image

26 March 2024 10:57 AM GMT

Stock Market Updates

ചാഞ്ചാട്ടത്തിനൊടുവിൽ വിപണിക്ക് ചുവപ്പിൽ അവസാനം; മിഡ് ക്യാപ് ഓഹരികൾ കുതിച്ചു

MyFin Desk

market ended in decline on the fourth day
X

Summary


    മൂന്നു ദിവസത്തെ നേട്ടത്തിന് ശേഷം ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത് ഇടിവോടെ. അവധി കാരണം ആഴ്‌ചയിലെ കുറഞ്ഞ വ്യാപാര ദിവസവും പ്രതിമാസ എഫ് ആൻഡ് ഒ കാലഹരണപ്പെടുന്നതും നിക്ഷേപകരെ ജാഗ്രതയിലേക്ക് നയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളും വിപണിയെ ഇടിവിലേക്കെത്തിച്ചു. വിദേശ നിക്ഷേപകരുടെ വില്പനയും യു എസ് വിപണികളിലെ ഇടിവും വിപണിയെ വലച്ചു.

    സെൻസെക്‌സ് 361.64 പോയൻ്റ് അഥവാ 0.5 ശതമാനം താഴ്ന്ന് 72,470.30ലും നിഫ്റ്റി 92.10 പോയൻ്റ് അഥവാ 0.42 ശതമാനം താഴ്ന്ന് 22,004.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യ വിക്സ് (VIX) സൂചിക 4 ശതമാനത്തിലധികം ഉയർന്ന് 12.79 ലെത്തി.

    ബജാജ് ഫിനാൻസ് (2.21%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (1.99%), ബ്രിട്ടാനിയ ഇൻഡസ്ട്രീസ് (1.76%), അദാനി പോർട്ട്സ് (1.76%), എൽ ആൻഡ് ടി (1.45%) തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ് (-2.07%), ഐഷർ മോട്ടോഴ്‌സ് (-2.07%), ഭാരതി എയർടെൽ (-1.86%), കൊട്ടക് മഹീന്ദ്ര ബാങ്ക് (-1.09%), വിപ്രോ (-1.49%) തുടങ്ങിയ ഓഹരികൾ നഷ്ടത്തിലെത്തി.

    മേഖല സൂചികകളിൽ, ഫീനിക്സ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ഒബ്‌റോയ് റിയൽറ്റി, ഗോദ്‌റെജ് പ്രോപ്പർട്ടീസ് എന്നിവ 6 ശതമാനം വരെ ഉയർന്നതിനാൽ നിഫ്റ്റി റിയൽറ്റി സൂചികയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. നിഫ്റ്റി മീഡിയ സൂചിക ഏറ്റവും മോശം പ്രകടനമാണ് ഇന്നത്തെ വ്യാപാരത്തിൽ നടത്തിയത്, സൺ ടിവി, പിവിആർ-ഐനോക്സ്, ഡിഷ് ടിവി, സീ എൻ്റർടൈൻമെൻ്റ് എന്നീ ഓഹരികൾ സൂചികയേ ഇടിവിലേക്ക് നയിച്ചു.

    നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചികകൾ ഒരു ശതമാനം വരെ ഉയർന്നു.

    "വരും ദിവസങ്ങളിൽ ചാഞ്ചാട്ടങ്ങൾ വർദ്ധിച്ചുവരാനുള്ള സാദ്ധ്യതകൾ ഉണ്ടെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ പറഞ്ഞു. നിഫ്റ്റിക്ക് 21,700-ൽ ശക്തമായ പിന്തുണ ലഭിക്കുന്നതിനാൽ നിക്ഷേപകർ ബൈ-ഓൺ-ഡിപ്സ് സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും," അവർ കൂട്ടിച്ചേർത്തു.

    ഏഷ്യൻ വിപണികളിൽ ടോക്കിയോ ചുവപ്പിൽ വ്യാപാരം അവസാനിപ്പിച്ചു. സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു.

    യൂറോപ്യൻ വിപണികളിൽ മിക്കതും ഉയർന്ന് തന്നെയാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

    ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 86.60 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.81 ശതമാനം ഉയർന്ന് 2194 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 33 പൈസ ഉയർന്ന് 83.28 ലെത്തി

    വിദേശ നിക്ഷേപ സ്ഥപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 3,309.76 കോടി രൂപയുടെ ഓഹരികൾ വിറ്റു.

    ഹോളി പ്രമാണിച്ച് ഓഹരി വിപണികൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു.

    വെള്ളിയാഴ്ച സെൻസെക്‌സ് 190.75 പോയിൻ്റ് അഥവാ 0.26 ശതമാനം ഉയർന്ന് 72,831.94 ലും നിഫ്റ്റി 84.80 പോയിൻ്റ് അഥവാ 0.39 ശതമാനം ഉയർന്ന് 22,096.75 ലുമാണ് ക്ലോസ് ചെയ്തത്.