image

1 Dec 2023 10:25 AM IST

Stock Market Updates

പുതിയ ഉയരങ്ങള്‍ തൊട്ട് നിഫ്റ്റി, വിപണികളില്‍ ജല്ലിക്കെട്ട്

MyFin Desk

nifty hits new highs, markets jallikattu
X

Summary

  • പ്രതീക്ഷയ്ക്കു മുകളിലുള്ള ജിഡിപി നിക്ഷേപക വികാരത്തെ പിന്തുണച്ചു
  • എഫ്‍ഐഐ-കള്‍ ഇന്ത്യന്‍ വിപണിയിലെ വാങ്ങല്‍ ശക്തമാക്കി


പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് ഓഹരി വിപണികളില്‍ കാളകളുടെ കുതിപ്പ് തുടരുന്നു. തുടക്ക വ്യാപാരം മുതല്‍ പച്ചയില്‍ തുടരുകയാണ് സെന്‍സെക്സും നിഫ്റ്റിയും. പുതിയ സര്‍വകാല ഉയരങ്ങള്‍ പിന്നിട്ടുകൊണ്ടാണ് നിഫ്റ്റി മുന്നിലേക്ക് കുതിക്കുന്നത്. രാവിലെ 10.05നുള്ള വിവരം അനുസരിച്ച് സെന്‍സെക്സ് 407.77 പോയിന്‍റ് (0.61%) നേട്ടത്തോടെ 67,396.21 ലും നിഫ്റ്റി 111.65 പോയിന്‍റ് (0.55%) മുന്നേറി 20,244.80ലും ആണ്, വ്യാപാരത്തിനിടെ 20,259.55 എന്ന സര്‍വകാല ഇന്‍ട്രാ ഡേ ഉയരത്തിലേക്ക് വരെ നിഫ്റ്റി കയറിയിട്ടുണ്ട്.

പ്രതീക്ഷകളേക്കാള്‍ മികച്ച ജിഡിപി കണക്കുകളും ശുഭകരമായ ആഗോള സൂചനകളുമാണ് വിപണികളെ ആവേശത്തിലാക്കുന്നത്. മാനുഫാക്ചറിംഗ് രംഗത്ത് മെച്ചപ്പെട്ട വളര്‍ച്ച ഇന്ത്യ തുടരുന്നുവെന്നും ആഭ്യന്തര ഉപഭോഗം ശക്തമായി തുടരുന്നുവെന്നും ഇന്നലെ പുറത്തിറങ്ങിയ ജിഡിപി കണക്ക് വ്യക്തമാക്കുന്നു. യുഎസിലെ പണപ്പെരുപ്പം കുറയുന്നത് ഫെഡ് റിസര്‍വ് പലിശകള്‍ കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുക കൂടി ചെയ്തതോടെ എഫ്‍ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വാങ്ങലിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ്, മാരുതി, സൺ ഫാർമ, ഐടിസി, ഇൻഡസ്ഇൻഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടൈറ്റൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവ ഇടിവ് നേരിടുന്നു

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 8,147.85 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. സെപ്തംബർ പാദത്തിൽ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന 7.6 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനൊപ്പം അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കുള്ള സാധ്യതകള്‍ നല്‍കുന്നില്ലാ എന്നും നിക്ഷേപകര്‍ വിലയിരുത്തുന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിരക്കിലാണ്. യുഎസ് വിപണികൾ വ്യാഴാഴ്ച മിക്കതും നേട്ടത്തോടെയാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.32 ശതമാനം ഇടിഞ്ഞ് ബാരലിന് 82.83 ഡോളറിലെത്തി.

ബിഎസ്ഇ ബെഞ്ച്മാർക്ക് 86.53 പോയിന്റ് അഥവാ 0.13 ശതമാനം ഉയർന്ന് 66,988.44 എന്ന നിലയിലാണ് വ്യാഴാഴ്ച അവസാനിച്ചത്. നിഫ്റ്റി 36.55 പോയിന്റ് അഥവാ 0.18 ശതമാനം ഉയർന്ന് 20,133.15 ലെത്തി.