image

8 April 2024 12:48 PM GMT

Stock Market Updates

കേരള കമ്പനികൾ ഇന്ന് ; കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ അമരത്ത് തന്നെ

Ahammed Rameez Y

കേരള കമ്പനികൾ ഇന്ന് ; കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ അമരത്ത് തന്നെ
X

Summary

  • ജിയോജിത് ഓഹരികൾ 6.25 ശതമാനം ഉയർന്നു
  • വണ്ടർലാ ഓഹരികളും എക്കാലത്തെ ഉയർന്ന വിലയിൽ
  • ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.77 ശതമാനം ഇടിഞ്ഞു


ഏപ്രിൽ ഏട്ടിലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. അമേരിക്കൻ യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായുള്ള പുതിയ കരാറിൽ കൊച്ചിൻ ഷിപ്പ് യാർഡും യുഎസ് നാവിക സേനയും ഒപ്പു വെച്ചതിനെ തുടർന്ന് ഓഹരികൾ സർവ്വ കാല ഉയരം തൊട്ടു. വ്യാപാരമധ്യേ ഓഹരികൾ സർവകാല ഉയരമായ 1170.90 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.55 ശതമാനം ഉയർന്ന ഓഹരികൾ 1141.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 234.48 രൂപയാണ്. കഴിഞ്ഞ വർഷം 154 ശതമാനം ഉയർന്ന ഓഹരികൾ നടപ്പ് വർഷാദ്യം മുതൽ ഇതുവരെ 71 ശതമാനം നേട്ടമാണ് നൽകിയത്. ഏകദേശം 94.08 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 28,430 കോടി രൂപയിലെത്തി. കമ്പനിയിലെ 72.86 ശതമാനം ഓഹരി പങ്കാളിത്തവും കേന്ദ്ര സർക്കാരിന്റെ കൈവശമാണ്. നാല് ശതമാനം ഓഹരികൾ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പക്കലുണ്ട്.

വണ്ടർലാ ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വിലയിലെത്തി. ഇടവ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ 1105.90 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.71 ശതമാനം ഉയർന്ന ഓഹരികൾ 1080.05 രൂപയിൽ വ്യാപാരം നിർത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 6.25 ശതമാനം നേട്ടത്തോടെ 83.25 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഓഹരികൾ 6.12 ശതമാനം വർധനവോടെ 487.70 രൂപയിലെത്തി. പോപ്പുലർ ഓഹരികൾ 1.65 ശതമാനം ഉയർന്നു. മുത്തൂറ്റ് മൈക്രോഫിൻ, മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ യഥാക്രമം 1.52 ശതമാനവും 1.51 ശതമാനവും ഉയർന്നു. നേരിയ നേട്ടത്തോടെ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികളും ക്ലോസ് ചെയ്തു.


ബാങ്കിങ് ഓഹരികളിൽ ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.10 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.42 ശതമാനവും സിഎസ്ബി ബാങ്ക് 0.50 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.12 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 3.06 ശതമാനവും ഇടിഞ്ഞു.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.77 ശതമാനം ഇടിഞ്ഞ് 686.70 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 0.51 ശതമാനം താഴ്ന്ന് 206.45 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 1.38 ശതമാനം നഷ്ടം നൽകി 171.35 രൂപയിലെത്തി.