14 Jan 2026 5:40 PM IST
stock market:വിപണിയില്‍ ഇടിവ് തുടരുന്നു; നിഫ്റ്റി 25,665 നിലവാരത്തില്‍
MyFin Desk
Summary
കഴിഞ്ഞ എട്ട് സെഷനുകളില്‍ ഏഴിലും വിപണി നഷ്ടം നേരിട്ടു എന്നത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിക്കുന്നതാണ് വിപണി നേരിടുന്ന പ്രധാന പ്രതിസന്ധി
ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ, ഐടി, റിയല്‍റ്റി ഓഹരികളിലുണ്ടായ തളര്‍ച്ച വിപണിയെ താഴേക്ക് നയിച്ചു. എന്നാല്‍ മെറ്റല്‍, പിഎസ്യു ബാങ്കുകള്‍, ഓയില്‍ & ഗ്യാസ് ഓഹരികള്‍ എന്നിവ വിപണിക്ക് നേരിയ പിന്തുണ നല്‍കി. സെന്‍സെക്‌സ് 244.98 പോയിന്റ് (0.29%) ഇടിഞ്ഞ് 83,382.71 ലും, നിഫ്റ്റി 50 സൂചിക 66.70 പോയിന്റ് (0.26%) താഴ്ന്ന് 25,665.60 ലും വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ എട്ട് സെഷനുകളില്‍ ഏഴിലും വിപണി നഷ്ടം നേരിട്ടു എന്നത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ജനുവരി 15, വ്യാഴാഴ്ച വിപണിക്ക് അവധിയായിരിക്കും.
വിപണിയെ സ്വാധീനിച്ച പ്രധാന ഘടകങ്ങള്‍: വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിക്കുന്നതാണ് വിപണി നേരിടുന്ന പ്രധാന പ്രതിസന്ധി. ജനുവരിയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും വിദേശ നിക്ഷേപകര്‍ 1,499.81 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു. ഇതിനുപുറമെ, ട്രംപ് ഭരണകൂടത്തിന്റെ പുതിയ നികുതി നയങ്ങളുടെ നിയമസാധുത സംബന്ധിച്ച് യുഎസ് സുപ്രീം കോടതിയില്‍ നിന്നുള്ള വിധിക്കായുള്ള കാത്തിരിപ്പും നിക്ഷേപകരെ ജാഗ്രതയുള്ളവരാക്കി. ഏഷ്യന്‍ വിപണികളിലെ തളര്‍ച്ചയും യുഎസ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തതും ഇന്ത്യന്‍ വിപണിയെയും പ്രതികൂലമായി ബാധിച്ചു.
ബുധനാഴ്ചത്തെ വ്യാപാരത്തിലുടനീളം ഓഹരി വിപണിയിലെ പ്രധാന സൂചികകള്‍ വളരെ ഇടുങ്ങിയ പരിധിക്കുള്ളിലാണ് നീങ്ങിയത്. നിക്ഷേപകര്‍ക്കിടയിലുള്ള അനിശ്ചിതത്വമാണ് ഇത് സൂചിപ്പിക്കുന്നത്. സെന്‍സെക്‌സും നിഫ്റ്റിയും നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, വിശാലമായ വിപണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബിഎസ്ഇ മിഡ്ക്യാപ് , സ്‌മോള്‍ക്യാപ് സൂചികകള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍, പവര്‍ സെക്ടറുകളിലെ തിരഞ്ഞെടുത്ത ഓഹരികളില്‍ ഉണ്ടായ നിക്ഷേപക താല്പര്യമാണ് ഈ സൂചികകളെ തുണച്ചത്.
25,900 എന്ന ലെവല്‍ കടന്നാല്‍ മാത്രം ഇനി മുന്നേറ്റം
നിഫ്റ്റി 50-ന്റെ ഡെയ് ലി ടൈംഫ്രെയിം ചാര്‍ട്ട് പരിശോധിക്കുമ്പോള്‍, സൂചിക ഇപ്പോഴും ഒരു 'റൈസിംഗ് ചാനലിലാണ്' വ്യാപാരം നടത്തുന്നത്. ഇത് വിപണിയുടെ ദീര്‍ഘകാല ട്രെന്‍ഡ് ഇപ്പോഴും ഉയര്‍ച്ചയിലാണെന്ന് സൂചിപ്പിക്കുന്നു. എങ്കിലും, ചാനലിന്റെ മധ്യരേഖയ്ക്ക് താഴെ 25,650-25,700 ലെവല്‍ തുടരുന്നത് വിപണിയിലെ ഹ്രസ്വകാല തളര്‍ച്ചയെയാണ് കാണിക്കുന്നത്. പ്രധാന പ്രതിരോധ മേഖലയായ 26,300 ലെവല്‍ നിന്നും ഉണ്ടായ ഇടിവ്, ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് നടക്കുന്നു എന്നതിന്റെ സൂചനയാണ്.
നിലവില്‍ 25,480-25,500 മേഖലയാണ് വിപണിയുടെ ഏറ്റവും പ്രധാനപ്പെട്ട പിന്തുണ. ചാനലിന്റെ താഴത്തെ അതിര്‍ത്തിയായ ഈ ലെവലിന് താഴേക്ക് നിഫ്റ്റി പോവുകയാണെങ്കില്‍ വിപണിയുടെ കരുത്ത് കുറയാന്‍ സാധ്യതയുണ്ട്. മുകള്‍ വശത്ത് 25,890 എന്നത് തൊട്ടടുത്ത പ്രതിരോധമായും 26,300-26,330 എന്നത് അതിശക്തമായ തടസമായും നിലനില്‍ക്കുന്നു. ചുരുക്കത്തില്‍, ഇടക്കാല ട്രെന്‍ഡ് പോസിറ്റീവ് ആണെങ്കിലും, ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിപണി അല്പം ദുര്‍ബലമാണ്. 25,900 എന്ന നിലവാരം തിരിച്ചുപിടിക്കുന്നത് വരെ വിപണിയില്‍ ഒരു ഏകീകരണ ഘട്ടം തുടരാനാണ് സാധ്യത.
മെറ്റല്‍ ഓഹരികളില്‍ മുന്നേറ്റം
ബുധനാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റി 50-ല്‍ ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ഒഎന്‍ജിസി , ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കമ്മോഡിറ്റി ഓഹരികളിലുണ്ടായ ഉണര്‍വും പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപവുമാണ് ഈ ഓഹരികളെ തുണച്ചത്. എന്നാല്‍ ടാറ്റ കണ്‍സ്യൂമര്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുക്കി, എച്ച്യുഎല്‍ തുടങ്ങിയ പ്രമുഖ ഓഹരികള്‍ നഷ്ടം നേരിട്ടു. ഐടി, ഓട്ടോ സെക്ടറുകളെ പിന്നോട്ടടിച്ചുകൊണ്ട് ടിസിഎസ്, മാരുതി സുസുക്കി എന്നിവ 2 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. സെക്ടറുകളുടെ പ്രകടനം പരിശോധിക്കുമ്പോള്‍ മെറ്റല്‍, പിഎസ്യു ബാങ്ക്, പവര്‍, ഓയില്‍ & ഗ്യാസ് സൂചികകള്‍ 0.5% മുതല്‍ 2% വരെ നേട്ടം കൈവരിച്ചു.
അതേസമയം, ആഗോള സാഹചര്യങ്ങളും ലാഭമെടുപ്പും കാരണം ഓട്ടോ, ഐടി, റിയല്‍റ്റി സൂചികകള്‍ 0.5% മുതല്‍ 1% വരെ ഇടിഞ്ഞു. വിദേശ നിക്ഷേപകരുടെ നീക്കങ്ങളും വരാനിരിക്കുന്ന കമ്പനികളുടെ പാദഫലങ്ങളുമായിരിക്കും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിശ്ചയിക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
