1 April 2026 2:33 PM IST
വിപണിയില്‍ ഉജ്ജ്വല തിരിച്ചുവരവ്; സെന്‍സെക്‌സ് 1,500 പോയിന്റിലധികം ഉയര്‍ന്നു
MyFin Desk
foreign-investors-indian-stock-market-analysis-2026.jpg
Summary
ബാങ്ക് നിഫ്റ്റിയും ഐടി സൂചികകളും 3% മുതല്‍ 4% വരെ നേട്ടമുണ്ടാക്കി വിപണിയുടെ കുതിപ്പിന് അടിത്തറയിട്ടു.ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയല്‍റ്റി എന്നീ വിഭാഗങ്ങളും മികച്ച മുന്നേറ്റം നടത്തി
ആഗോള വിപണികളിലെ അനുകൂല തരംഗവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഉണ്ടായ അയവും ഇന്ത്യന്‍ സൂചികകള്‍ക്ക് വലിയ കരുത്തേകി. സെന്‍സെക്‌സ്ഏകദേശം 1,500 - 1,800 പോയിന്റുകള്‍ വര്‍ദ്ധിച്ച് 73,700 നിലവാരത്തിന് മുകളില്‍ വ്യാപാരം നടത്തുന്നു. നിഫ്റ്റി 2.4%ലധികം നേട്ടമുണ്ടാക്കി 22,870 22,900 മേഖലയില്‍ സ്ഥിരതയാര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നു. വിപണിയിലെ ഭയത്തെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് 15% ഇടിഞ്ഞ് 25 നിലവാരത്തിലേക്ക് താഴ്ന്നത് നിക്ഷേപകര്‍ക്കിടയിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.
നിഫ്റ്റിയില്‍ അപ്രതീക്ഷിത കുതിപ്പ്
ഇന്ന് ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ നിഫ്റ്റി ഏകദേശം 1.7% - 2.5% നേട്ടമുണ്ടാക്കി 22,800 എന്ന സുപ്രധാന പ്രതിരോധ മേഖലയ്ക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്.സെന്‍സെക്‌സ് 1,500 പോയിന്റിലധികം വര്‍ദ്ധിച്ച് 73,700 നിലവാരത്തിന് മുകളില്‍ എത്തി.
നിഫ്റ്റി 23,000 എന്ന നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്താല്‍ നിലവിലെ 'ബെയറിഷ്' ട്രെന്‍ഡിന് വലിയ മാറ്റം വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിപണി പൂര്‍ണ്ണമായും കാളകളുടെ നിയന്ത്രണത്തിലാകാന്‍ 23,300 എന്ന ശക്തമായ പ്രതിരോധം മറികടക്കേണ്ടതുണ്ട്. ഇന്ന് തകര്‍ത്ത 22,700 - 22,800 മേഖല ഇനി വിപണിക്ക് പുതിയ സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളപ്പോള്‍, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് പോയിന്റായ 22,350 എന്നത് ഇപ്പോള്‍ ഏറ്റവും സുരക്ഷിതമായ ഒരു അടിത്തറയായി മാറിയിരിക്കുകയാണ്.
കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍
ഇറാനിലെ സൈനിക നടപടികള്‍ വരും ആഴ്ചകളില്‍ അവസാനിച്ചേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ആഗോളതലത്തില്‍ ആശ്വാസം പകര്‍ന്നു. സമാധാന ചര്‍ച്ചകളുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ എണ്ണവില ബാരലിന് 104 -105 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നു. ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസകരമാണ്.
മാര്‍ച്ചിലുണ്ടായ 11%-ലധികം ഇടിവിനെത്തുടര്‍ന്ന് പല ഗുണമേന്മയുള്ള ഓഹരികളും കുറഞ്ഞ വിലയില്‍ ലഭ്യമായത് 'വാല്യൂ ബൈയിംഗിന്' കാരണമായിട്ടുണ്ട്. ആഗോളതലത്തില്‍ ബോണ്ട് യീല്‍ഡുകള്‍ കുറഞ്ഞത് ഇക്വിറ്റി വിപണികളിലേക്ക് കൂടുതല്‍ നിക്ഷേപം വരാനും സഹായിച്ചിട്ടുണ്ട്.
ഷിപ്പിംഗ് - ലോജിസ്റ്റിക്‌സ് ഓഹരികളില്‍ വന്‍ കുതിപ്പ്
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ അയവ് വന്നതോടെ ആഗോള വ്യാപാര മേഖലയിലുണ്ടായ ഉണര്‍വ് ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വ്യക്തമായി പ്രതിഫലിച്ചു. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളില്‍ നിന്ന് മാറി വളര്‍ച്ചാധിഷ്ഠിത ഓഹരികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.
സെക്ടറുകളുടെ പ്രകടനം
ബാങ്ക് നിഫ്റ്റിയും ഐടി സൂചികകളും 3% മുതല്‍ 4% വരെ നേട്ടമുണ്ടാക്കി വിപണിയുടെ കുതിപ്പിന് അടിത്തറയിട്ടു.ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയല്‍റ്റി എന്നീ വിഭാഗങ്ങളും മികച്ച മുന്നേറ്റം നടത്തി. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം ലഘൂകരിക്കപ്പെട്ടത് ആഗോള വ്യാപാര ചെലവ് കുറയാന്‍ കാരണമാകുമെന്ന പ്രതീക്ഷയില്‍ ഈ മേഖലയിലെ ഓഹരികള്‍ കുതിച്ചുചാട്ടം നടത്തി. ഇന്‍ഷുറന്‍സ് പ്രീമിയം കുറയുന്നതും ചരക്ക് നീക്കം സുഗമമാകുന്നതും ഈ കമ്പനികള്‍ക്ക് വലിയ ഗുണകരമാകും.
ശ്രദ്ധേയമായ ഓഹരികള്‍
500 മില്യണ്‍ ടണ്‍ ചരക്ക് നീക്കം എന്ന നാഴികക്കല്ല് പിന്നിട്ട വാര്‍ത്തയോടൊപ്പം ഷിപ്പിംഗ് മേഖലയിലെ ഉണര്‍വും അദാനി പോര്‍ട്‌സ് ഓഹരി വില 4.7% ഉയരാന്‍ കാരണമായി. ഇന്‍ഡിഗോയുടെ പുതിയ സി.ഇ.ഒ ആയി വില്ലി വാല്‍ഷ് നിയമിതനായതും എണ്ണവില കുറഞ്ഞതും കമ്പനിയുടെ ഓഹരിയെ 5%-ലധികം ഉയര്‍ത്തി. ട്രെന്റ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎല്‍), അദാനി എന്റര്‍പ്രൈസസ് എന്നിവയും മികച്ച നേട്ടമുണ്ടാക്കിയവരുടെ പട്ടികയിലുണ്ട്.
അതേസമയം വിപണി മൊത്തത്തില്‍ കുതിക്കുമ്പോഴും സുരക്ഷിത നിക്ഷേപങ്ങളായി കരുതപ്പെടുന്ന ഫാര്‍മ, ഇന്‍ഷുറന്‍സ് ഓഹരികളില്‍ ലാഭമെടുപ്പ് ദൃശ്യമായി. സണ്‍ ഫാര്‍മ, സിപ്ല, ഡോ. റെഡ്ഡീസ്, എച്ച്ഡിഎഫ്‌സി ലൈഫ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയും വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു.
ഷിപ്പിംഗ് & ലോജിസ്റ്റിക്‌സ് കുതിപ്പ്
ആഗോള വ്യാപാര പാതകള്‍ തുറക്കപ്പെട്ടതോടെ താഴെ പറയുന്ന ഓഹരികളില്‍ ശക്തമായ വാങ്ങല്‍ പ്രകടമായി. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓഹരി വിലയില്‍ 6.6%-ലധികം വര്‍ദ്ധനവ് രേഖപ്പെടുത്തി. ജിഇ ഷിപ്പിംഘ്, ഡെലിവറി, ബ്ലൂഡാര്‍ട്ട്, ഓള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ് എന്നിവയും നേട്ടത്തിലാണ്.
മഹീന്ദ്രയുടെ റെക്കോര്‍ഡ് കുതിപ്പ്
2025-26 സാമ്പത്തിക വര്‍ഷത്തില്‍ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ സമാനതകളില്ലാത്ത വളര്‍ച്ചയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രേഖപ്പെടുത്തിയത്. സ്‌കോര്‍പ്പിയോ, താര്‍, എക്‌സ്.യു.വി സീരീസ് എന്നിവയോടുള്ള പ്രിയം കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിച്ചു.
വില്‍പന കണക്കുകള്‍
സാമ്പത്തിക വര്‍ഷം 2026 ല്‍ ആകെ 6,60,276 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് കമ്പനി ചരിത്രം കുറിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 19.7% വളര്‍ച്ചയാണിത്. ഒരു ഇന്ത്യന്‍ വാഹന നിര്‍മ്മാതാവ് നേടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ പി.വി വില്‍പനയാണിത്. ക ഴിഞ്ഞ മാസത്തില്‍ മാത്രം 60,272 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇത് മുന്‍വര്‍ഷം മാര്‍ച്ചിലെ വില്‍പനയേക്കാള്‍ 25% കൂടുതലാണ്.
മഹീന്ദ്രയുടെ പി.വി വില്‍പനയില്‍ 100 ശതമാനവും യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. കാര്‍, വാന്‍ വിഭാഗങ്ങളില്‍ കമ്പനിക്ക് നിലവില്‍ വില്‍പനയില്ല.
വിപണിയിലെ പ്രതികരണം
മികച്ച വില്‍പന കണക്കുകള്‍ പുറത്തുവന്നതോടെ മഹീന്ദ്ര ഓഹരികള്‍ ഇന്ന് ഏകദേശം 3% ഉയര്‍ന്ന് 3,051 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. മഹീന്ദ്രയുടെ ഈ പ്രകടനം ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി തുടങ്ങിയ മറ്റ് ഓട്ടോ ഓഹരികളിലും പോസിറ്റീവ് സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇലക്ട്രിക് വാഹന മേഖലയിലേക്കും ഹൈബ്രിഡ് മോഡലുകളിലേക്കും 27,000 കോടി നിക്ഷേപിക്കാനുള്ള കമ്പനിയുടെ തീരുമാനം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.
വിപണിയിലെ കുതിപ്പിന് പിന്നില്‍
യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വരും ആഴ്ചകളില്‍ കുറഞ്ഞേക്കുമെന്ന സൂചനകള്‍ ആഗോളതലത്തില്‍ വലിയ ആശ്വാസം നല്‍കി. ഇത് നിക്ഷേപകരുടെ ഭീതി കുറയ്ക്കുകയും വിപണിയിലേക്ക് കൂടുതല്‍ മൂലധനം ഒഴുകാന്‍ കാരണമാവുകയും ചെയ്തു.
ഏഷ്യന്‍ വിപണികളിലുണ്ടായ ശക്തമായ മുന്നേറ്റം ഇന്ത്യന്‍ വിപണിക്കും ഉണര്‍വ് നല്‍കി. ദക്ഷിണ കൊറിയന്‍ വിപണിയായ കോസ്പി 7% ഉയര്‍ന്നു.ജാപ്പനീസ് വിപണിയായ നിക്കി 4 ശതമാനവും മുന്നേറി. മാര്‍ച്ചിലുണ്ടായ ശക്തമായ തകര്‍ച്ചയെത്തുടര്‍ന്ന് (11% ഇടിവ്) പല മുന്‍നിര ഓഹരികളും വളരെ കുറഞ്ഞ വിലയില്‍ ലഭ്യമായി. ഇത് വലിയ തോതിലുള്ള 'വാല്യൂ ബൈയിംഗിന്' വഴിതെളിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
