1 Sept 2023 11:23 AM IST
Summary
- മൊത്തം 1,439.8 കോടി രൂപയുടെ നഷ്ടം എല്‍ഐസിക്കുണ്ടായി
- ഇത് രണ്ടാം തവണയാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരേ ഉയരുന്ന ആരോപണത്തിലൂടെ എല്‍ഐസിക്ക് വിപണി മൂല്യത്തില്‍ ഇടിവ് നേരിടുന്നത്
അദാനി ഗ്രൂപ്പിനെതിരെ ഒസിസിആര്‍പി എന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഉയർത്തിയ ആരോപണത്തെത്തുടർന്ന് ഓഗസ്റ്റ് 31-ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണിമൂല്യത്തില്‍ 35,600 കോടി രൂപയുടെ ഇടിവുണ്ടായി. ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 10,84,668.73 കോടി രൂപയില്‍ നിന്ന് 10,49,044.72 കോടിയിലെത്തി.
എന്നാല്‍ അദാനി ഗ്രൂപ്പിനു മാത്രമല്ല ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ട് ദോഷം ചെയ്തത്. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) ഒസിസിആര്‍പി റിപ്പോര്‍ട്ട് വലിയ ആഘാതം ഏല്‍പ്പിച്ചു. വിവിധ അദാനി കമ്പനികളില്‍ എല്‍ഐസിക്ക് നിക്ഷേപമുണ്ട്. ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ അനുസരിച്ച്, ജൂണ്‍ 30 വരെ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക്‌സില്‍ 9.12 ശതമാനവും, അദാനി എന്റര്‍പ്രൈസസില്‍ 4.26 ശതമാനവും, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, അംബുജ സിമന്റ്‌സ് എന്നിവയില്‍ ആറ് ശതമാനവും വീതം ഓഹരികളാണ് എല്‍ഐസിക്കുള്ളത്.
ഓഗസ്റ്റ് 30 ന് ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടർന്ന് പിറ്റേദിവസം എല്‍ഐസിയുടെ ഓഹരിവിലയില്‍ വലിയ ഇടിവ് നേരിട്ടു. ഒറ്റ ദിവസം കൊണ്ടു ആറ് അദാനി ഗ്രൂപ്പ് കമ്പനികളിലൂടെ, മൊത്തം 1,439.8 കോടി രൂപയുടെ നഷ്ടം എല്‍ഐസിക്കുണ്ടായി.
ഇത് രണ്ടാം തവണയാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരേ ഉയരുന്ന ആരോപണത്തിലൂടെ എല്‍ഐസിക്ക് വിപണി മൂല്യത്തില്‍ ഇടിവ് നേരിടുന്നത്. ഈ വര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ എല്‍ഐസിയുടെ വിപണി മൂല്യം അഞ്ച് സെഷനിലായി 65,400 കോടിയോളം രൂപയുടെ ഇടിവ് നേരിട്ടിരുന്നു. അഞ്ച് സെഷനില്‍ എല്‍ഐസി ഓഹരി ഇടിഞ്ഞത് ഏകദേശം 14.73 ശതമാനമാണ്.
അദാനി കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നു പറയപ്പെടുന്ന നാസെര്‍ അലി ഷെഹ്ബാന്‍ ആലി, ചാങ് ചുങ്-ലിങ് എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്പനികളിലൂടെ 2013-2018 കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണു ആരോപണം. നിക്ഷേപം നടത്തിയത് ഓഹരി വില ഉയര്‍ത്താനായിരുന്നെന്ന് ഒസിസിആര്‍പി റിപ്പോര്‍ട്ട് പറയുന്നു.
എന്‍എസ്ഇയില്‍ ഓഗസ്റ്റ് 31ന് ക്ലോസ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില
അദാനി എന്റര്‍പ്രൈസസ് 2,419.25
അദാനി ടോട്ടല്‍ ഗ്യാസ് 635.80
അദാനി ഗ്രീന്‍ എനര്‍ജി 928.65
അദാനി പവര്‍ 321.30
അദാനി വില്‍മര്‍ 359.50
അംബുജ സിമന്റ്‌സ് 428.40
എസിസി 2,005.75
അദാനി പോര്‍ട്ട് ആന്‍ഡ് സെസ് 792.20
അദാനി ട്രാന്‍സ്മിഷന്‍ 812.15
പഠിക്കാം & സമ്പാദിക്കാം
Home
