1 Feb 2024 3:55 PM IST
ബജറ്റ് കാര്യമായ ചലനമുണ്ടാക്കിയില്ല; വിപണികള്‍ക്ക് നഷ്ടത്തില്‍ ക്ലോസിംഗ്
MyFin Desk
Summary
- പൊതുമേഖലാ ബാങ്കുകള്‍ മികച്ച നേട്ടത്തില്‍
- വലിയ ഇടിവ് മീഡിയക്കും മെറ്റലിനും
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നെഗറ്റിവ്
യുഎസ് ഫെഡ് പലിശ നിരക്ക് ഉടനെ കുറക്കില്ലെന്ന പ്രഖ്യാപനത്തിന്‍റെയും ആഗോള വിപണികളിലെ നെഗറ്റിവ് പ്രവണതകളുടെയും പശ്ചാത്തലത്തില്‍ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് ഇടിവിലേക്ക് നീങ്ങി. കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ റെയില്‍ ഓഹരികള്‍ ഇടിവിന് ഇടയാക്കിയിട്ടുണ്ട്, എങ്കിലും വിശാലമായ വിപണിയില്‍ കാര്യമായ ചലനം ബജറ്റ് ഉണ്ടാക്കിയിട്ടില്ല.
സെന്‍സെക്സ് 106.81 പോയിന്‍റ് അഥവാ 0.15 ശതമാനം താഴ്ന്ന് 71,645.30ല്‍ എത്തി. നിഫ്റ്റി 28.25 പോയിന്‍റ് അഥവാ 0.13 ശതമാനം ഇടിവോടെ 21,725.70ല്‍ എത്തി.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.56 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.63 ശതമാനം മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.40 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.22 ശതമാനവും താഴ്ന്നു
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ മീഡിയ മേഖലയാണ് ഇന്ന് ഏറ്റവും വലിയ ഇടിവ് നേരിട്ടത്, 1.09 ശതമാനം. മെറ്റല്‍ 1.03 ശതമാനം ഇടിവിലാണ്. റിയല്‍റ്റി (0.94%) , ആരോഗ്യ പരിപാലനം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഫാര്‍മ, ഐടി. ഓയില്‍-ഗ്യാസ് എന്നിവയും നഷ്ടം രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളാണ് ഏറ്റവും വലിയ നേട്ടത്തിലുള്ളത്, 3.11 ശതമാനം. സ്വകാര്യ ബാങ്ക്, ബാങ്ക്, എഫ്എംസിജി, ഓട്ടോ തുടങ്ങിയവയും നേട്ടത്തിലായിരുന്നു.
നിഫ്റ്റി 50-യില്‍ മാരുതി (4.09%), പവര്‍ഗ്രിഡ് (2.68%), സിപ്ല (2.44%),എസ്ബിഐ ലൈഫ് (2.34%), എഷര്‍ മോട്ടോര്‍സ് (2.11%), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഗ്രാസിം (2.60%), എല്‍ടി (2.35%), അള്‍ട്രാടെക് സിമന്‍റ് (2.34%),ഡോ റെഡ്ഡീസ് (2.14%), ജെഎസ്ഡബ്ല്യു സ്‍റ്റീല്‍ (1.89%) എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ മാരുതി (4.40 %), പവര്‍ഗ്രിഡ് (2.49 %), ആക്സിസ് ബാങ്ക് (1.57 %), എന്‍ടിപിസി (1.32 %) എസ്‍ബിഐ (1.12 %) എന്നിവ മികച്ച നേട്ടം കൊയ്തു. എല്‍ടി (4.19 %), അള്‍ട്രാടെക് സിമന്‍റ് (2.34%),ജെഎസ്ഡബ്ല്യു സ്‍റ്റീല്‍ (2.03 %) ടൈറ്റന്‍ (1.93 %), ബജാജ് ഫിനാന്‍സ് (1.75 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നെഗറ്റിവ് തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ് എന്നിവ ഇടിവിലാണ് ക്ലോസ് ചെയ്തത്. ദക്ഷിണ കൊറിയയുടെ കോസ്പി നേട്ടത്തിലായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
