19 April 2024 4:30 PM IST
അഞ്ചാം നാൾ വിപണിയിൽ പച്ച കൊടി; ബാങ്കിംഗ്, ഓട്ടോ, മെറ്റൽ ഓഹരികൾ താങ്ങായി
MyFin Desk
Summary
- ഉച്ചതിരിഞ്ഞ സെഷനിൽ സൂചികകൾ കുതിച്ചു, തുടക്ക നഷ്ടങ്ങൾ നീക്കി ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി
- സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, മെറ്റൽ സൂചികകൾ ഒരു ശതമാനം ഉയർന്നു
- ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഉയർന്ന് 83.48 ലെത്തി
ഇടിവിലായിരുന്ന ആഭ്യന്തര സൂചികകൾ അഞ്ചാം നാൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. ബാങ്കിംഗ്, ഓട്ടോ, മെറ്റൽ ഓഹരികളിലെ വാങ്ങൽ വിപണിക്ക് താങ്ങായി. സെൻസെക്സ് 599.34 പോയിൻ്റ് അഥവാ 0.83 ശതമാനം ഉയർന്ന് 73,088.33 ലും നിഫ്റ്റി 151.20 പോയിൻ്റ് അഥവാ 0.69 ശതമാനം ഉയർന്ന് 22,147 ലുമാണ് ക്ലോസ് ചെയ്തത്. എന്നാൽ, ഈ ആഴ്ചയിൽ സെൻസെക്സും നിഫ്റ്റിയും 1.5 ശതമാനം വീതം ഇടിഞ്ഞു.
ഇറാനെതിരായ ഇസ്രയേലിൻ്റെ മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള വാർത്തകളെ തുടർന്ന് വിപണി ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. ആദ്യ പകുതിയിൽ വ്യാപാരം താഴ്ന്ന നിലയിലായിരുന്നു, എന്നാൽ ഉച്ചതിരിഞ്ഞ സെഷനിൽ സൂചികകൾ കുതിച്ചു, തുടക്ക നഷ്ടങ്ങൾ നീക്കി ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, എം ആൻഡ് എം, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുക്കി, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവ നേട്ടത്തിലും ബജാജ് ഓട്ടോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ദിവിസ് ലാബ്‌സ്, ടിസിഎസ്, നെസ്‌ലെ ഇന്ത്യ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, മെറ്റൽ സൂചികകൾ ഒരു ശതമാനം വീതവും എഫ്എംസിജി സൂചിക 0.5 ശതമാനവും ഉയർന്നു. ഹെൽത്ത് കെയർ, ഐടി, പവർ, റിയൽറ്റി എന്നിവ 0.3-0.6 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനം താഴ്ന്നു. സ്മോൾക്യാപ് സൂചിക ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. വ്യാഴാഴ്‌ച യുഎസ് വിപണികൾ ഇടിവിലായിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.55 ശതമാനം ഉയർന്ന് ബാരലിന് 87.62 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 2397 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഉയർന്ന് 83.48 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 4,260.33 കോടി രൂപയുടെ ഓഹരികൾ വിറ്റു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച ആരംഭിച്ചു.
വ്യാഴാഴ്ച സെൻസെക്സ് 454.69 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,488.99 ലും നിഫ്റ്റി 152.05 പോയിൻ്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 21,995.85 ലുമാണ് ക്ലോസ് ചെയ്തത്.
പഠിക്കാം & സമ്പാദിക്കാം
Home
