image

9 May 2024 11:15 AM GMT

Stock Market Updates

വിപണിയിൽ അസ്ഥിരത തുടരുന്നു; 22,000 കൈവിട്ട് നിഫ്റ്റി, ഇന്ത്യ വിക്സ് ഉയർന്നത് 6%

MyFin Desk

വിപണിയിൽ അസ്ഥിരത തുടരുന്നു; 22,000 കൈവിട്ട് നിഫ്റ്റി, ഇന്ത്യ വിക്സ് ഉയർന്നത് 6%
X

Summary

  • നേട്ടത്തോടെ ക്ലോസ് ചെയ്ത ഒരേയൊരു സെക്ടറൽ സൂചികയായി ഓട്ടോയാണ്
  • ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ വലച്ചു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.51 ലെത്തി.


തുടർച്ചയായി അഞ്ചാം ദിവസവും ആഭ്യന്തര സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിൽ. സെൻസെക്സ് 1000 പോയിന്റ് ഇടിഞ്ഞു, 22000 കൈവിട്ട് നിഫ്റ്റി. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ ഓഹരികളിൽ കനത്ത വില്പന സൂചികകളെ തളർത്തി. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ വലച്ചു. നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2024 സീസണിലെ മങ്ങിയ പാദ ഫലങ്ങൾ, വർദ്ധിച്ചുവരുന്ന ക്രൂഡ് വില തുടങ്ങിയ കാരണങ്ങളും വിപണിക്ക് വിനയായി.

സെൻസെക്സ് 1,062.22 പോയിൻ്റ് അഥവാ 1.45 ശതമാനം ഇടിഞ്ഞ് 72,404.17 ലും നിഫ്റ്റി 345 പോയിൻ്റ് അഥവാ 1.55 ശതമാനം ഇടിഞ്ഞ് 21,957.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ഹീറോ മോട്ടോകോർപ്പ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഓട്ടോ, ഇൻഫോസിസ്, എച്ച്സിഎൽടെക് എന്നീ ഏഴ് ഓഹരികൾ മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. ലാർസൻ ആൻഡ് ടൂബ്രോ, ബിപിസിഎൽ, ഏഷ്യൻ പെയിൻ്റ്‌സ്, കോൾ ഇന്ത്യ, ഒഎൻജിസി കുത്തനെ ഇടിഞ്ഞു.

ബിഎസ്ഇ സ്മോൾക്യാപ് സൂചിക 2.41 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.01 ശതമാനവും താഴ്ന്നു. നേട്ടത്തോടെ ക്ലോസ് ചെയ്ത ഒരേയൊരു സെക്ടറൽ സൂചിക ഓട്ടോയാണ്. വ്യാപാരവസാനം 0.78 ശതമാനം ഉയർന്നു. ഇത് ഒഴികെ, മറ്റെല്ലാ മേഖലാ സൂചികകളും ചുവപ്പിൽ ക്ലോസ് ചെയ്തു.

സമീപകാല അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക ഏകദേശം 6 ശതമാനം ഉയർന്ന 18-ന് അടുത്തെത്തി. ഇത് സൂചികയുടെ 52 ആഴ്ച്ചയിലെ ഉയർന്ന നിലയാണ്. തെരഞ്ഞെടുപ്പുകൾക്കിടയിലും വോട്ടെടുപ്പ് ഫലങ്ങൾക്ക് മുമ്പും അസ്ഥിരത ഉയർന്നാൽ ഇത് 22-24 ലെവലിലേക്ക് കുതിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 6,669.10 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.48 ശതമാനം ഉയർന്ന് ബാരലിന് 83.89 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2318 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 83.51 ലെത്തി.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായിയും ഹോങ്കോങ്ങും നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ സിയോളും ടോക്കിയോയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു. ബുധനാഴ്ച യുഎസ് വിപണികളിൽ വ്യാപാരം അവസാനിപ്പിച്ചത് സമ്മിശ്ര വ്യപാരത്തോടെയാണ്.

സെൻസെക്‌സ് ബുധനാഴ്ച 45.46 പോയിൻ്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 73,466.39 ലും നിഫ്റ്റി മാറ്റമില്ലാതെ 22,302.50 ലുമാണ് ക്ലോസ് ചെയ്തത്.