23 Oct 2025 1:04 PM IST
റെക്കോർഡ് ഉയരത്തിൽ സെൻസെക്‌സ്, നിഫ്റ്റി: ഐ.ടി. കുതിപ്പിൽ വിപണി, എസ്ബിഐ പറക്കുന്നു
MyFin Desk
Summary
റെക്കോഡ് മുന്നേറ്റവുമായി സെൻസെക്സും നിഫ്റ്റിയും; പറന്ന് എസ്ബിഐ ഓഹരി
ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവ്. സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലേക്ക് അടുക്കുന്നതിനാൽ വിപണിയിൽ പോസിറ്റീവ് തരംഗമുണ്ട്. മികച്ച വരുമാന പ്രതീക്ഷകൾ, ഉത്സവ സീസണിലെ ഡിമാൻഡ്, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് എന്നിവയാണ് കുതിച്ചുചാട്ടത്തിന് പ്രധാന കാരണം. ഐടി., സ്വകാര്യ ബാങ്കുകൾ, എഫ്എംസിജി തുടങ്ങിയ മേഖലകളിലെല്ലാം വാങ്ങൽ നടന്നു.
ഐടി മേഖലയ്ക്ക് ഊർജ്ജമായി വ്യാപാര കരാർ പ്രതീക്ഷ
ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാവുമെന്ന റിപ്പോർട്ടുകൾ ഐടി മേഖലയ്ക്ക് ഊർജ്ജമായി. ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 15%-16% ആയി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന വാർത്തയെ തുടർന്ന്, ഐടി സൂചിക 2.7ശതമാനം കുതിച്ചു. ആറ് ആഴ്ചയ്ക്കിടയിലെ ഏറ്റവും മികച്ച പ്രതിദിന നേട്ടമാണിത്.
ഐടി സൂചികയിലെ പത്ത് കമ്പനികളും ഇന്ന് നേട്ടത്തിലായി. ഇൻഫോസിസ് 4.൨ ശതമാനം മുന്നേറി. കരാർ യാഥാർത്ഥ്യമായാൽ, നിർത്തിവെച്ച പല കരാറുകളും ഉടൻ സജീവമാകുമെന്നാണ് വിലയിരുത്തൽ. ഈ വർഷം ഇതുവരെ സൂചികയിൽ ഉണ്ടായ ഇടിവ് നികത്താൻ മുന്നേറ്റം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
എസ്ബിഐ മൂലധനം ശക്തിപ്പെടുത്തി മുന്നോട്ട്
പൊതുമേഖലാ ബാങ്കുകളിൽ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എസ്ബിഐആണ്. ബാങ്ക് 7,500 കോടി രൂപ ബോണ്ടുകൾ വഴി സമാഹരിച്ചതിന് പിന്നാലെ ഓഹരി വില 0.88 ശതമാനം ഉയർന്ന് 917.90 എന്ന പുതിയ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി.
അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രതീക്ഷിക്കുന്ന വായ്പാ വളർച്ചയ്ക്ക് മുന്നോടിയായി ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്താൻ ഫണ്ട് സമാഹരണം സഹായിക്കും. ഇത് നിക്ഷേപകർക്ക് ബാങ്കിലുള്ള ശക്തമായ വിശ്വാസമാണ് കാണിക്കുന്നത്. നിലവിൽ 8.45 ലക്ഷം കോടി രൂപയിലധികമാണ് എസ്ബിഐയുടെ വിപണി മൂലധനം.
വിപണി എങ്ങോട്ട്? സാങ്കേതിക വിശകലനം
നിലവിൽ നിഫ്റ്റി 50, 26,069 എന്ന ലെവലിലാണ് വ്യാപാരം നടത്തുന്നത്. 26,080 – 26,100 എന്ന റെസിസ്റ്റൻസ് ലെവലിന് സമീപം ഏകീകരണമുണ്ട്. വിപണിയിലെ "ഗ്യാപ്-അപ്പ് സോണുകൾ" ശക്തമായ ബുൾ തരംഗത്തിന്റെ സൂചന നൽകുന്നു. ഈ ഗ്യാപ്പുകൾ താഴ്ന്ന നിലകളിൽ സപ്പോർട്ട് നൽകാൻ സാധ്യതയുണ്ട്. 25,770 – 25,800 എന്ന ലെവലിലാണ് അടുത്ത സപ്പോർട്ട് സോൺ.
ഉത്സവകാല അനുകൂല ഘടകങ്ങൾ, ശക്തമായ ലിക്വിഡിറ്റി, നയപരമായ പിന്തുണ എന്നിവ വിപണിക്ക് ഗുണകരമാകും എന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്. അതിനാൽ, സൂചികകൾ റെക്കോർഡ് ഉയരത്തിൽ നിൽക്കുമ്പോഴും, ഐടി, ബാങ്കിംഗ്, എഫ്എംസിജി തുടങ്ങിയ മേഖലകളിലെ വരുമാനം മെച്ചപ്പെടുന്ന ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതം.
(Disclaimer: ഓഹരി വിപണി നിക്ഷേപം നഷ്ട സാധ്യതകൾക്കും വിധേയമാണ്. ഓഹരി വിപണിയെക്കുറിച്ചുള്ള സാങ്കേതിക വിശകലനമാണ് ലേഖനം. വായനക്കാർ കൃത്യമായ പഠനം നടത്തി വേണം വിവിധ ഓഹരികളിൽ നിക്ഷേപം നടത്താൻ. )
പഠിക്കാം & സമ്പാദിക്കാം
Home
