image

25 Aug 2023 1:58 PM IST

Stock Market Updates

ജയിലര്‍ ഇംപാക്റ്റ്; 52 ആഴ്ചയിലെ ഉയരത്തിലേക്ക് കയറി സണ്‍ ടിവി ഓഹരി

MyFin Desk

jailer impact | sun tv network share price
X

കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച രജനികാന്ത് ചിത്രം ജയിലര്‍ ഓഹരി വിപണിയിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ന് വ്യാപാരത്തിനിടെ സൺ ടിവി നെറ്റ്‌വർക്കിന്റെ ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 615.85 രൂപയിലെത്തി. പിന്നീട് നേട്ടം പരിമിതപ്പെട്ടെങ്കിലും ഉച്ചയ്ക്ക് 1 .48 നുള്ള കണക്കു പ്രകാരം 4.5 ശതമാനം നേട്ടത്തോടെ 608.75 രൂപയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്.

48 ലക്ഷം സണ്‍ ടിവി ഓഹരികളാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത് എങ്കില്‍ ഇന്ന് ഉച്ചയ്ക്കകം ഇന്ന് 68 ലക്ഷം ഓഹരികൾ കൈമാറ്റം ചെയ്യപ്പെട്ടു. ഈ രണ്ട് ദിവസങ്ങളിലെയും വ്യാപാര അളവ് പ്രതിമാസ ശരാശരിയായ 17 ലക്ഷത്തേക്കാൾ കൂടുതലാണ്. ജയിലറിന്‍റെ വമ്പന്‍ തരംഗം ഓഹരി വിപണിയിലേക്കും പടര്‍ന്നുകയറി എന്ന് വ്യക്തമാക്കുന്നതാണ് ഇത്. സണ്‍ ടിവി നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലുള്ള സണ്‍ പിക്ചേര്‍സാണ് ജയിലര്‍ നിര്‍മിച്ചത്.

അനലിസ്റ്റുകൾ ഓഹരിയുടെ വാങ്ങൽ റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യദിനത്തില്‍ തന്നെ 52 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടി 2023-ൽ തമിഴ് സിനിമാ ലോകത്തെ ഏറ്റവും വലിയ ഓപ്പണിംഗാണ് ജയിലര്‍ സ്വന്തം പേരില്‍ കുറിച്ചത്. ഓഗസ്റ്റ് 11-നും 15-നും ഇടയിൽ ചിത്രത്തിന്റെ പന്ത്രണ്ട് ലക്ഷം ടിക്കറ്റുകൾ തങ്ങളുടെ പ്ലാറ്റ്‍ഫോമിലൂടെ വിറ്റുപോയതായി ബുക്ക്‌മൈഷോ സിനിമാസിന്റെ സിഒഒ ആശിഷ് സക്‌സേന പറഞ്ഞു.

ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 10 ശതമാനം വർധിച്ച് 1349.22 കോടി രൂപയായി, അറ്റാദായം ഏകദേശം 20 ശതമാനം ഉയർന്ന് 591.93 കോടി രൂപയായി. ഓഗസ്റ്റ് 11 ന് കമ്പനി ഒരു ഇക്വിറ്റി ഷെയറിന് 6.25 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.