21 Aug 2023 10:23 AM IST
ജിയോ ഫിന്‍ ഓഹരി ലിസ്റ്റ് ചെയ്തു; ബിഎസ്ഇയില്‍ 265, എന്‍എസ്ഇയില്‍ 262 രൂപ
MyFin Desk
Summary
- അടുത്ത പത്ത് സെഷനുകളില്‍ ജിയോ ഫിന്‍ ഓഹരി ട്രേഡ്-ടു-ട്രേഡ് സെഗ്മെന്റിലായിരിക്കും
- ലിസ്റ്റിംഗ് സമയത്ത് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യമായി കണക്കാക്കിയത് 1,66,000 കോടി രൂപയായിരുന്നു
വിപണി മൂല്യം കൊണ്ട് ഇന്ത്യയിലെ 33-ാമത്തെ വലിയ കമ്പനിയും, മൂന്നാമത്തെ വലിയ എന്‍ബിഎഫ്‌സിയുമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് (ഓഗസ്റ്റ് 21) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു.
ബിഎസ്ഇയില്‍ 265 രൂപയിലും എന്‍എസ്ഇയില്‍ 262 രൂപയിലുമാണ് ഓഹരി ലിസ്റ്റ് ചെയ്തത്.
ലിസ്റ്റിംഗിനു ശേഷം എന്‍ എസ് ഇയില്‍ ഓഹരി അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടില്‍ എത്തി. ജിയോ ഓഹരിയുടെ വിലയേക്കാള്‍ 12 .95 രൂപ കുറഞ്ഞ് 248 .90 രൂപയില്‍ തുടരുകയാണ്.
ഇപ്പോള്‍ ഈ ഓഹരിയില്‍ അനുവദനീയമായ പരമാവധി വില വ്യതിയാനം അഞ്ച് ശതമാനമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ വിഭജിച്ചത് 2023 ജുലൈ 20-നാണ്. 2023 ജുലൈ 20ന് മുമ്പ് റിലയന്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കിയവര്‍ക്ക് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ലഭിച്ചിരുന്നു. റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരിയാണ് നല്‍കിയത്.
ഓഹരിയൊന്നിന് 261.85 രൂപ എന്ന കണക്കില്‍ ഓഹരി ഉടമകളുടെ അക്കൗണ്ടില്‍ ക്രെഡിറ്റായിരുന്നു.
ലിസ്റ്റിംഗ് ഓഗസ്റ്റ് 21 ന് നടന്നെങ്കിലും അടുത്ത പത്ത് സെഷനുകളില്‍ ജിയോ ഫിന്‍ ഓഹരി ട്രേഡ്-ടു-ട്രേഡ് സെഗ്മെന്റിലായിരിക്കും.
ലിസ്റ്റ് ചെയ്യുന്ന സമയത്ത് ഓഹരിയില്‍ നേരിടുന്ന ചാഞ്ചാട്ടം പരിമിതപ്പെടുത്തുന്നതിന് ഓഹരി വിപണി ഏര്‍പ്പെടുത്തുന്ന സംവിധാനമാണ് ട്രേഡ്-ടു-ട്രേഡ്.
ലിസ്റ്റിംഗ് സമയത്ത് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിപണി മൂല്യമായി കണക്കാക്കിയത് 1,66,000 കോടി രൂപയായിരുന്നു.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രധാനമായി എന്‍ബിഎഫ്സി മാര്‍ക്കറ്റ്, ക്രെഡിറ്റ് മാര്‍ക്കറ്റ് സെഗ്മെന്റുകളിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ പേയ്മെന്റ്, അസറ്റ് മാനേജ്മെന്റ് വെര്‍ട്ടിക്കലുകള്‍ എന്നിവയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള പദ്ധതികളുമുണ്ട്.
ഓഗസ്റ്റ് 28ന് നടക്കുന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലിസ്റ്റിംഗ് തീയതി പ്രഖ്യാപിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. പക്ഷേ, പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ ഓഹരി ലിസ്റ്റ് ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
