1 Feb 2024 10:17 AM IST
Summary
- ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ച്ച താഴ്ചകള്‍ക്കിടയില്‍ നീങ്ങുന്നു
- ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് നിക്ഷേപകര്‍ കാത്തിരിക്കുന്നു
- ജനുവരിയില്‍ ജിഎസ്‍ടി സമാഹരണം ഉയര്‍ന്നു
ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീട് ഇടക്കാല ബജറ്റ് അവതരണത്തിന് മുന്നോടിയായി വലിയ അസ്ഥിരത പ്രകടമാക്കുന്നു. തുടക്ക വ്യാപാരത്തില്‍ ബിഎസ്ഇ സെൻസെക്‌സ് 248.4 പോയിൻ്റ് ഉയർന്ന് 72,000.51 ലെത്തി. നിഫ്റ്റി 62.65 പോയിൻ്റ് ഉയർന്ന് 21,788.35 ലെത്തി. പിന്നീട്, രണ്ട് ബെഞ്ച്മാർക്ക് സൂചികകളും അസ്ഥിരക പ്രകടമാക്കുകയും ഉയർന്ന താഴ്ചകൾക്കിടയിൽ വ്യാപാരം നടത്തുകയും ചെയ്തു.
സെൻസെക്‌സ് സ്ഥാപനങ്ങളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, പവർ ഗ്രിഡ്, എൻടിപിസി, ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ എന്നിവയാണ് പ്രധാനമായും നേട്ടം നല്‍കുന്നത്. ലാർസൻ ആൻഡ് ടൂബ്രോ, ടൈറ്റൻ, ബജാജ് ഫിൻസെർവ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയാണ് പ്രധാനമായി ഇടിവിലുള്ളത്.
ചരക്ക് സേവന നികുതി പിരിവ് ജനുവരിയിൽ 10.4 ശതമാനം ഉയർന്ന് 1.72 ലക്ഷം കോടി രൂപയിലെത്തി. ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പച്ചയിൽ വ്യാപാരം നടത്തുമ്പോല്‍ ടോക്കിയോ താഴ്ച്ചയിലാണ്. യുഎസ് വിപണികൾ ബുധനാഴ്ച കുത്തനെ ഇടിവോടെയാണ് അവസാനിച്ചത്.
യുഎസ് ഫെഡ് പ്രധാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി, പണപ്പെരുപ്പം ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് സുസ്ഥിരമായി നീങ്ങുന്നുവെന്നതില്‍ കൂടുതൽ ആത്മവിശ്വാസം നേടുന്നതുവരെ നിരക്ക് കുറയ്ക്കുന്നത് “ഉചിതമാകില്ലെന്നാണ് ഫെഡ് വിലയിരുത്തിയിട്ടുള്ളത്.
"നിക്ഷേപകർ ഇപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ്റെ ഇടക്കാല ബജറ്റ് അവതരണത്തിനായി കാത്തിരിക്കുകയാണ്, സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിനും കമ്മി നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ പ്രതീക്ഷിക്കുന്നു," മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ പറഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 1.40 ശതമാനം ഇടിഞ്ഞ് ബാരലിന് 81.71 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) ബുധനാഴ്ച 1,660.72 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബുധനാഴ്ച സെൻസെക്‌സ് 612.21 പോയിൻ്റ് അഥവാ 0.86 ശതമാനം ഉയർന്ന് 71,752.11 എന്ന നിലയിലെത്തി. നിഫ്റ്റി 203.60 പോയിൻ്റ് അഥവാ 0.95 ശതമാനം ഉയർന്ന് 21,725.70 ലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
