24 Feb 2026 10:43 AM IST
ഐടിയില്‍ തിരിച്ചടി: റേറ്റിങ് വെട്ടികുറച്ച് ബ്രോക്കറേജുകള്‍! ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ
MyFin Desk
ഓഹരി വിപണിയിലെ ഇടിവ് സൂചിപ്പിക്കുന്ന ഗ്രാഫും ഐടി കമ്പനികളുടെ ലോഗോയും
Summary
പ്രമുഖ കമ്പനികളുടെ ലക്ഷ്യവിലയിൽ 30 ശതമാനം വരെ കുറവ്; നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ
എഐ ആഘാതത്തിനൊപ്പം ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് ഐടി സെക്ടറിന് നല്‍കിയ ഡൗണ്‍ഗ്രേഡ് റേറ്റിംഗ് ഐടി ഓഹരികളെ കൂപ്പുകുത്തിച്ചു. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് എന്നിവയെ ഹോള്‍ഡ് വിഭാഗത്തിലേക്കും, ടിസിഎസ്, എല്‍ടിഐ മൈന്‍ഡ് ട്രീ എന്നിവയെ 'അണ്ടര്‍പെര്‍ഫോം' വിഭാഗത്തിലേക്കും അവര്‍ മാറ്റി. ലക്ഷ്യവിലയില്‍ 30 ശതമാനം വരെയാണ് അവര്‍ കുറവ് വരുത്തിയത്. ഐടി മേഖല ഇനി സര്‍വീസ് അധിഷ്ഠിത മോഡലില്‍ നിന്ന് കണ്‍സള്‍ട്ടിംഗ് മോഡലിലേക്ക് മാറേണ്ടി വരുമെന്നും ഇത് ലാഭക്ഷമതയെ ബാധിക്കുമെന്നും ജെഫ്രീസ് മുന്നറിയിപ്പ് നല്‍കുന്നു.എന്നാല്‍ ഇതിനിടയിലും പ്രത്യാശയുടെ ഒരു കച്ചിത്തുരുമ്പ് സിഎല്‍എസ്എ നല്‍കുന്നുണ്ട്. ഐടി മേഖലയിലെ എഐ ഭീതി അമിതമാണെന്നാണ് അവരുടെ പക്ഷം. നിലവില്‍ ക്ലയന്റുകളുടെ ഭാഗത്ത് നിന്ന് വലിയ മാറ്റങ്ങളൊന്നും പ്രകടമല്ലെന്നും, എഐ ഒരു പകരക്കാരനാകുന്നതിന് പകരം ഉല്‍പ്പാദനക്ഷമത കൂട്ടാനുള്ള ഒരു ഉപകരണം മാത്രമായി തുടരുമെന്നും അവര്‍ നിരീക്ഷിക്കുന്നു. എങ്കിലും വിപണിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് അവരും ടാര്‍ഗെറ്റ് പ്രൈസുകള്‍ കുറച്ചിട്ടുണ്ട്.ഇന്ത്യന്‍ ഐടി മേഖല ഒരു വലിയ പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേവലം കോഡിംഗും മെയിന്റനന്‍സും കൊണ്ട് മാത്രം ഇനി കമ്പനികള്‍ക്ക് മുന്നോട്ട് പോകാനാകില്ല. ആന്ത്രോപിക്കിന്റെ ക്ലോഡ് കോഡ് പോലുള്ള ടൂളുകള്‍ ഐടി കമ്പനികളുടെ ബിസിനസ് മോഡലിനെ വെല്ലുവിളിക്കുന്നുണ്ട്. നിക്ഷേപകര്‍ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. ലോംഗ് ടേം പോര്‍ട്ട്ഫോളിയോ ഉള്ളവര്‍ കമ്പനികള്‍ എങ്ങനെ എഐയെ തങ്ങളുടെ ബിസിനസ്സിലേക്ക് സംയോജിപ്പിക്കുന്നു എന്ന് നിരീക്ഷിച്ച ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുവെന്നാണ് വിപണി വിദഗ്ധര്‍ വ്യക്തമാക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
