21 Aug 2023 7:54 AM IST
റേറ്റിംഗ് മാറ്റാതെ മൂഡിസ്, ഏഷ്യന്‍ വിപണികള്‍ ഇടിവില്‍; ഇന്ത്യന്‍ വിപണിയില്‍ സമ്മര്‍ദം തുടര്‍ന്നേക്കും
MyFin Desk
Summary
- ജിയോ ഫിന്‍ ഇന്ന് അരങ്ങേറ്റം കുറിക്കും
- ഇന്ത്യയിലെ വിഭാഗീയ അസ്വാരസ്യങ്ങള്‍ ചൂണ്ടിക്കാട്ടി മൂഡിസ്
- ഗിഫ്റ്റ് സിറ്റി നഷ്ടത്തില്‍ തുടങ്ങി
തുടര്‍ച്ചയായ നാലാഴ്ച ഇടിവിന്‍റെ കണക്കു പറയുന്ന ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് പുതിയ വ്യാപാര വാരത്തിന് തുടക്കമിടുമ്പോഴും സമ്മിശ്രമായ പ്രവണതകളാണ് മുന്നിലുള്ളത്. ഉയര്‍ന്ന പണപ്പെരുപ്പം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ആഭ്യന്തര തലത്തിലും പലിശ നിരക്ക് ആശങ്ക ആഗോളതലത്തിലും നിക്ഷേപകരെ നിരാശരാക്കുന്നുണ്ട്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ അരങ്ങേറ്റമാണ് ഇന്ത്യന്‍ വിപണിയിലെ ഇന്നത്തെ പ്രധാന സംഭവം.
ഓഗസ്റ്റ് 18 ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മൂഡിസ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് ബിഎഎ 3 എന്നതില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയവും സാമൂഹ്യവുമായ അസ്വസ്ഥതകള്‍ രാജ്യത്ത് പടരുന്നതിനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
" സിവിൽ സമൂഹത്തിലും രാഷ്ട്രീയത്തിലുമുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നത്, വർദ്ധിച്ചുവരുന്ന വിഭാഗീയ പിരിമുറുക്കങ്ങൾ എന്നിവ രാഷ്ട്രീയ അപകടസാധ്യതകളാണ്. സ്ഥാപനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച ദുർബലമായ കാഴ്ചപ്പാടിനെ ഇത് പിന്തുണയ്ക്കുന്നു," മൂഡീസ് പ്രസ്താവനയിൽ പറഞ്ഞു. മണിപ്പൂരിലെ സംഘര്‍ഷാവസ്ഥ ഉള്‍പ്പടെ പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
ഏഷ്യന്‍ വിപണികള്‍ ഇടിവില്‍ തുടങ്ങി
ഇന്ന് പ്രധാന ഏഷ്യന്‍ വിപണികളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓസ്ട്രേലിയ, ഷാങ്ഹായ്, ഹോംഗ്കോംഗ്, തായ്വാന്‍ എന്നിവിടങ്ങളിലെ വിപണികളില്‍ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ടോക്കിയോ വിപണി ഇപ്പോള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ വിപണികളില്‍ പൊതുവേ അനിശ്ചിതത്വം നിഴലിക്കുന്നുണ്ട്.
വെള്ളിയാഴ്ച യുഎസ് വിപണികളില്‍ ഡൗ ജോണ്‍സ് നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നാസ്‍ഡാഖ്, എസ് & പി 500 എന്നിവ നേരിയ നഷ്ടത്തിലായിരുന്നു. യൂറോപ്പിലെ പ്രമുഖ വിപണികള്‍ മിക്കതും നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ഗിഫ്റ്റ് സിറ്റിയില്‍ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണികളുടെ തുടക്കവും നഷ്ടത്തിലായിരിക്കുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
ജിയോ ഫിനാൻഷ്യൽ സർവീസസ്: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസില്‍ നിന്ന് വിഭജിക്കപ്പെട്ട് സ്ഥാപിതമായ ജിയോ ഫിനാൻഷ്യൽ സർവീസസ് (മുമ്പ് റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ്‌സ് ) ഇന്ന് എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്യും. 10 ട്രേഡിംഗ് ദിവസത്തേക്ക് ട്രേഡ് ഫോർ ട്രേഡ് വിഭാഗത്തിലായിരിക്കും ഈ ഓഹരി. അതേ സമയം എഫ്‌ടിഎസ്ഇ സൂചികകളിൽ തുടരുന്ന ജിയോ ഫിനാൻഷ്യൽ സർവീസസ്, ഓഗസ്റ്റ് 23-ന് എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിലേക്ക് ചേർക്കപ്പെടും.
അദാനി പോര്‍ട്‍സ്: യുഎസ് ആസ്ഥാനമായുള്ള ബോട്ടിക് നിക്ഷേപ സ്ഥാപനമായ GQG പാർട്‌ണേഴ്‌സ് അദാനി പോർട്ട്‌സ് & സ്പെഷ്യൽ ഇക്കണോമിക് സോണിലെ (APSEZ) ഓഹരി 5 ശതമാനമായി ഉയർത്തി.
എന്‍എംഡിസി: എന്‍എംഡിസി ബോർഡിൽ അമിതാവ മുഖർജിയുടെ ഡയറക്ടർ (ധനകാര്യം) ആയുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2023 നവംബർ 20 മുതൽ 2028 ഫെബ്രുവരി 29 വരെയാണ് ഇതിന് പ്രാബല്യമുള്ളത്. 2018 നവംബർ 11 നാണ് ഡയറക്റ്ററായി ആദ്യം നിയമിച്ചത്.
കെഇസി ഇന്റർനാഷണൽ: ആർപിജി ഗ്രൂപ്പ് കമ്പനി അതിന്റെ വിവിധ ബിസിനസുകളിലായി 1,007 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടി.
ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ: ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 30 ശതമാനം വർധിച്ച് 98.6 ലക്ഷത്തിലെത്തി, എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് ഇത് കാര്യമായ മാറ്റമില്ലാത്തതാണ്. അതേസമയം എയര്‍ക്രാഫ്റ്റ് മൂവ്‍മെന്‍റ് വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനവും മാസാടിസ്ഥാനത്തിൽ 3 ശതമാനവും ഉയർന്ന് 64,809 ല്‍ എത്തി.
ക്രൂഡ് ഓയിലും സ്വര്‍ണവും
യുഎസ് ഉൽപ്പാദനം മന്ദഗതിയിലാക്കുന്നതിന്റെ സൂചനയെ തുടര്‍ന്ന് വെള്ളിയാഴ്ച എണ്ണവില 1 ശതമാനം ഉയർന്നു, വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചറുകൾ 86 സെന്റ് അഥവാ 1.1 ശതമാനം ഉയർന്ന് ബാരലിന് 81.25 ഡോളറിലും ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 68 സെന്റ് അഥവാ 0.8 ശതമാനം ഉയർന്ന് ബാരലിന് 84.80 ഡോളറിലും എത്തി.
വെള്ളിയാഴ്ച സ്വർണ്ണത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല, എന്നാൽ ഫെഡ് റിസര്‍വ് പലിശ നിരക്ക് ഇനിയും ഉയര്‍ത്തുമെന്ന ഊഹാപോഹങ്ങളെ തുടര്‍ന്ന് ബുള്ളിയൻ തുടർച്ചയായ മൂന്നാമത്തെ ആഴ്‌ചയിലും ഇടിവ് രേഖപ്പെടുത്തി.. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,887.79 ഡോളർ എന്ന നിലയിലാണ്. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്ന് 1,916.5 ഡോളറിലെത്തി.
വിദേശ ഫണ്ടുകളുടെ വരവ്
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 266.98 കോടി രൂപയുടെ ഓഹരികൾ വെള്ളിയാഴ്ച വിറ്റപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 339.18 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 986.97 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് വെള്ളിയാഴ്ച ഇക്വിറ്റികളില്‍ നടത്തിയത്. അതേസമയം ഡെറ്റ് വിപണിയില്‍ 174.20 കോടി രൂപയുടെ വാങ്ങലും എഫ്‍പിഐകള്‍ നടത്തി.
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല
പഠിക്കാം & സമ്പാദിക്കാം
Home
