image

17 Aug 2023 7:50 AM IST

Stock Market Updates

യുഎസില്‍ നിന്ന് നിരക്ക് കൂട്ടല്‍ ആശങ്ക, ഏഷ്യന്‍ വിപണികളില്‍ ഇടിവ്; അനിശ്ചിതത്വത്തില്‍ ആഭ്യന്തര വിപണികള്‍

MyFin Desk

stock market analysis | ഓഹരി വിപണി
X

Summary

  • ഗിഫ്റ്റ് നിഫ്റ്റി ഇടിവില്‍ തുടങ്ങി
  • പണപ്പെരുപ്പമാണ് മുഖ്യ ഭീഷണിയെന്ന് ഫെഡ് റിസര്‍വ്


യുഎസ് ഫെഡ് റിസര്‍വിന്‍റെ കഴിഞ്ഞ ധനനയ അവലോകന യോഗത്തിന്‍റെ മിനുറ്റ്സ് ബുധനാഴ്ച പുറത്തുവന്നു. പലിശ നിരക്ക് ഇനിയും ഉയര്‍ത്തുന്നതിനുള്ള സാധ്യതകളാണ് ഇത് മുന്നോട്ടുവെക്കുന്നത്. ചില അംഗങ്ങള്‍ നിരക്ക് വലിയ തോതില്‍ ഉയര്‍ത്തുന്നതിലെ ആശങ്ക പങ്കുവെച്ചപ്പോള്‍ ഭൂരിപക്ഷം അംഗങ്ങളും പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ആവശ്യമായത് ചെയ്യണമെന്ന പക്ഷക്കാരായിരുന്നു. ഇത് ആഗോള തലത്തില്‍ നിക്ഷേപകരെ നെഗറ്റിവായി സ്വാധീനിക്കുന്ന ഘടകമാണ്.

ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഇന്ന് ആഭ്യന്തര ഓഹരി വിപണിയിലെ ചലനങ്ങളെ സ്വാധീനിക്കും. റെയില്‍വേ വികസനത്തിനായി 32 ,500 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മേഖലകളിലെ ഓഹരികളില്‍ ഇതി പ്രതിഫലിക്കും. 169 നഗരങ്ങളിലായി 10,000 ഇ-ബസുകള്‍ അവതരിപ്പിക്കാനും ഐടി വൈദഗ്ധ്യ വികസനത്തിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയര്‍ന്നു നില്‍ക്കുന്ന പണപ്പെരുപ്പം ആശങ്കയായി മുന്നിലുണ്ട്. മാത്രമല്ല ആഭ്യന്തര സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ മാസം പുറത്തുവന്ന ഡാറ്റകള്‍ അത്ര ശുഭകരമായിരുന്നില്ല.

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

വിഐവി ഹെൽത്ത്‌കെയറിന്റെ സന്നദ്ധ ലൈസൻസിന് കീഴിൽ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ എച്ച്ഐവി ബാധിതരായ കുട്ടികൾക്കായി അരബിന്ദോ ഫാർമ എച്ച്ഐവി ട്രിപ്പിൾ കോമ്പിനേഷൻ ഉൽപ്പന്നം അവതരിപ്പിക്കാൻ പോകുന്നു. ഈ വിഭാഗത്തില്‍ യു‌എസ്‌എഫ്‌ഡി‌എ-യുടെ താൽക്കാലിക അംഗീകാരം നേടുന്ന ആദ്യത്തെ ജനറിക് മരുന്ന് ആണിത്.

നോർത്ത് ഈസ്റ്റേൺ റീജിയൻ സ്‌കീം-VI-ന് കീഴിലുള്ള ആസ്തികളുടെ കമ്മീഷനിംഗ് പൊതുമേഖലാ കമ്പനിയായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ഓഗസ്റ്റ് 16-നാണ് കമ്പനിക്ക് വാണിജ്യ പ്രവർത്തനത്തിനുള്ള വിജ്ഞാപനം ലഭിച്ചത്.

പേടിഎം ഉടമകളായ വൺ 97 കമ്മ്യൂണിക്കേഷന്‍സിലെ 10.3 ശതമാനം ഓഹരി ആന്റ്ഫിൻ (നെതർലാൻഡ്‌സ്) ഹോൾഡിംഗ് ബിവി വിപണി ഇതര ഇടപാടുകളിലൂടെ വിറ്റഴിച്ചു. തൽഫലമായി, ആന്റ്ഫിനിന്റെ ഓഹരി പങ്കാളിത്തം 13.49 ശതമാനമായി കുറഞ്ഞു, സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മയാണ് ഓഹരികള്‍ വാങ്ങിയത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ (ഐആർഎഫ്‌സി) ഓഹരികളുടെ ഒരു ഭാഗം ഓഫർ ഫോർ സെയിൽ (OFS) വഴി ഈ സാമ്പത്തിക വർഷം വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. യുഎസ് ആസ്ഥാനമായ ജിക്യുജി പാർട്‌ണേഴ്‌സും മറ്റ് നിക്ഷേപകരും ചേര്‍ന്ന് ബുധനാഴ്ച അദാനി പവർ ലിമിറ്റഡിന്റെ 8.1 ശതമാനം ഓഹരികൾ 9,000 കോടി രൂപയ്ക്ക് (1.1 ബില്യൺ യുഎസ് ഡോളർ) വാങ്ങി.

പ്രമുഖ നിക്ഷേപകരായ പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജൻസ് ഇന്ത്യയും ഇക്യു ഇന്ത്യ ഫണ്ടും ആർ‌പി‌എസ്‌ജി വെഞ്ചേഴ്‌സിലെ (മുമ്പ് സിഇഎസ്‌സി വെഞ്ച്വേഴ്‌സ് എന്നറിയപ്പെട്ടിരുന്നു) ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴി ഓഗസ്റ്റ് 11 ന് 0.71 ശതമാനം ഓഹരികൾ വിറ്റു. തൽഫലമായി, കമ്പനിയിലെ അവരുടെ ഓഹരി പങ്കാളിത്തം കുറഞ്ഞു. നേരത്തെ 2.79 ശതമാനത്തിൽ നിന്ന് 2.08 ശതമാനമായി.

എംഎസ്എംഇ കേന്ദ്രീകരിച്ചുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ എസ്ബിഎഫ്‌സി ഫിനാൻസ് ഓഗസ്റ്റ് 16-ന് അരങ്ങേറ്റ ദിനത്തില്‍ നിക്ഷേപകരെ വലിയ തോതില്‍ ആകര്‍ഷിച്ചു. ഇക്വിറ്റി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും ആദ്യ ദിവസം 62 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണികള്‍ ഇടിവില്‍

ഏഷ്യയിലെ പ്രമുഖ വിപണികളില്‍ പൊതുവേ ഇടിവിലാണ് ഇന്ന് വ്യാപാര സെഷന്‍റെ തുടക്കം. ഓസ്ട്രേലിയ, ഹോംഗ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ വിപണികളില്‍ നഷ്ടത്തില്‍ വ്യാപാരം നടക്കുന്നു. അതേസമയം ടോക്കിയോ നേട്ടത്തിലാണ്. യുഎസ് വിപണികള്‍ ബുധനാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൌ ജോണ്‍സ്, നാസ്‍ഡാഖ് , എസ് &പി 500 എന്നിവയെല്ലാം ഇടിവിലായിരുന്നു.

യൂറോപ്യന്‍ വിപണികളിലും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഗിഫ്റ്റ് സിറ്റി 46 പോയിന്‍റിന്‍റെ ഇടിവോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര വിപണികളുടെ തുടക്കവും ഇടിവിലായിരിക്കുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

ബുധനാഴ്ച എണ്ണ വിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 27 സെന്റ് ഉയർന്ന് 85.16 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) ബാരലിന് 29 സെൻറ് ഉയർന്ന് 81.28 ഡോളറിലെത്തി.

ദുർബലമായ ഡോളറും ബോണ്ട് യീൽഡും കാരണം സ്വർണ്ണം ബുധനാഴ്ച ഉയർന്നു. യു.എസ്. സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന് ഔൺസിന് 1,905.25 ഡോളറിലെത്തി, യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഉയർന്ന് 1,936.60 ആയി.

വിദേശ ഫണ്ടുകളുടെ വരവ്

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 722.76 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വാങ്ങി, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 2,406.19 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായിയും എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.