image

26 Oct 2023 7:46 AM IST

Stock Market Updates

നെഗറ്റിവ് തരംഗം തുടരുന്നു, ബ്രെന്‍റ് ക്രൂഡ് വീണ്ടും 90 ഡോളറിനു മുകളില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market|Trade
X

Summary

  • യുഎസ് ട്രഷറി ആദായം വീണ്ടും 5 ശതമാനത്തിന് അടുത്തേക്ക്
  • ആഭ്യന്തര നിക്ഷേപകരില്‍ വിലക്കയറ്റ ആശങ്ക കനക്കുന്നു
  • ഏഷ്യന്‍വിപണികള്‍ ഇടിവില്‍ തുടങ്ങി


പശ്ചിമേഷ്യയിലെ യുദ്ധവും, ക്രൂഡ് വിലയിലും യുഎസ് ട്രഷറി ആദായത്തിലും ഉണ്ടായ കയറ്റവും സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്ന് ഇന്നലത്തെ വ്യാപാരത്തില്‍ മിക്ക ഏഷ്യന്‍വിപണികളും തിരിച്ചുവരവിന്‍റെ പാത പ്രകടമാക്കി. എങ്കിലും ഇന്ത്യന്‍ വിപണികള്‍ നഷ്ടത്തില്‍ തുടര്‍ന്നു. യുദ്ധവും ക്രൂഡ് വിലയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താരതമ്യേന കൂടുതല്‍ ബാധിച്ചേക്കാം എന്നതിനൊപ്പം പ്രതീക്ഷക്കൊത്തുയരാത്ത കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങളും നിക്ഷേപകരുടെ വികാരത്തെ നെഗറ്റിവായി ബാധിച്ചു. ബിഎസ്ഇ സെൻസെക്‌സ് 523 പോയിന്റ് താഴ്ന്ന് 64,049ലും നിഫ്റ്റി 160 പോയിന്റ് താഴ്ന്ന് 19,122ലും എത്തി.

ഇന്ന് ആഗോള വിപണികള്‍ വീണ്ടും നെഗറ്റിവിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ബ്രെന്‍റ് ക്രൂഡ് വില ഉയര്‍ന്ന് ബാരലിന് വീണ്ടും 90 ഡോളറിന് മുകളിലേക്ക് എത്തി. ക്രൂഡ് വില ഉയരുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം വീണ്ടും രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത് പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ ആഭ്യന്തര നിക്ഷേപകരില്‍ ശക്തമാക്കി.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,077 ലും തുടർന്ന് 19,012 ലും 18,908 ലും പിന്തുണ നേടിയേക്കാം എന്നാണ് വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,147 പ്രധാന പ്രതിരോധം ആകാം, തുടർന്ന് 19,350ഉം 19,454ഉം.

ആഗോള വിപണികളില്‍ ഇന്ന്

10 വര്‍ഷ ബോണ്ട് ആദായം വീണ്ടും 5 ശതമാനത്തിന് അടുത്തേക്ക് ഉയര്‍ന്നതിന്‍റെയും സമ്മിശ്രമായ കോര്‍പ്പറേറ്റ് പാദഫലങ്ങളുടെയും ഫലമായി യുഎസ് വിപണികള്‍ ബുധനാഴ്ചത്തെ വ്യാപാരം ഇടിവിലാണ് അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇന്‍റസ്ട്രിയല്‍ ആവറേജ് 0.27 ശതമാനവും എസ് & പി 500 1.36 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 2.29 ശതമാനവും ഇടിഞ്ഞു.

യുഎസ് വിപണികളിലെ നെഗറ്റിവ് പ്രവണത ഏറ്റുവാങ്ങുന്ന തരത്തിലാണ് ഏഷ്യന്-പസഫിക് വിപണികളില്‍ ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ചെെന, ജപ്പാന്‍, ഹോംഗ്കോംഗ്, ദക്ഷിണ കൊറിയാ എന്നിവിടങ്ങളിലെ പ്രധാന വിപണികളെല്ലാം ചുവപ്പിലാണ്. യൂറോപ്യന്‍ വിപണികള്‍ സമ്മിശ്രമായ തലത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

ഗിഫ്റ്റ് നിഫ്റ്റി ഇന്ന് ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം ഇടിവിലായിരിക്കും എന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഐആർഎം എനർജി: ഗുജറാത്ത് ആസ്ഥാനമായുള്ള ഗ്യാസ് വിതരണ കമ്പനി ഒക്ടോബർ 26-ന് ബിഎസ്ഇയിലും എൻഎസ്ഇയിലും അരങ്ങേറ്റം കുറിക്കും. അന്തിമ ഇഷ്യൂ വില ഓഹരിയൊന്നിന് 505 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

ആക്‌സിസ് ബാങ്ക്: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 5,864 കോടി രൂപ ലാഭം രേഖപ്പെടുത്തി, 10 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത്. ഈ പാദത്തിൽ അറ്റ ​​പലിശ വരുമാനം 19 ശതമാനം വർധിച്ച് 12,315 കോടി രൂപയായി. നിക്ഷേപങ്ങളില്‍ 18 ശതമാനത്തിന്‍റെയും വായ്പകളില്‍ 23 ശതമാനത്തിന്‍റെയും വളര്‍ച്ചയുണ്ടായി.

ടെക് മഹീന്ദ്ര: ജൂലൈ-സെപ്റ്റംബർ കാലയളവിൽ 494 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തി, മുന്‍പാദത്തെ അപേക്ഷിച്ച് 29 ശതമാനം ഇടിവ്. ഇബിഐടിയിലും മാർജിനിലും കുത്തനെ ഇടിവുണ്ടായി. മുൻ പാദത്തെ അപേക്ഷിച്ച് ഏകീകൃത വരുമാനം 2.2 ശതമാനം ഇടിഞ്ഞ് 12,864 കോടി രൂപയിലെത്തി.

ജൂബിലന്‍റ് ഫുഡ് വര്‍ക്ക്സ്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഫുഡ് സർവീസ് കമ്പനിയുടെ സ്‍റ്റാന്‍റ് എലോണ്‍ ലാഭം 39.5 ശതമാനം ഇടിവ് രേഖപ്പെടുത്തി 72.1 കോടി രൂപയായി. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4.5 ശതമാനം വർധിച്ച് 1,344.8 കോടി രൂപയായി.

ചെന്നൈ പെട്രോളിയം കോർപ്പറേഷൻ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഈ അനുബന്ധ സ്ഥാപനം ജൂലൈ-സെപ്റ്റംബർ കാലയളവിൽ 1,190.56 കോടി രൂപ ലാഭം രേഖപ്പെടുത്തി, മുൻ പാദത്തേക്കാൾ 117 ശതമാനം വളര്‍ച്ചയാണിത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം (എക്‌സൈസ് തീരുവ ഒഴികെ) 12.2 ശതമാനം വർധിച്ച് 16,544.6 കോടി രൂപയായി.

ചാലറ്റ് ഹോട്ടൽസ്: ഈ ഹോട്ടൽ ശൃംഖല രണ്ടാം പാദത്തില്‍ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തി, ഏകീകൃത ലാഭം 131.4 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 36.4 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 27 ശതമാനം ഉയർന്ന് 314.5 കോടി രൂപയായി.

ക്രൂഡ് ഓയിലും സ്വര്‍ണവും

മിഡിൽ ഈസ്റ്റിലെ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകളില്‍ ബുധനാഴ്ച എണ്ണവില ഏകദേശം 2% ഉയർന്നു, എന്നാൽ ഉയർന്ന യുഎസ് ക്രൂഡ് ഇൻവെന്ററികളും യൂറോപ്പിലെ ഇരുണ്ട സാമ്പത്തിക സാധ്യതകളും നേട്ടങ്ങൾ പരിമിതപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.06 ഡോളർ അഥവാ 2.34 ശതമാനം ഉയർന്ന് ബാരലിന് 90.13 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 1.65 ഡോളർ അഥവാ 1.97 ശതമാനം ഉയർന്ന് ബാരലിന് 85.39 ഡോളറിലെത്തി.

സ്വര്‍ണം ഇന്നലത്തെ വ്യാപാരത്തിലും മുന്നേറ്റം പ്രകടമാക്കി. സ്‌പോട്ട് ഗോൾഡ് 0.5 ശതമാനം ഉയർന്ന് ഔൺസിന് 1,979.79 ഡോളറിലെത്തി, യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.3% ഉയർന്ന് $1,991.90 ആയി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‍ഐഐ) ഒക്‌ടോബർ 25ന് 4,236.60 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 3,569.36 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം