image

8 Dec 2023 3:47 PM IST

Stock Market Updates

നിഫ്റ്റിയുടെ ക്ലോസിംഗ് 21,000ന് അരികെ; സെന്‍സെക്സ് 70,000ന് അരികെ

MyFin Desk

നിഫ്റ്റിയുടെ ക്ലോസിംഗ് 21,000ന് അരികെ; സെന്‍സെക്സ് 70,000ന് അരികെ
X

Summary

  • ഇടവ്യാപാരത്തിനിടെ ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 21,000 കടന്നു
  • ഐടി ഓഹരികളിലും ബാങ്കിംഗ് ഓഹരികളിലും മികച്ച വാങ്ങല്‍


ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി. യുഎസ് വിപണികളില്‍ നിന്നുള്ള ശുഭ സൂചനയും റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതും യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയതും നിക്ഷേപക വികാരത്തെ പിന്തുണച്ചു.

ഐടി ഓഹരികളിലും ബാങ്കിംഗ് ഓഹരികളിലും മികച്ച വാങ്ങല്‍ പ്രകടമായപ്പോള്‍ എഫ്എംസിജി ഓഹരികള്‍ ഇടിവിലായിരുന്നു. നിഫ്റ്റി 68.25 പോയിൻറ് അഥവാ 0.33 ശതമാനം ഉയർന്ന് 20,969.40ലും സെൻസെക്സ് 304 പോയിൻറ് അഥവാ 0.44 ശതമാനം ഉയർന്ന് 69,825.60ലും ക്ലോസ് ചെയ്തു. ഇടവ്യാപാരത്തിനിടെ നിഫ്റ്റി ചരിത്രത്തില്‍ ആദ്യമായി 21,000 പോയിന്‍റിന് മുകളില്‍ കയറി 21,006.10 എന്ന സര്‍വകാല ഉയരത്തിലെത്തി. സെന്‍സെക്സ് ഇടവ്യാപാരത്തിനിടെ 69,893.80 എന്ന സര്‍വകാല ഉയരം കുറിച്ചു.

എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയവയാണ് സെന്‍സെക്സില്‍ മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍. ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ സ്ഥാപന നിക്ഷേപകർ വ്യാഴാഴ്ച 1,564.03 കോടി രൂപയുടെ അറ്റവില്‍പ്പന ഓഹരികളില്‍ നടത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദ്വിമാസ പണ നയ തീരുമാനത്തിൽ പലിശ നിരക്കിൽ തൽസ്ഥിതി നിലനിർത്തി.

ഏഷ്യന്‍ വിപണികളില്‍, ഷാങ്ഹായ്, സിയോൾ എന്നിവ നേട്ടത്തിലും ടോക്കിയോയും ഹോങ്കോങ്ങും നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച രാത്രി വ്യാപാരത്തിൽ യുഎസ് വിപണികൾ കാര്യമായ നേട്ടത്തോടെയാണ് അവസാനിച്ചത്, നാസ്ഡാക്ക് 1 ശതമാനത്തിലധികം ഉയർന്നു.

വ്യാഴാഴ്ച സെന്‍സെക്സ് 132.04 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 69,521.69 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 36.55 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 20,901.15 ൽ എത്തി.