image

17 Nov 2025 9:39 AM IST

Stock Market Updates

26,000 ലക്ഷ്യമാക്കി നിഫ്റ്റി: കൊട്ടക് മുന്നേറ്റം; ഫാർമയിൽ തിരിച്ചടി

MyFin Desk

26,000 ലക്ഷ്യമാക്കി നിഫ്റ്റി:  കൊട്ടക് മുന്നേറ്റം; ഫാർമയിൽ തിരിച്ചടി
X

Summary

26000 ലെവൽ ലക്ഷ്യമാക്കി നിഫ്റ്റിയുടെ കുതിപ്പ്


ഇന്ത്യൻ ഓഹരിവിപണി പോസിറ്റീവായി തുരന്നിരിക്കുകയാണ്. ഗിഫ്റ്റ് നിഫ്റ്റി 26,008 എന്ന ലെവലിനടുത്ത് ട്രേഡ് ചെയ്യുന്നത് കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാൾ ഉയർന്ന 'ഗ്യാപ്-അപ്പ്' ഓപ്പണിംഗിന് തുടക്കമിട്ടു. ആഭ്യന്തര തലത്തിൽ, കുറഞ്ഞുവരുന്ന റീട്ടെയ്ൽ പണപ്പെരുപ്പ നിരക്ക്, കമ്പനികളുടെ ശക്തമായ രണ്ടാം പാദ വരുമാനം, കൂടാതെ ആഭ്യന്തര സ്ഥാപനങ്ങളുടെ ആരോഗ്യകരമായ നിക്ഷേപം എന്നിവ വിപണി വികാരത്തെ പോസിറ്റീവായി നിലനിർത്തുന്നു. ഹ്രസ്വകാലത്തേക്ക് വിപണിയുടെ മുന്നേറ്റത്തിന് പ്രധാന ഉത്തേജകമായി ഒരു ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി സംബന്ധിച്ച സാധ്യതകൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടെങ്കിലും ഇന്ത്യൻ ഓഹരികളുടെ മൊത്തത്തിലുള്ള അന്തരീക്ഷം പോസിറ്റീവാണ്. നിഫ്റ്റി 50 അതിൻ്റെ എക്കാലത്തെയും ഉയർന്ന നിലയായ 26,277-എന്ന ലെവലിൽ നിന്ന് 1.4 ശതമാനം മാത്രം അകലെയാണ്, കൂടാതെ 25,700-എന്ന ലെവലിവ് മുകളിൽ നിലനിൽക്കാനായാൽ സൂചിക 26,200–26,350 എന്ന നിലവാരത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. എന്നാൽ യുഎസ്. പലിശ നിരക്കുകൾ സംബന്ധിച്ച അനിശ്ചിതത്വം ഇൻട്രാഡേയിൽ നേരിയ ചാഞ്ചാട്ടങ്ങൾക്ക് കാരണമാകാം.



ആഗോള വിപണിയിൽ ജാഗ്രത

യുഎസ്, ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾ വിലയിരുത്തുന്നതിനാൽ ആഗോള വിപണികൾ പൊതുവെ ജാഗ്രതയോടെയാണ് വ്യാപാരം ചെയ്യുന്നത്. വാൾ സ്ട്രീറ്റ് വ്യത്യസ്തമായ പ്രതികരണങ്ങളോടെയാണ് അവസാനിപ്പിച്ചത്. നാസ്ഡാക് നേരിയ നേട്ടം കൈവരിച്ചപ്പോൾ ഡൗ ജോൺസ് താഴോട്ടുപോയി. നിക്ഷേപകർ എൻവിഡിയയുടെ പാദ ഫലങ്ങൾക്കായി കാത്തിരിക്കുന്നു. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഏഷ്യൻ വിപണികളും ഈ ആഴ്ചയ്ക്ക് മങ്ങിയ തുടക്കമാണ് നൽകിയത്, ജപ്പാനും ഓസ്‌ട്രേലിയയും നേരിയ ഇടിവിൽ വ്യാപാരം തുടങ്ങിയപ്പോൾ ദക്ഷിണ കൊറിയ നേരിയ നേട്ടമുണ്ടാക്കി. ചൈനയിൽ നിന്നുള്ള ദുർബലമായ നിക്ഷേപ ഡാറ്റ, പ്രധാന യുഎസ് ടെക് ഓഹരികളിലെ സമ്മർദ്ദം, യൂറോപ്യൻ വിപണികളിലെ ഇടിവ് എന്നിവ കാരണം ആഗോള ഓഹരികളിലെ വികാരം ദുർബലമായി തുടരുന്നു.

നിഫ്റ്റി ഡെയ്‌ലി ചാർട്ടിൽ ശക്തമായ ബുള്ളിഷ് ഘടന നിലനിർത്തുന്നു. പ്രധാന മൂവിംഗ് ആവറേജുകൾക്ക് മുകളിൽ സുഖകരമായി ട്രേഡ് ചെയ്യുകയും ഓരോ ഇടിവിലും സ്ഥിരമായ വാങ്ങൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. സൂചിക അതിൻ്റെ അടുത്ത സപ്പോർട്ട് ലെവലിന് മുകളിൽ നിൽക്കുന്നത് മൊത്തത്തിലുള്ള ട്രെൻഡ് പോസിറ്റീവാണെന്ന് സൂചിപ്പിക്കുന്നു. നിഫ്റ്റി അതിൻ്റെ ഹ്രസ്വകാല പിന്തുണകൾക്ക് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം, മുന്നേറ്റത്തിനുള്ള സാധ്യതയുണ്ട്. അടുത്ത പ്രതിരോധ മേഖലകൾ ഭേദിച്ചാൽ മുന്നേറ്റം വേഗത്തിലാകാം. അതേസമയം പിന്തുണ നിലവാരങ്ങളിലേക്കുള്ള ഏതൊരു തിരിച്ചുപോക്കും പുതിയ വാങ്ങലുകൾ ആകർഷിക്കാൻ സാധ്യതയുണ്ട്. മൊത്തത്തിൽ, നിഫ്റ്റിയുടെ ട്രെൻഡ് ബയാസ് പോസിറ്റീവായി തുടരുന്നു.

ബാങ്ക് നിഫ്റ്റി – ടെക്നിക്കൽ അനാലിസിസ്



ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം തുടരുന്നു. ഇത് 20-ദിവസത്തെ എഎംഎക്ക് മുകളിൽ നിലനിൽക്കുന്നത് ഇപ്പോഴത്തെ മൊമെന്റവും ശക്തമായ വിപണി വികാരവും സ്ഥിരീകരിക്കുന്നു. സൂചിക നിലവിൽ 58,500–58,600 എന്ന ലെവലിൽ പ്രധാന റെസിസ്റ്റൻസ് ലെവലിന്സമീപമാണ്. ഈ മേഖലയ്ക്ക് മുകളിലുള്ള നിർണ്ണായക ബ്രേക്ക്ഔട്ട് സൂചികയെ ഉയർന്ന ലക്ഷ്യങ്ങളിലേക്ക് എത്തിക്കാം. താഴോട്ട്, 58,090-ലെവലിലും അതിനുശേഷം 20-ദിവസത്തെ ഇഎംഎയ്ക്ക് അടുത്തുള്ള 57,773-ലും സപ്പോർട്ട് ഉണ്ട് സൂചിക ഈ നിലവാരങ്ങൾക്ക് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം, മൊത്തത്തിലുള്ള ട്രെൻഡ് ബുള്ളിഷ് ആയി തുടരും. പ്രധാന സപ്പോർട്ട് ലെവലിന് താഴെയുള്ള ഒരു ബ്രേക്ക്ഡൗൺ മാത്രമേ നിലവിലെ മൊമെന്റം ദുർബലമാക്കൂ.


ഇന്ത്യൻ വിപണിയിലെ സെക്ടറൽ ട്രെൻഡുകൾ പൊതുവെ പോസിറ്റീവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെടുന്ന ആഗോള വ്യക്തതയുടെയും സ്ഥിരമായ ഡിമാൻഡിൻ്റെയും പിൻബലത്തിൽ ഐടി, ഫാർമസ്യൂട്ടിക്കൽ ഓഹരികൾ മുന്നേറ്റം തുടരാൻ സാധ്യതയുണ്ട്. 1.5 ദശലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതിക്ക് സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് ഷുഗർ കമ്പനികളുടെ ഓഹരികൾ ശ്രദ്ധാകേന്ദ്രമായേക്കാം. ബാങ്കിംഗ്, ധനകാര്യ സേവന മേഖലകളിൽ സ്റ്റോക്ക്-സ്പെസിഫിക് നീക്കങ്ങൾ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ഓഹരി വിഭജനം പരിഗണിക്കുന്ന ബോർഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക് ശ്രദ്ധയാകർഷിക്കും. ഓട്ടോ, ഊർജ്ജം, ഇൻഫ്രാസ്ട്രക്ചർ മേഖലകൾ ആഭ്യന്തര സൂചനകൾ പിന്തുടർന്ന് സ്ഥിരതയോടെ തുടരാം. എന്നാലും, ചൈനയുടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും യൂറോപ്യൻ വികാരത്തിൻ്റെ മങ്ങലും കാരണം ആഗോള ഡിമാൻഡുമായി ബന്ധിപ്പിച്ച മെറ്റൽസ് മേഖലകൾ നേരിയ ബലഹീനത കാണിച്ചേക്കാം.

ഇന്ന് നിരവധി ഓഹരികൾ സജീവമായ വ്യാപാരത്തിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. നവംബർ 21 ന് ഓഹരി വിഭജനം പരിഗണിക്കാൻ ബോർഡ് ഒരുങ്ങുന്നതിനാൽ കൊട്ടക് മഹീന്ദ്ര ബാങ്ക് വാങ്ങൽ താൽപ്പര്യം ആകർഷിച്ചേക്കാം, അതേസമയം തെലങ്കാന യൂണിറ്റിലെ യു.എസ്. എഫ്ഡിഎ പരിശോധന നിരീക്ഷണങ്ങളില്ലാതെ പൂർത്തിയാക്കിയതിനെ തുടർന്ന് ദിവിസ് ലബോറട്ടറീസ് പോസിറ്റീവ് പ്രതികരണം കണ്ടേക്കാം. നേരെ വിപരീതമായി, രാജസ്ഥാൻ യൂണിറ്റിന് യു.എസ്. എഫ്ഡിഎയിൽ നിന്ന് ഒമ്പത് നിരീക്ഷണങ്ങൾ ലഭിച്ചതിനെത്തുടർന്ന് അരബിന്ദോ ഫാർമ സമ്മർദ്ദം അനുഭവിച്ചേക്കാം. മെച്ചപ്പെട്ട പാദഫലങ്ങളുടെ പിൻബലത്തിൽ ഗ്ലെൻമാർക്ക് ഫാർമ ശക്തമായി ട്രേഡ് ചെയ്യാൻ സാധ്യതയുണ്ട്, എന്നാൽ ജാഗ്വാർ ലാൻഡ് റോവറിനായുള്ള FY26 മാർജിൻ ഔട്ട്ലുക്ക് കുറച്ചതിനെത്തുടർന്ന് ടാറ്റ മോട്ടോർസ് സമ്മിശ്ര പ്രതികരണം കണ്ടേക്കാം. മൊത്തത്തിൽ, സ്റ്റോക്ക്-സ്പെസിഫിക് ട്രിഗറുകൾ ഇന്ന് നിരവധി മേഖലകളിലുടനീളം ഇൻട്രാഡേ നീക്കങ്ങൾക്ക് കാരണമാകാമെന്ന് പ്രതീക്ഷിക്കുന്നു.