10 Feb 2026 10:25 AM IST
Summary
മുന്‍നിര ഓഹരികളെക്കാള്‍ മികച്ച പ്രകടനമാണ് ഇന്നും മിഡ്-ക്യാപ് (0.5%), സ്‌മോള്‍-ക്യാപ് (0.5%) സൂചികകള്‍ കാഴ്ചവെക്കുന്നത്. ഇത് വിപണിയില്‍ മൊത്തത്തിലുള്ള നിക്ഷേപ താല്‍പ്പര്യം ശക്തമാണെന്ന് സൂചിപ്പിക്കുന്നു
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ അനുകൂല തരംഗവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും വിപണിക്ക് കരുത്തേകുന്നു. പ്രധാനമായും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനെ കുറിച്ചുള്ള ശുഭവാര്‍ത്തകള്‍ നിക്ഷേപകര്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്.
വ്യാപാരം ആരംഭിച്ച് അധികം വൈകാതെ തന്നെ നിഫ്റ്റി 50 നിര്‍ണ്ണായകമായ 25,900 ലെവലിന് മുകളില്‍ 25,922.65 (+0.21%) എന്ന നിലയിലെത്തി. സെന്‍സെക്‌സ് 200 പോയിന്റിലധികം ഉയര്‍ന്ന് 84,210 എന്ന കരുത്തുറ്റ ലെവലിലാണ് വ്യാപാരം നടത്തുന്നത്.മുന്‍നിര ഓഹരികളെക്കാള്‍ മികച്ച പ്രകടനമാണ് ഇന്നും മിഡ്-ക്യാപ് (0.5%), സ്‌മോള്‍-ക്യാപ് (0.5%) സൂചികകള്‍ കാഴ്ചവെക്കുന്നത്. ഇത് വിപണിയില്‍ മൊത്തത്തിലുള്ള നിക്ഷേപ താല്‍പ്പര്യം ശക്തമാണെന്ന് സൂചിപ്പിക്കുന്നു.വിപണിയില്‍ വില കുറയുമ്പോള്‍ ഓഹരികള്‍ വാങ്ങുന്ന 'ബൈ-ഓണ്‍-ഡിപ്‌സ്' രീതിയാണ് ഇപ്പോള്‍ പ്രകടമാകുന്നത്.
നിഫ്റ്റി 50 സാങ്കേതിക വിശകലനം
24,600-24,700 ലെവല്‍ നിന്നുള്ള ശക്തമായ തിരിച്ചുകയറ്റത്തിന് ശേഷം നിഫ്റ്റി ഇപ്പോള്‍ 25,700-25,800 പരിധിയില്‍ കണ്‍സോളിഡേഷന്‍ ഘട്ടത്തിലാണ്. ചാര്‍ട്ടിലെ 'റൈസിംഗ് ട്രെന്‍ഡ്ലൈന്‍' വിപണിയിലെ ശക്തമായ വാങ്ങല്‍ താല്‍പ്പര്യത്തെ സൂചിപ്പിക്കുന്നു.
വിപണി വീണ്ടും പിടിച്ചെടുത്ത 25,400-25,450 മേഖല ഇപ്പോള്‍ ഒരു ശക്തമായ ഡിമാന്‍ഡ് സോണായി മാറിയിട്ടുണ്ട്. നിലവിലെ ട്രെന്‍ഡ്ലൈന്‍ സപ്പോര്‍ട്ട് നിലനിര്‍ത്തുന്നത് വരെ ഹ്രസ്വകാലത്തേക്ക് വിപണി ബുള്ളിഷ് ആയി തുടരാനാണ് സാധ്യത.ഉയര്‍ന്ന ലെവല്‍ 25,900-26,000 എന്നത് ശക്തമായ ഒരു പ്രതിരോധമാണ്. ഈ മേഖലയ്ക്ക് മുകളില്‍ ഒരു ബ്രേക്ക്ഔട്ട് ഉണ്ടായാല്‍ നിഫ്റ്റിക്ക് 26,080, 26,350 എന്നീ ലെവലിലേക്ക് എളുപ്പത്തില്‍ കുതിക്കാന്‍ സാധിക്കും.
വിപണിക്ക് ട്രെന്‍ഡ്ലൈന്‍ സപ്പോര്‍ട്ട് നിലനിര്‍ത്താന്‍ സാധിക്കാതെ വന്നാല്‍, അത് ലാഭമെടുപ്പിന് വഴിയൊരുക്കിയേക്കാം. ഇത് നിഫ്റ്റിയെ 25,600 അല്ലെങ്കില്‍ 25,400 ലെവല്‍ലേക്ക് താഴാന്‍ പ്രേരിപ്പിക്കും.
ചുരുക്കത്തില്‍, പ്രധാന സപ്പോര്‍ട്ടുകള്‍ക്ക് മുകളില്‍ തുടരുന്നിടത്തോളം കാലം 'ബൈ-ഓണ്‍-ഡിപ്‌സ്' സമീപനം തുടരാവുന്നതാണ്. എന്നാല്‍ 26,000 എന്ന പ്രതിരോധം മറികടന്നാല്‍ മാത്രമേ കൂടുതല്‍ കരുത്തുറ്റ മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.
വന്‍ ലാഭവുമായി ബിഎസ്ഇയും ബാങ്കുകളും
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും മികച്ച നേട്ടത്തോടെയാണ് മുന്നേറുന്നത്. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും വിദേശ നിക്ഷേപകരുടെ (എകക) ശക്തമായ തിരിച്ചുവരവും വിപണിക്ക് കരുത്തേകുന്നു.
ഓഹരികളുടെ പ്രകടനം
മുന്നേറിയവ: ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളില്‍ ഇന്ന് വലിയ തോതിലുള്ള വാങ്ങല്‍ പ്രകടമായി.
പിന്നിലായവ: ഐടി മേഖലയിലെ തളര്‍ച്ച കാരണം എച്ച്‌സിഎല്‍ ടെക് , വിപ്രോ എന്നിവ ഇന്നും നഷ്ടത്തിലാണ്. കൂടാതെ ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നീ ഓഹരികളില്‍ നിക്ഷേപകര്‍ നേരിയ തോതില്‍ ലാഭമെടുപ്പ് നടത്തുന്നുണ്ട്.
മേഖല തിരിച്ചുള്ള വിശകലനം
ഓട്ടോ, ഫാര്‍മ, കണ്‍സ്യൂമര്‍: ഉത്സവകാലത്തെ മികച്ച വില്‍പനയും വരാനിരിക്കുന്ന പോസിറ്റീവ് ഫലങ്ങളും പ്രതീക്ഷിച്ചു ഈ മേഖലകള്‍ 0.51% നേട്ടത്തിലാണ്.
ബാങ്കിംഗ് & ഫിനാന്‍സ്: ബാങ്ക് ഓഹരികള്‍ വിപണിയെ ശക്തമായി താങ്ങിനിര്‍ത്തുന്നു. എന്നാല്‍ പൊതുമേഖലാ ബാങ്കുകളിലും മെറ്റല്‍ മേഖലയിലും വാല്യൂവേഷന്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ കരുതലോടെയാണ് നീങ്ങുന്നത്.
പാദഫലങ്ങള്‍
ഇന്ന് ടൈറ്റന്‍ , ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങി നിരവധി പ്രമുഖ കമ്പനികള്‍ ഫലം പ്രഖ്യാപിക്കാനിരിക്കെ സ്റ്റോക്ക് സ്‌പെസിഫിക് ആയ വലിയ ചലനങ്ങള്‍ വിപണിയിലുണ്ട്. ചില പ്രധാന കമ്പനികളുടെ ഫലങ്ങള്‍ താഴെ:
ബിഎസ്ഇ: ലാഭത്തില്‍ 174% വര്‍ദ്ധനവ് (602 കോടി) രേഖപ്പെടുത്തി. ട്രേഡിംഗ് വോളിയം വര്‍ദ്ധിച്ചതാണ് ഈ അവിശ്വസനീയ നേട്ടത്തിന് കാരണം. ഓഹരി വില റെക്കോര്‍ഡ് ഉയരത്തിലെത്തി.
അരബിന്ദോ ഫാര്‍മ: ലാഭം 7.6% വര്‍ദ്ധിച്ചു. ആഭ്യന്തര വിപണിയിലെയും യൂറോപ്പിലെയും മികച്ച വില്‍പന കമ്പനിക്ക് ഗുണമായി. ബാറ്റ ഇന്ത്യ: നികുതി ആനുകൂല്യങ്ങളും ഉത്സവകാലത്തെ വില്‍പനയും കാരണം ലാഭം 13% വര്‍ദ്ധിച്ചു.
വിദേശ നിക്ഷേപം & ആഗോള സൂചനകള്‍
വിദേശ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മാത്രം 2,255 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വാങ്ങിയത്. ജപ്പാനിലെ നിക്കി റെക്കോര്‍ഡ് ഉയരത്തിലെത്തിയതും ഏഷ്യന്‍ വിപണികളിലെ ഉണര്‍വും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
