image

8 Jan 2026 10:13 AM IST

Stock Market Updates

നിഫ്റ്റി 26,100-ൽ; ശ്രദ്ധാകേന്ദ്രമായി ടാറ്റാ സ്റ്റീലും ഇൻഫോസിസും

MyFin Desk

നിഫ്റ്റി 26,100-ൽ; ശ്രദ്ധാകേന്ദ്രമായി ടാറ്റാ സ്റ്റീലും ഇൻഫോസിസും
X

Summary

ശ്രദ്ധയാകർഷിച്ച് ടാറ്റ സ്റ്റീൽ, ഇൻഫോസിസ് ഓഹരികൾ. ഓഹരി വിപണി ഇന്ന് എങ്ങനെ? സാങ്കേതിക വിശകലനം


ആഗോള വിപണികളിലെ അനിശ്ചിതത്വത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്ന് ജാഗ്രതയോടെ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 26,100 നിലവാരത്തിനടുത്ത് വ്യാപാരം തുടങ്ങിയപ്പോൾ സെൻസെക്സ് ഏകദേശം 100 പോയിന്റ് ഇടിഞ്ഞു. ടാറ്റാ സ്റ്റീൽ, ഇൻഫോസിസ്, ലെമൺ ട്രീ, ഹഡ്‌കോ , എയ്ഞ്ചൽ വൺ എന്നീ ഓഹരികളാണ് ഇന്ന് പ്രധാനമായും നിക്ഷേപകർ ഉറ്റുനോക്കുന്നത്.

തുടർച്ചയായ സെഷനുകളിൽ കാണപ്പെടുന്ന കരുതലോടെയുള്ള സമീപനം വ്യാഴാഴ്ചയും തുടരാനാണ് സാധ്യത. ദുർബലമായ ആഗോള സൂചനകൾ, വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയേക്കാവുന്ന ഉയർന്ന താരിഫുകളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വിപണിയെ സ്വാധീനിക്കുന്നുണ്ട്. എങ്കിലും മൂന്നാം പാദത്തിലെ മികച്ച വരുമാന വളർച്ചയിലുള്ള പ്രതീക്ഷ വിപണിയിലുണ്ട്. നിലവിൽ ഗിഫ്റ്റ് നിഫ്റ്റി 26,188 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ഇത് ബുധനാഴ്ചത്തെ ക്ലോസിംഗ് ആയ 26,140.75-ൽ നിന്നും നേരിയ മാറ്റങ്ങളോടെയുള്ള തുടക്കമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് സെഷനുകളിലായി നിഫ്റ്റി 0.7 ശതമാനവും സെൻസെക്സ് 0.9 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതിക വിശകലനം




നിഫ്റ്റി 50 നിലവിൽ റെക്കോർഡ് ഉയരങ്ങൾക്കടുത്ത് കണ്സോളിഡേഷൻ. 'അസെൻഡിംഗ് ട്രയാംഗിൾ' പാറ്റേണിലുള്ള വിപണിയുടെ നീക്കം പോസിറ്റീവ് സൂചനയാണ് നൽകുന്നത്. 25,850–25,900 സോണിൽ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉണ്ടെങ്കിലും, 26,200–26,330 ലെവലുകളിൽ കടുത്ത പ്രതിരോധം നേരിടുന്നുണ്ട്. നിഫ്റ്റി 26,330-ന് മുകളിലേക്ക് കടക്കുകയാണെങ്കിൽ വിപണിയിൽ വലിയ മൂവ്മെന്റ്സ് പ്രതീക്ഷിക്കാം. എന്നാൽ 25,850-ലെവലിന് താഴേക്ക് പോവുകയാണെങ്കിൽ ലാഭമെടുപ്പ് വർധിക്കാൻ സാധ്യതയുണ്ട്. നിലവിലെ ട്രെൻഡ്‌ലൈൻ സപ്പോർട്ട് നിലനിൽക്കുന്നിടത്തോളം വിപണിയുടെ ഘടന പോസിറ്റീവായി തുടരും.

ടാറ്റാ സ്റ്റീൽ റെക്കോർഡ് നേട്ടത്തിൽ; സ്റ്റോക്ക് സ്പ്ലിറ്റ് പ്രഖ്യാപിച്ച് എയ്ഞ്ചൽ വൺ

ശ്രദ്ധാകേന്ദ്രമാകുന്ന പ്രധാന ഓഹരികളിൽ ടാറ്റ സ്റ്റീൽ, എയ്ഞ്ചൽ വൺ എന്നിവയുണ്ട്. മൂന്നാം പാദത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം രേഖപ്പെടുത്തിയതിനെത്തുടർന്ന് ടാറ്റാ സ്റ്റീൽ ഇന്ന് വിപണിയിൽ സജീവമാണ്. യുഎസ് എഫ്ഡിഎ (USFDA) പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മൂലം സിപ്ലയും നിക്ഷേപകരുടെ ശ്രദ്ധയിലുണ്ട്. ജനുവരി 15-ന് നടക്കുന്ന ബോർഡ് യോഗത്തിൽ ഓഹരി വിഭജനം പരിഗണിക്കുന്നതിനാൽ എയ്ഞ്ചൽ വൺ ഇന്ന് ശ്രദ്ധിക്കപ്പെടും. ഇൻഫോസിസ്, ഗ്ലാൻഡ് ഫാർമ, ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ്, അദാനി ഗ്രീൻ എനർജി, എംഒഐഎൽ (MOIL), എൻസിഎൽ ഇൻഡസ്ട്രീസ്, മീഷോ, മിഡ്‌വെസ്റ്റ് എന്നീ ഓഹരികളിലും ഇന്ന് ചലനങ്ങൾ പ്രതീക്ഷിക്കാം.

മൂന്നാം പാദ ബിസിനസ് അപ്‌ഡേറ്റുകളുടെ അടിസ്ഥാനത്തിൽ ഓരോ ഓഹരിയെയും കേന്ദ്രീകരിച്ചുള്ള നീക്കങ്ങളായിരിക്കും വിപണിയിൽ ഉണ്ടാവുക. മികച്ച ഉൽപ്പാദന കണക്കുകൾ പുറത്തുവന്നതോടെ മെറ്റൽ ഓഹരികളിൽ താൽപ്പര്യം പ്രകടമായേക്കാം. എന്നാൽ ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ഐടി മേഖലയിലെ ഓഹരികൾ ഒരു പ്രത്യേക പരിധിക്കുള്ളിൽ തന്നെ തുടരാനാണ് സാധ്യത. യുഎസ് എഫ്ഡിഎ നടപടികൾ മൂലം ഫാർമ ഓഹരികളിൽ ഇന്ന് ചാഞ്ചാട്ടം ഉണ്ടായേക്കാം, ഇൻഫ്രാസ്ട്രക്ചർ ഓഹരികളിൽ മിശ്ര പ്രതികരണമായിരിക്കും ദൃശ്യമാകുക. മൊത്തത്തിൽ, വിപണി ഒരു കണ്സോളിഡേഷനിലൂടെ കടന്നുപോകാമെന്നും ഉയർന്ന നിലവാരത്തിൽ പ്രതിരോധവും താഴ്ന്ന നിലവാരത്തിൽ വാങ്ങലുകളും നടക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.