4 Sept 2023 8:02 AM IST
Day trading guide for today: Five stocks to buy or sell on Thursday — September 21
Summary
- യുഎസ് സെക്യൂരികളിലെ വരുമാന വളര്‍ച്ച വിദേശ നിക്ഷേപങ്ങളെ ബാധിക്കും
- ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ തുടങ്ങി
അഞ്ച് വാരത്തിലെ നഷ്ടങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വാരം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 1ന് സെൻസെക്‌സ് 556 പോയിന്റ് അഥവാ 0.86 ശതമാനം ഉയർന്ന് 65,387ലും നിഫ്റ്റി 182 പോയിന്റ് അഥവാ 0.94 ശതമാനം ഉയർന്ന് 19,435ലും എത്തി, പുതിയ മാസത്തിന് പൊസിറ്റിവായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ കറക്ഷനു ശേഷം വാങ്ങലിലേക്ക് നീങ്ങാവുന്ന പ്രവണതയിലേക്ക് വിപണി എത്തിയിട്ടുണ്ട് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. യുഎസ് പലിശ നിരക്ക് വര്‍ധന അവസാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ ശക്തമായതും ചൈനയുടെ സാമ്പത്തിക ഉത്തേജന നടപടികളും ആഗോള തലത്തിലും വിപണികളിലെ വികാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിലും യുഎസ് സെക്യൂരിറ്റികളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചത് ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാഷ്ട്രങ്ങളിലേക്കുള്ള വിദേശ നിക്ഷേപത്തിന്‍റെ വരവിനെ ബാധിക്കാനിടയുണ്ട്.
നിഫ്റ്റിയുടെ പിന്തുണയും പ്രതിരോധവും
നിഫ്റ്റിക്ക് 19,306 ലും തുടർന്ന് 19,258ലും 19,180ലും സപ്പോര്‍ട്ട് ലഭിക്കുമെന്നാണ്. ഒരു ഉയർച്ചയുണ്ടായാൽ, 19,461 ആണ് പ്രധാന റെസിസ്റ്റന്‍സ്, തുടർന്ന് 19,509ഉം 19,586ഉം.
ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍ തുടങ്ങി
ഓസ്‌ട്രേലിയയിലെ, എസ്&പി/എഎസ്എക്സ് 200, ജപ്പാനിലെ നിക്കെയ് , ടോപിക്‌സ് , ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലായി. ഹോംഗ്കോംഗ് വിപണി ഇടിവിലും ഷാങ്ഹായ് വിപണി നേട്ടത്തിലും തുറക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
യുഎസ് വിപണികളില്‍ ഡൗ ജോണ്‍സ് വെള്ളിയാഴ്ച 0.33 ശതമാനം ഉയർന്നു, എസ് ആന്‍ഡി പി 500 ഏകദേശം 0.18 ശതമാനം കൂടി, നാസ്ഡാക്ക് കോമ്പോസിറ്റ് 0.02 ശതമാനം ഇടിഞ്ഞു.
15 പോയിന്‍റിന്‍റെ നേട്ടത്തോടെയാണ് ഇന്ന് ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളും നേട്ടത്തില്‍ തുടങ്ങുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ഐടിസി: മധ്യ പ്രദേശിലെ സാഹോറില്‍ രണ്ട് പ്ലാന്‍റുകള്‍ ആരംഭിക്കുന്നതിന് 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഐടിസി പ്രഖ്യാപിച്ചു. ഒരു ഫുഡ് മാനുഫാക്ചറിംഗ് പ്ലാന്‍റും ഒരു സുസ്ഥിര പാക്കേജിംഗ് സംവിധാനവുമാണ് ഒരുക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്: മാനേജിംഗ് ഡയറക്ടർ ആന്‍ഡ് സിഇഒ ഉദയ് കൊട്ടക്കിന്‍റെ രാജി സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നു. അദ്ദേഹം ഇനി നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറാകും. ഇടക്കാല ക്രമീകരണമെന്ന നിലയിൽ, ആർബിഐയുടെയും ബാങ്ക് അംഗങ്ങളുടെയും അംഗീകാരത്തിന് വിധേയമായി ഡിസംബർ 31 വരെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദീപക് ഗുപ്ത എംഡിയുടെയും സിഇഒയുടെയും ചുമതലകൾ നിർവഹിക്കും.
ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്രാ: ഉത്തർപ്രദേശിലെ പൂർവാഞ്ചലിൽ സ്മാർട്ട് മീറ്ററിംഗ് പദ്ധതി നടപ്പിലാക്കുന്നതിനായി പൂർവാഞ്ചൽ വിദ്യുത് വിത്രൻ നിഗത്തിൽ നിന്ന് ഉപകമ്പനിയായ ജിഎംആർ സ്മാർട്ട് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷന് (ജിഎസ്ഇഡിപിഎൽ) ലെറ്റർ ഓഫ് അവാർഡ് ലഭിച്ചു. പ്രയാഗ്‌രാജ് & മിർസാപൂർ സോണിന്റെ മൊത്തം കരാർ മൂല്യം ഏകദേശം 2,386.72 കോടി രൂപയും വാരണാസി & അസംഗഢ് സോണിന്റെത് ഏകദേശം 2,736.65 കോടി രൂപയുമാണ്.
ഹിൻഡാൽകോ ഇൻഡസ്ട്രീസ്: 26 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനായി റിന്യൂവബിൾ എനർജി കമ്പനിയായ സെവൻ റിന്യൂവബിൾ പവറുമായി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് കരാറില്‍ ഏര്‍പ്പെട്ടു.
ഹീറോ മോട്ടോകോർപ്: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ കമ്പനി ഓഗസ്റ്റിൽ 4.89 ലക്ഷം യൂണിറ്റുകൾ വിതരണം ചെയ്തു, മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 4.63 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 5.6 ശതമാനം വളർച്ച. ആഭ്യന്തര വിൽപ്പന 4.9 ശതമാനം വർധിച്ച് 4.73 ലക്ഷം യൂണിറ്റിലെത്തി, കയറ്റുമതി 32.87 ശതമാനം ഉയർന്ന് 15,770 യൂണിറ്റിലെത്തി.
ഐഷർ മോട്ടോഴ്‌സ്: ഓഗസ്റ്റിലെ റോയൽ എൻഫീൽഡിന്റെ മൊത്തം വിൽപ്പന 77,583 യൂണിറ്റായി. മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 70,112 ബൈക്കുകളെ അപേക്ഷിച്ച് 11 ശതമാനം വർധന, കയറ്റുമതി 13 ശതമാനം വർധിച്ച് 8,190 യൂണിറ്റിലെത്തി.
ബയോകോൺ: ഐവ ഫാർമ ഇങ്കിന്റെ ന്യൂജേഴ്‌സിയിലെ ഓറൽ സോളിഡ് ഡോസേജ് മാനുഫാക്ചറിംഗ് സൗകര്യം സെപ്തംബർ 1-ന് 7.7 ദശലക്ഷം ഡോളർ നൽകി ഉപകമ്പനി ബയോകോണ്‍ ജനറിക്സ് ഏറ്റെടുത്തു.
ക്രൂഡ് ഓയിലും സ്വര്‍ണവും
ഒപെക് + എണ്ണ ഉൽപ്പാദകരുടെ ഗ്രൂപ്പ് ഈ വർഷം അവസാനം വരെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന വിലയിരുത്തലുകള്‍ ശക്തമായതോടെ വെള്ളിയാഴ്ച തുടർച്ചയായ നാലാമത്തെ സെഷനിലും എണ്ണവില ഉയർന്നു. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) 81 സെൻറ് ( ഒരു ശതമാനം) ഉയർന്ന് ബാരലിന് 84.45 ഡോളറായും ബ്രെന്റ് ക്രൂഡ് 82 സെൻറ് അഥവാ 0.9 ശതമാനം ഉയർന്ന് ബാരലിന് 87.65 ഡോളറായും. ആഴ്ചയിൽ ഡബ്ല്യുടിഐ 5 ശതമാനത്തിലധികം ഉയർന്നപ്പോൾ ബ്രെന്റ് ഏകദേശം 3 ശതമാനം ഉയർന്നു.
വെള്ളിയാഴ്ച സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.05 ശതമാനം ഇടിഞ്ഞ് 1,938.79 ഡോളറിലെത്തി. ഡിസംബർ ഡെലിവറിക്കുള്ള യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.02 ശതമാനം ഉയർന്ന് 1,966.20 ഡോളറിലെത്തി.
വിദേശ ഫണ്ടുകളുടെ വരവ്
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 487.94 കോടി രൂപയുടെ ഓഹരികൾ വെള്ളിയാഴ്ച വാങ്ങി, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 2,294.93 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 1258.56 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഓഹരികളില്‍ വെള്ളിയാഴ്ച നടത്തിയത്. ഡെറ്റ് വിപണിയില്‍ 170.04 കോടി രൂപയുടെ അറ്റ നിക്ഷേപവും എഫ്‍പിഐകള്‍ നടത്തി.
ബാധ്യതാനിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല
പഠിക്കാം & സമ്പാദിക്കാം
Home
