉയർന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.22 ശതമാനത്തിന്‍റെയും നാസ്ഡാക്ക് കോമ്പോസിറ്റ് 0.09 ശതമാനത്തിന്‍റെയും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഇതിന് സമാനമായി യൂറോപ്യന്‍ വിപണികളും നേരിയ നേട്ടത്തിലായിരുന്നു.

ഇന്ന് 10 പോയിന്‍റിന്‍റെ നഷ്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റിയില്‍ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെയും തുടക്കം ഇടിവോടെയാകും എന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

റിഷഭ് ഇൻസ്ട്രുമെന്റ്സ്: ടെസ്റ്റ് ആൻഡ് മെഷറിംഗ് ഇൻസ്ട്രുമെന്‍റുകള്‍ നിര്‍മിക്കുന്ന കമ്പനി ഇന്ന് ബിഎസ്ഇയിലും എൻഎസ്ഇയിലും അരങ്ങേറ്റം കുറിക്കും. അവസാന ഇഷ്യൂ വില ഒരു ഷെയറിന് 441 രൂപയായി നിശ്ചയിച്ചു.

രത്‌നവീർ പ്രിസിഷൻ എന്‍ജിനീയറിംഗ്: സ്റ്റെയിൻലെസ് സ്റ്റീൽ അധിഷ്ഠിത ഉൽപ്പന്ന നിർമ്മാതാവ് ഇന്ന് വിപണിയിൽ അരങ്ങേറ്റം കുറിക്കും. അന്തിമ ഇഷ്യൂ വില ഒരു ഷെയറിന് 98 രൂപയായി നിശ്ചയിച്ചു. നേരത്തേ സെപ്റ്റംബര്‍ 14 ആയിരുന്നു ലിസ്റ്റിംഗ് തീയതിയായി നിശ്ചയിച്ചിരുന്നത്.

വക്രംഗീ: വോർടെക്‌സ് എഞ്ചിനീയറിംഗിൽ 48.5 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതിനായി ഈ ടെക്‌നോളജി കമ്പനി സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ ആവിസ്‌കാർ ക്യാപിറ്റലുമായി ബൈൻഡിംഗ് ടേം ഷീറ്റിൽ ഒപ്പുവച്ചു. ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളുടെ മുൻനിര ദാതാക്കളിൽ ഒന്നാണ് വോർടെക്‌സ്.

അദാനി എന്റർപ്രൈസസ്: കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയില്‍ സിംഗപ്പൂരിലുള്ള ഉപസ്ഥാപനമായ അദാനി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സിംഗപ്പൂരിലുള്ള കോവ ഹോൾഡിംഗ്സ് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡുമായി സംയുക്ത സംരംഭ കരാർ ഒപ്പിട്ടു.

എസ്‌ജെവിഎൻ: ഉപകമ്പനിയായ എസ്‌ജെവിഎൻ ഗ്രീൻ എനർജി 18 മെഗാവാട്ടിന്‍റെ സൗരോര്‍ജ്ജ പദ്ധതിക്കായി ഭക്രാ ബിയാസ് മാനേജ്‌മെന്റ് ബോർഡുമായി പവർ പർച്ചേസ് കരാറിൽ ഒപ്പുവച്ചു. ഹിമാചൽ പ്രദേശിലെയും പഞ്ചാബിലെയും ബിബിഎംബിയുടെ ആസ്തികളിലാണ് പദ്ധതി വികസിപ്പിക്കുക.

ക്രൂഡ് ഓയിലും സ്വര്‍ണവും

സൗദി അറേബ്യയും റഷ്യയും വിതരണം വെട്ടിക്കുറച്ചതിനെത്തുടർന്ന് യുഎസ് ഡീസൽ ഫ്യൂച്ചറുകളുടെ വർദ്ധനവും എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകളും കാരണം വെള്ളിയാഴ്ച എണ്ണ വില ഏകദേശം 1 ശതമാനം ഉയർന്ന് ഒമ്പത് മാസത്തെ ഉയർന്ന നിലയിലെത്തി. ബ്രെന്റ് ഫ്യൂച്ചറുകൾ 73 സെൻറ് അഥവാ 0.8 ശതമാനം ഉയർന്ന് ബാരലിന് 90.65 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 64 സെൻറ് അഥവാ 0.7 ശതമാനം ഉയർന്ന് 87.51 ഡോളറിലെത്തി.

ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർദ്ധന പദ്ധതി സംബന്ധിച്ച് വ്യക്തതയ്ക്കായി നിക്ഷേപകര്‍ കാത്തിരിന്നതോടെ ഡോളറിനുണ്ടായ നേരിയ ഇടിവില്‍ വെള്ളിയാഴ്ച സ്വർണ്ണം ഉയർന്നു. സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,920.49 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 1,942.70 ഡോളറിലെത്തി.

വിദേശ ഫണ്ടുകളുടെ വരവ്

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 224.22 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,150.15 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 719.15 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് വെള്ളിയാഴ്ച ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 407.73 കോടി രൂപയുടെ അറ്റ വാങ്ങലും എഫ്‍പിഐകള്‍ നടത്തി.