image

27 Feb 2024 4:37 PM IST

Stock Market Updates

ഊർജ്ജം വീണ്ടെടുത്ത് വിപണി; കുതിച്ചത് ഹെവിവെയ്‌റ്റ്സ്

MyFin Desk

ഊർജ്ജം വീണ്ടെടുത്ത് വിപണി; കുതിച്ചത് ഹെവിവെയ്‌റ്റ്സ്
X

Summary

  • രണ്ടാം നാളും 22000 വിടാതെ നിഫ്റ്റി
  • ഏഷ്യൻ, യൂറോപ്യൻ വിപണികളും നേട്ടത്തിൽ
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 82.89 ലെത്തി


രണ്ട് ദിവസത്തെ തകർച്ചയ്ക്ക് ശേഷം ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. രണ്ടാം ദിവസവും നിഫ്റ്റി 22000 ത്തിനു മുകളിൽ തന്നെ തുടരുന്നു. വ്യാപാരവസാനം സെൻസെക്സ് 305.09 പോയൻ്റ് അഥവാ 0.42 ശതമാനം ഉയർന്ന് 73,095.22ലും നിഫ്റ്റി 76.30 പോയൻ്റ് അഥവാ 0.34 ശതമാനം ഉയർന്ന് 22,198.30ലുമാണ് ക്ലോസ് ചെയ്തത്. വിപണിയിൽ 1340 ഓഹരികൾ കുതിച്ചു, 1968 ഓഹരികൾ ഇടിഞ്ഞു, 72 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ടാറ്റ മോട്ടോഴ്‌സ് (2.96%), ടിസിഎസ് (2.62%), ഇൻഡസ്ഇൻഡ് ബാങ്ക് (1.94%), പവർ ഗ്രിഡ് കോർപ് (1.69%), സൺ ഫാർമ (1.61%) എന്നിവ നേട്ടത്തിലും ഹീറോ മോട്ടോകോർപ്പ് (-1.22%), ബജാജ് ഫിനാൻസ് (-1.18%), എസ്ബിഐ (-1.08%), ദിവിസ് ലാബ്‌സ് (-0.95%), യുപിഎൽ (-0.90%) എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചികയിൽ ഓട്ടോ, ഐടി, ഫാർമ, റിയൽറ്റി, മെറ്റൽ എന്നിവ ഉയർന്നപ്പോൾ പിഎസ്ഇ, എനർജി, ഫിനാൻഷ്യൽ സർവീസസ് എന്നിവ താഴ്ന്നു.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നേരിയ ഇടിവോടെ ക്ലോസ് ചെയ്തു.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. സിയോൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികൾ പച്ചയിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നേരിയ ഇടിവിലാണ് ക്ലോസ് ചെയ്തത്.

“ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയും ക്രൂഡ് ഓയിൽ വിലയിടിവും വിപണിയെ നേട്ടത്തിലോട്ട് നയിച്ചുവെന്ന്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.

തിങ്കളാഴ്ച സെൻസെക്സ് 352.67 പോയിൻ്റ് അഥവാ 0.48 ശതമാനം ഇടിഞ്ഞ് 72,790.13 പോയിന്റിലും നിഫ്റ്റി 90.65 പോയിൻ്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 22,122.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 285.15 കോടി രൂപയുടെ ഓഹരികൾ വിറ്റതിനാൽ അറ്റ വില്പനക്കാരായി.

സ്വർണം ട്രോയ് ഔൺസിന് 0.31 ശതമാനം ഉയർന്ന് 2045.30 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് 0.09 ശതമാനം താഴ്ന്ന് 81.56 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 82.89 എന്ന നിലയിലെത്തി.