3 Nov 2023 7:59 AM IST
ആഗോള വിപണികള്‍ പോസിറ്റിവ്; സേവന പിഎംഐ ഇന്നറിയാം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- യുഎസ് വിപണികള്‍ വ്യാഴാഴ്ച വ്യാപാരത്തില്‍ 2 ശതമാനത്തിനടുത്ത് മുന്നേറി
- വരുമാന പ്രഖ്യാപനങ്ങളില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ
- ഏഷ്യന്‍ വിപണികളുടെ തുടക്കം നേട്ടത്തില്‍
രണ്ട് ദിവസത്തെ തിരുത്തലിനു ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെ തിരിച്ചുവരവ് പ്രകടമാക്കി. ബിഎസ്‌ഇ സെൻസെക്സ് 490 പോയിന്റ് ഉയർന്ന് 64,081 ലും നിഫ്റ്റി 50 144 പോയിന്റ് ഉയർന്ന് 19,133 ലും എത്തി. പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയ യുഎസ് ഫെഡ് റിസര്‍വിന്‍റെ തീരുമാനം ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കി. യുഎസ് ട്രഷറി ആദായം താഴോട്ടുവന്നത്, ക്രൂഡ് വില ബാരലിന് 90 ഡോളറിന് താഴെ തുടര്‍ന്നത് എന്നിവയെല്ലാം നിക്ഷേപക വികാരത്തെ പിന്തുണച്ചു.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്‍റെ സ്വാധീനം വിപണിയില്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും സംഘര്‍ഷാവസ്ഥ കനക്കുന്നതും ദീര്‍ഘമായി തുടരുന്നതും ആഗോള തലത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ആഭ്യന്തര നിക്ഷേപകര്‍ ഇപ്പോള്‍ കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങളിലും പോയ മാസത്തിലെ സാമ്പത്തിക ഡാറ്റകളിലും ശ്രദ്ധ നല്‍കുകയാണ്.
മുന്‍ മാസങ്ങളെ അപേക്ഷിച്ച് താണെങ്കിലും മികച്ച മാനുഫാക്ചറിംഗ് വളര്‍ച്ച ഒക്റ്റോബറിലും നേടാനായിട്ടുണ്ട്. മികച്ച ജിഎസ്‍ടി സമാഹരണവും രേഖപ്പെടുത്തി. വിവിധ കമ്പനികള്‍ പുറത്തുവിടുന്ന വാഹന വില്‍പ്പനയുടെ കണക്കുകളും നിക്ഷേപകര്‍ പരിശോധിക്കുകയാണ്. സേവന മേഖലയുടെ പിഎംഐ ഇന്ന് പുറത്തുവരും.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,082 ലും പിന്നീട് 19,056 ലും 19,013 ലും പിന്തുണ നേടിയേക്കാം എന്നാണ് വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,167 പെട്ടെന്നുള്ള പ്രതിരോധമാണ്, തുടര്‍ന്ന് 19,193ഉം 19,235ഉം.
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പിയും കോസ്ഡാക്കും, ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ്, ഓസ്‌ട്രേലിയയുടെ എസ്&പി/എഎസ്എക്സ് 200 എന്നിവയെല്ലാം പച്ചയില്‍ വ്യാപാരം നടത്തുന്നു. ചൈനയുടെ ഷാങ്ഹായ് സൂചികയിലും പോസിറ്റിവ് ട്രെന്‍ഡാണ്. ജാപ്പനീസ് വിപണികൾക്ക് ഇന്ന് അവധിയാണ്.
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ചത്തെ വ്യാപാരം പൊതുവില്‍ നേട്ടത്തിലാണ് അവസാനിപ്പിച്ചിട്ടുള്ളത്. മൂന്ന് പ്രമുഖ യുഎസ് സൂചികകളും വ്യാഴാഴ്ച വ്യാപാരത്തില്‍ 2 ശതമാനത്തിനടുത്ത് ഉയര്‍ന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1.7 ശതമാനം ഉയർന്നപ്പോള്‍ എസ് & പി 500 1.89 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 1.78 ശതമാനവും മുന്നേറ്റം പ്രകടമാക്കി.
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് ഇടിവിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നേട്ടത്തിലേക്ക് കയറി. വിശാലമായ ആഭ്യന്തര ഓഹരി വിപണി സൂചികകളുടെയും പോസിറ്റിവ് തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ടാറ്റ മോട്ടോഴ്‌സ്: ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ഏകീകൃത അറ്റാദായം സെപ്റ്റംബര്‍ പാദത്തിൽ 3,764 കോടി രൂപയാണ്. മുന്‍ വർഷം ഇതേ കാലയളവിൽ ഇത് 945 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം 32 ശതമാനം വർധിച്ച് 1,05,128 കോടി രൂപയായി.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്: ഒക്‌ടോബറിൽ, ഏകദേശം 5,250 കോടി രൂപ മൊത്തമായി വിതരണം ചെയ്തുവെന്ന് കമ്പനി കണക്കാക്കുന്നു. ഏറക്കുറെ 2022 ഒക്റ്റോബറിന് സമാനമായ കണക്കാണിത്. 2023ലെ ഒക്റ്റോബര്‍ അവസാനം വരെയുള്ള വിതരണം 30,700 കോടി രൂപ, മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വളർച്ച. ശേഖരണ കാര്യക്ഷമത മുന്‍വര്‍ഷം ഒക്റ്റോബറിലെ 91 ശതമാനത്തില്‍ നിന്ന് 94 ശതമാനമായി ഉയര്‍ന്നു.
ശിൽപ മെഡികെയർ:യുഎസിലെ പില്‍നോവ ഫാര്‍മ ഇന്‍ക് കമ്പനിയെ ഏറ്റെടുത്തു. ഒരു ഷെയറിന് 1 ഡോളര‍്‍ എന്ന മൂല്യത്തിൽ പൂർണ്ണമായും ഒരു ഉപകമ്പനിയായി ശില്‍പ മെഡികെയര്‍ മാറും. നവംബർ 15നകം ഇടപാട് പൂർത്തിയാകും.
കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ: ഈ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഏകീകൃത ലാഭം ജൂലൈ-സെപ്റ്റംബർ കാലയളവിൽ 21.3 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 368.5 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 10.5 ശതമാനം വർധിച്ച് 2,195 കോടി രൂപയായി.
ഗുജറാത്ത് ഗ്യാസ്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഈ ഗ്യാസ് വിതരണ കമ്പനിയുടെ ഏകീകൃത ലാഭം 37.2 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 296 കോടി രൂപയായി. പ്രവർത്തന വരുമാനം 1.7 ശതമാനം വർധിച്ച് 3,991.2 കോടി രൂപയായി. ആരോഗ്യകരമായ എബിറ്റ്ഡ മാർജിനാണ് വലിയ ലാഭത്തിലേക്ക് നയിച്ചത്.
ജെകെ ലക്ഷ്മി സിമന്റ്: മികച്ച വില്‍പ്പനയും ഇന്ധനച്ചെലവിലെ കുറവും കാരണം ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഈ സിമന്റ് കമ്പനിയുടെ ഏകീകൃത ലാഭം 55 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 96 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14.6 ശതമാനം വർധിച്ച് 1,574.5 കോടി രൂപയായി.
ക്രൂഡ് ഓയിലും സ്വര്‍ണവും
യുഎസ് ഫെഡറൽ റിസർവ് ബെഞ്ച്മാർക്ക് പലിശനിരക്കുകൾ തടഞ്ഞുനിർത്തിയതിനെത്തുടർന്ന് സാമ്പത്തിക വിപണികളിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിയതിനാൽ, എണ്ണ വില വ്യാഴാഴ്ച 1 ശതമാനം ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.77 ഡോളർ അഥവാ 2.1 ശതമാനം ഉയർന്ന് 86.43 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.71 ഡോളർ അഥവാ 2.1 ശതമാനം ഉയർന്ന് ബാരലിന് 82.14 ഡോളറിലെത്തി.
ഫെഡറൽ റിസർവ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ദുർബലമായ യുഎസ് ഡോളറും ട്രഷറി ആദായവും മൂലം വ്യാഴാഴ്ച സ്വർണവില ഉയർന്നു. സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,983.77 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 1,991.80 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,261.19 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റഴിച്ചു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1,380.15 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം
പഠിക്കാം & സമ്പാദിക്കാം
Home
