image

18 April 2024 7:34 AM GMT

Stock Market Updates

അദാനി ഓഹരികളിൽ കോളടിച്ച് എൽഐസി; ലഭിച്ചത് 70% റിട്ടേൺ

MyFin Desk

അദാനി ഓഹരികളിൽ കോളടിച്ച് എൽഐസി; ലഭിച്ചത് 70% റിട്ടേൺ
X

Summary

  • അദാനി ഗ്രീൻ, അദാനി പോർട്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയവ
  • ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളിൽ എൽഐസി നടത്തിയ നിക്ഷേപത്തിൻ്റെ മൂല്യം 77,881 കോടി രൂപയാണ്
  • അദാനി ഗ്രൂപ്പ് കമ്പനികളിലെ ചില ഓഹരികളിൽ എൽഐസി ഓഹരി പങ്കാളിത്തം വെട്ടികുറച്ചത് ശ്രദ്ധേയമാണ്


ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപത്തിൽ നിന്നും 70 ശതമാനം നേട്ടമുണ്ടാക്കി. അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് എൽഐസിക്ക് നിക്ഷേപമുള്ളത്. 2023 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ എൽഐസിയുടെ നിക്ഷേപം 36,089 കോടി രൂപയായിരുന്നു. നിലവിലിത് 61,657 കോടി രൂപയായി ഉയർന്നു.

എൽഐസിക്ക് നിക്ഷേപമുള്ള വിവിധ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽ നിന്നും അദാനി ഗ്രീൻ, അദാനി പോർട്സ് എന്നിവയാണ് 2024 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയവ. ഈ കാലയളവിൽ അദാനി ഗ്രീൻ 114 ശതമാനമാണ് കുതിച്ചുയർന്നത്. 2023 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ എൽഐസിയുടെ കമ്പനിയിലെ നിക്ഷേപം 1,892 കോടി രൂപയായിരുന്നു. നിലവിൽ ഇത് 4,045 കോടി രൂപയായി ഉയർന്നു.

അദാനി പോർട്സിലെ എൽഐസിയുടെ നിക്ഷേപം ഉയർന്നത് 113 ശതമാനമാണ്. 2023 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ 10,727 കോടി രൂപയുടെ നിക്ഷേപമാണ് എൽഐസിക്ക് കമ്പനിയിലുണ്ടായിരുന്നത്. നിലവിൽ ഇത് 22,819 കോടി രൂപയിലെത്തി.

ഈ കാലയളവിൽ അദാനി എൻ്റർപ്രൈസസ് 83 ശതമാനം ഉയർന്നപ്പോൾ അംബുജ സിമൻ്റ് 67 ശതമാനം റിട്ടേൺ നൽകി. അദാനി ഗ്രൂപ്പ് സിമൻ്റ് കമ്പനിയായ എസിസി നൽകിയത് 48 ശതമാനം നേട്ടമാണ്. എൽഐസിയുടെ നിക്ഷേപങ്ങളിൽ ഏറ്റവും കുറഞ്ഞ റിട്ടേൺ നൽകിയത് അദാനി ടോട്ടൽ (9%), അദാനി എനർജി (8%) എന്നീകമ്പനികളിലാണ്.

കഴിഞ്ഞ വർഷം ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിൻ്റെ ഓഹരി വിലയിലുണ്ടായ കുത്തനെയുള്ള ഇടിവ് എൽഐസിയുടെ നിക്ഷേപവും ഇടിഞ്ഞിരുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളിലെ എൽഐസിയുടെ നിക്ഷേപത്തിൻ്റെ മൂല്യം അതിനുശേഷം ഇരട്ടിയിലധികം വർധിച്ചു, 2023 ഫെബ്രുവരി 27-ന് 29,024 കോടി രൂപയിൽ നിന്ന് ഇന്ന് 61,657 കോടി രൂപയിലെത്തി. ഏറ്റവും ശ്രദ്ധേയമായി, അദാനി ഗ്രീൻ, അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ് എന്നിവയിലെ എൽഐസി നിക്ഷേപങ്ങൾ യഥാക്രമം 308%, 169%, 139% നേട്ടമുണ്ടാക്കി.

ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം അദാനി ഗ്രീനിലെ എൽഐസിയുടെ നിക്ഷേപത്തിൻ്റെ മൂല്യം 992 കോടി രൂപയായി ഇടിഞ്ഞിരുന്നു. നിലവിലിത് 4,045 കോടി രൂപയായി ഉയർന്നു. അദാനി എൻ്റർപ്രൈസസിലെ എൽഐസിയുടെ നിക്ഷേപ മൂല്യം 5,345 കോടി രൂപയായി കുറഞ്ഞിരുന്നു. ഇപ്പോൾ ഇത് 14,374 കോടി രൂപയായി ഉയർന്നു. എൽഐസിയുടെ അദാനി പോർട്ട്‌സിൻ്റെ നിക്ഷേപത്തിൻ്റെ മൂല്യം 2023 ഫെബ്രുവരി 27-ലെ 9,541 കോടി രൂപയിൽ നിന്ന് ഇന്ന് 22,819 കോടി രൂപയായി മാറി.

അദാനി ഗ്രൂപ്പ് കമ്പനികളിലെ എൽഐസിയുടെ നിക്ഷേപം ഗണ്യമായ നേട്ടമാണ് നൽകിയത്. എന്നാൽ നിലവിലെ മൂല്യം ഹിൻഡൻബർഗ് റിപ്പോർട്ടിന് മുമ്പുള്ള തലത്തേക്കാൾ ഏകദേശം 20 ശതമാനം താഴെയാണ്. 2022 ഡിസംബർ 31-ലെ കണക്ക് പ്രകാരം ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളിൽ എൽഐസി നടത്തിയ നിക്ഷേപത്തിൻ്റെ മൂല്യം 77,881 കോടി രൂപയാണ്. അദാനി പോർട്ട്‌സ്, അംബുജ സിമൻ്റ്, എസിസി തുടങ്ങിയ ഓഹരികളിലെ എൽഐസിയുടെ നിക്ഷേപ മൂല്യം ഇതിനകം തന്നെ 2022 ഡിസംബറിലെ മൂല്യത്തെ മറികടന്നിട്ടുണ്ട്. അദാനി ഗ്രൂപ്പ് കമ്പനികളിലെ ചില ഓഹരികളിൽ എൽഐസി ഓഹരി പങ്കാളിത്തം വെട്ടികുറച്ചത് ശ്രദ്ധേയമാണ്. അദാനി പോർട്ട്‌സിലെ 1.26 ശതമാനം, അദാനി എൻ്റർപ്രൈസസിൽ 0.33 ശതമാനം, അംബുജ സിമൻ്റ്‌സിൽ 0.61 ശതമാനം ഓഹരി പങ്കാളിത്തമാണ് 2024 സാമ്പത്തിക വർഷത്തിൽ എൽഐസി വെട്ടിച്ചുരുക്കിയത്.