image

1 March 2026 11:52 AM IST

Stock Market Updates

യുദ്ധഭീതിയില്‍ വിപണി;നിക്ഷേപകര്‍ ജാഗ്രതയില്‍

MyFin Desk

യുദ്ധഭീതിയില്‍ വിപണി;നിക്ഷേപകര്‍ ജാഗ്രതയില്‍
X

Summary

സംഘര്‍ഷം മൂലം ആഗോള തലത്തില്‍ നിക്ഷേപകര്‍ റിസ്‌ക് കുറഞ്ഞ സ്വര്‍ണത്തിലേക്കും യുഎസ് ട്രഷറി ബോണ്ടുകളിലേക്കും മാറുന്നത് വിപണിക്ക് തിരിച്ചടിയായേക്കും


ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നത് വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയെ വന്‍തോതില്‍ സമ്മര്‍ദ്ദത്തിലാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമോ അതോ ഹ്രസ്വകാല സൈനിക നടപടിയായി ഒതുങ്ങുമോ എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ആഘാതം. നിലവില്‍ വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം കൂടാന്‍ സാധ്യതയുണ്ടെന്നും നിക്ഷേപകര്‍ കരുതലോടെ നീങ്ങണമെന്നും വെല്‍ത്ത്മില്‍ സെക്യൂരിറ്റീസിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷം മൂലം ആഗോള തലത്തില്‍ നിക്ഷേപകര്‍ റിസ്‌ക് കുറഞ്ഞ സ്വര്‍ണത്തിലേക്കും യുഎസ് ട്രഷറി ബോണ്ടുകളിലേക്കും മാറുന്നത് വിപണിക്ക് തിരിച്ചടിയായേക്കും.

ക്രൂഡ് ഓയില്‍ ഭീഷണി; ബാരലിന് 80 ഡോളര്‍ കടന്നാല്‍ വിപണി ഉലയും

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി കുതിച്ചുയരുന്ന അസംസ്‌കൃത എണ്ണവിലയാണ്. നിലവില്‍ ബാരലിന് 67-68 ഡോളര്‍ നിരക്കിലുള്ള ക്രൂഡ് ഓയില്‍ വില, സംഘര്‍ഷം രൂക്ഷമായാല്‍ 80 ഡോളറിന് മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സമോ ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണമോ ഉണ്ടായാല്‍ വിലയില്‍ 4 മുതല്‍ 8 ഡോളര്‍ വരെ പെട്ടെന്ന് വര്‍ദ്ധനവ് ഉണ്ടായേക്കാം. ഇത് ഇന്ത്യയില്‍ പണപ്പെരുപ്പത്തിന് കാരണമാകുകയും പെയിന്റ്, ടയര്‍, ഏവിയേഷന്‍ തുടങ്ങിയ മേഖലകളുടെ ലാഭത്തെ നേരിട്ട് ബാധിക്കുകയും ചെയ്യും

നഷ്ടസാധ്യതയുള്ളവര്‍

യുദ്ധസാഹചര്യത്തില്‍ പ്രതിരോധ , ഊര്‍ജ്ജ മേഖലകളിലെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചേക്കാം. എന്നാല്‍ എണ്ണവില വര്‍ദ്ധനവ് നേരിട്ട് ബാധിക്കുന്ന വ്യോമയാനം, ലോജിസ്റ്റിക്‌സ്, ഓട്ടോമൊബൈല്‍, പെയിന്റ് കമ്പനികള്‍ എന്നിവയ്ക്ക് തിരിച്ചടി നേരിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കൂടാതെ, ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഐടി ഓഹരികളിലും വന്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും, ഇന്ത്യയിലെ ശക്തമായ ആഭ്യന്തര നിക്ഷേപങ്ങള്‍ വിപണിയെ വന്‍ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുമെന്നും ഇത് ആഴത്തിലുള്ള തകര്‍ച്ചയല്ല, മറിച്ച് താല്‍ക്കാലികമായ അസ്ഥിരത മാത്രമാണെന്നും എന്റിച്ച് മണി സിഇഒ പൊന്മുടി ആര്‍ നിരീക്ഷിക്കുന്നു.

ഒപെക് നീക്കവും ആഗോള പ്രതികരണവും

ഇറാനില്‍ നിന്നുള്ള വിതരണത്തില്‍ തടസ്സമുണ്ടായാല്‍ എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. കൂടാതെ ഏപ്രില്‍ ഒന്നുമുതല്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതും വിപണിക്ക് നേരിയ ആശ്വാസം നല്‍കുന്നു. അമേരിക്കയുടെ നിലപാടും ഇസ്രയേലിന്റെ അടുത്ത നീക്കങ്ങളും എണ്ണവിലയുടെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്. ശനിയാഴ്ച ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണം സംഘര്‍ഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.