11 April 2026 11:16 AM IST
Summary
ആദ്യ ബോണസ് ഇഷ്യൂ പ്രഖ്യാപിക്കാൻ ഒരുങ്ങി എൽഐസി .കൈവശമുള്ള ഓരോ ഓഹരികൾക്കും എത്ര ബോണസ് ഓഹരികൾ ലഭിക്കും?
എൽഐസി ആദ്യ ബോണസ് ഇഷ്യൂ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ. ഏപ്രിൽ 13 ന് ബോർഡ് യോഗം ചേരും. ബോണസ് ഇഷ്യൂ പരിഗണിക്കുമെന്ന പ്രഖ്യാപനം വന്നതോടെ എൽഐസി ഓഹരി വില എട്ടു ശതമാനത്തിലധികം കുതിച്ചുയർന്നിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം വിപണിയിലുണ്ടായ ഉണർവിനു ശേഷമായിരുന്നു എൽഐസി ഓഹരികളിലെ റാലി. വെള്ളിയാഴ്ച 799 .65 രൂപയിലായിരുന്നു ക്ലോസിങ്.
എൽഐസി ബോർഡ് തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചാൽ ഒരു പൊതുമേഖലാ കമ്പനി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോണസ് ഇഷ്യു ആയിരിക്കും ഇത്. 2022 മെയ് മാസത്തിൽ ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം എൽഐസി ഇതുവരെ അഞ്ച് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബോണസ് ഇഷ്യൂ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത് ആദ്യമായാണ്. ഒരു കമ്പനി അതിന്റെ കരുതൽ ധനത്തിൽ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്ന ഓഹരികളാണ് ബോണസ് ഇഷ്യുവിൽ ഉൾപ്പെടുന്നത്. പലപ്പോഴും ശക്തമായ സാമ്പത്തിക അടിത്തറയുടെ അടയാളം കൂടെയാണ് ബോണസ് ഓഹരികൾ.
ഓഹരി കൈവശം വെച്ചിരിക്കുന്നത് 21 ലക്ഷം റീട്ടെയ്ൽ നിക്ഷേപകർ
നിശ്ചിത റെക്കോർഡ് തീയതിയിൽ ഡീമാറ്റ് അക്കൗണ്ടിൽ എൽഐസി ഓഹരികൾ കൈവശം വച്ചിരിക്കുന്ന ഓഹരി ഉടമകൾക്ക് മാത്രമേ ബോണസ് ഇഷ്യൂവിന് യോഗ്യതയുണ്ടായിരിക്കുകയുള്ളൂ. കമ്പനിയുടെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനും നിക്ഷേപകർക്ക് കൂടുതൽ ഓഹരികൾ ലഭ്യമാകുന്നതിനും ബോണസ് ഇഷ്യു സഹായകരമാകും. ഇപ്പോൾ 21 ലക്ഷത്തിലധികം റീട്ടെയിൽ നിക്ഷേപകരുടെ കൈവശം എൽഐസി ഓഹരികളുണ്ട്. ഈ ഓഹരികളുടെ എണ്ണം വർദ്ധിക്കും. ബോണസ് ഇഷ്യുവിന്റെ അനുപാതം ബോർഡ് ഏപ്രിൽ 13-ന് തീരുമാനിക്കും എന്നാണ് സൂചന. ഇതിന് ശേഷമാണ് കൈവശമുള്ള ഓരോ ഓഹരികൾക്കും എത്ര ബോണസ് ഓഹരികൾ ലഭിക്കും എന്ന് അറിയാനാകുക.
പഠിക്കാം & സമ്പാദിക്കാം
Home
