3 May 2024 10:45 AM IST
Summary
- ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വരെ ഉയർന്നു
- യുഎസ് വിപണികളിൽ നിന്നുള്ള പോസിറ്റീവ് പ്രവണതകളും തുടക്ക വ്യാപാരത്തിൽ വിപണിയെ തുണച്ചു
- ബ്രെൻ്റ് ക്രൂഡ് 0.33 ശതമാനം ഉയർന്ന് ബാരലിന് 83.95 ഡോളറിലെത്തി
ആഭ്യന്തര വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തിൽ നിഫ്റ്റി സർവകാല ഉയരത്തിലെത്തി. തുടർന്നുള്ള വ്യാപാരത്തിൽ സൂചികകൾ കുത്തനെ ഇടിഞ്ഞു. ബജാജ് ഫിനാൻസ് ഓഹരികളിലെ റാലി നിഫ്റ്റിയെ എക്കാലത്തെയും ഉയർന്ന പോയിന്റിലെത്തിച്ചു. യുഎസ് വിപണികളിൽ നിന്നുള്ള പോസിറ്റീവ് പ്രവണതകളും തുടക്ക വ്യാപാരത്തിൽ വിപണിയെ തുണച്ചു.
നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ഓയിൽ & നാച്ചുറൽ ഗ്യാസ്, ബജാജ് ഫിൻസെർവ്, ഗ്രാസിം ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നേട്ടം തുടരുമ്പോൾ ഭാരതി എയർടെൽ, ലാർസൻ ആൻഡ് ടൂബ്രോ, നെസ്‌ലെ ഇന്ത്യ, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.
ഇകോം, ഇൻസ്റ്റാ ഇഎംഐ കാർഡ് എന്നിവ വഴിയുള്ള ലോണുകൾ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ബജാജ് ഫിനാൻസിൻ്റെ നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നീക്കിയതായി കമ്പനി വ്യാഴാഴ്ച റെഗുലേറ്ററിയിൽ അറിയിച്ചു. ഡിജിറ്റൽ വായ്പാ മാർഗ്ഗനിർദ്ദേശങ്ങളിലെ വ്യവസ്ഥകൾ കമ്പനി പാലിക്കാത്തതിനാൽ, കഴിഞ്ഞ വർഷം നവംബറിൽ, ബജാജ് ഫിനാൻസിൻ്റെ രണ്ട് വായ്പാ ഉൽപ്പന്നങ്ങളായ ഇകോം, ഇൻസ്റ്റാ ഇഎംഐ കാർഡ് എന്നിവയ്ക്ക് കീഴിലുള്ള ലോണുകളുടെ വിതരണം നിർത്താൻ സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിരുന്നു.
"ബജാജ് ഫൈനാൻസിൻ്റെ ഇകോമിന് മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തത് വിപണിയെ സ്വാധീനിക്കും. നിക്ഷേപകർ ഏപ്രിലിലെ യുഎസ് തൊഴിൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്, കൂടാതെ ഇന്ന് വരാനിരിക്കുന്ന നാലാം പാദഫലങ്ങളും നിർണായകമാണ്," മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
നിഫ്റ്റി മെറ്റൽ, ബാങ്ക് നിഫ്റ്റി സൂചികകളുടെ നേതൃത്വത്തിൽ വ്യാപാരത്തിൻ്റെ ആദ്യ മണിക്കൂറുകളിൽ എല്ലാ സൂചികകളും നേട്ടത്തോടെയായിരുന്നു വ്യാപാരം നടത്തിയത്. ഇന്ത്യ വിക്സ്, 2 ശതമാനം ഉയർന്ന് 13.74 ആയി. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വരെ ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ഹോങ്കോങ് എന്നിവ നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ഷാങ്ഹായ് താഴ്ന്ന നിലയിലാണ്. വ്യാഴാഴ്ച നേട്ടത്തോടെയാണ് യുഎസ് വിപണികളിൽ വ്യാപാരംഅവസാനിച്ചത്.
"ആഗോളവും ആഭ്യന്തരവുമായ സൂചനകൾ വിപണികൾക്ക് അനുകൂലമാണ്. ഡോളർ സൂചിക 105.3 ലേക്ക് താഴ്ന്നു, യുഎസിലെ 10 വർഷത്തെ ബോണ്ട് യീൽഡ് ഏകദേശം 4.5 ശതമാനത്തിലെത്തി, ബ്രെൻ്റ് ക്രൂഡ് ബാരലിന് 84 ഡോളറിൽ താഴെയായത് വിപണികളിലെ മുന്നേറ്റത്തിന് ശക്തി പകരും. വർധിച്ചു വരുന്ന ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലാണ് വിപണിയുടെ കരുത്ത്." ജിയോജിത് ഫിനാൻഷ്യൽ സർവീസസിൻ്റെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ബ്രെൻ്റ് ക്രൂഡ് 0.33 ശതമാനം ഉയർന്ന് ബാരലിന് 83.95 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.26 ശതമാനം ഉയർന്ന് 2315 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 83.37 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 964.47 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വ്യാഴാഴ്ച സെൻസെക്സ് 128.33 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 74,611.11 ലും നിഫ്റ്റി 43.35 പോയിൻ്റ് അഥവാ 0.19 ശതമാനം ഉയർന്ന് 22,648.20 ലുമാണ് ക്ലോസ് ചെയ്തത്.
പഠിക്കാം & സമ്പാദിക്കാം
Home
