4 Jan 2024 9:59 AM IST
റിയല്‍റ്റിയിലെ നേട്ടം 3%ന് മുകളില്‍; മുന്നേറി സെന്‍സെക്സും നിഫ്റ്റിയും
MyFin Desk
Summary
- ഏഷ്യന്‍ വിപണികള്‍ ഏറെയും ഇടിവില്‍
- നിഫ്റ്റി ഐടി ഇടിവില്‍ തുടരുന്നു
- സുരക്ഷിതം ലാര്‍ജ് ക്യാപുകളെന്ന് വിദഗ്ധര്‍
രണ്ട് ദിവത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച തുടക്ക വ്യാപാരത്തില്‍ മുന്നേറി. സെൻസെക്‌സ് 351.88 പോയിന്റ് ഉയർന്ന് 71,708.48 ലെത്തി. നിഫ്റ്റി 99 പോയിന്റ് ഉയർന്ന് 21,616.35 ൽ എത്തി. നിഫ്റ്റിയില്‍ ഐടിയും മീഡിയയും ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും മുന്നേറുകയാണ്. റിയല്‍റ്റി 3 ശതമാനത്തിന് മുകളിലുള്ള നേട്ടത്തിലേക്ക് എത്തിയിട്ടുണ്ട്.
നിഫ്റ്റിയില്‍ ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ കണ്‍സ്യൂമര്‍ സര്‍വീസസ്, ടാറ്റ മോട്ടോര്‍സ് തുടങ്ങിയവ മികച്ച നേട്ടത്തിലാണ്. ബിപിസിഎല്‍ ബജാജ് ഓട്ടോ, ടാറ്റ സ്‍റ്റീല്‍, എച്ച്‍സിഎല്‍ ടെക്, മാരുതി, ടെക് മഹീന്ദ്ര എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. സെന്‍സെക്സില്‍ ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോര്‍സ്, പവര്‍ഗ്രിഡ് എന്നിവ മികച്ച നേട്ടത്തിലാണ്. എച്ച്സിഎല്‍ ടെക്, മാരുതി, ടിസിഎസ്, ടെക് മഹീന്ദ്ര എന്നിവ വലിയ ഇടിവ് നേരിടുന്നു.
"ഉയർന്ന മൂല്യനിർണ്ണയം തിരുത്തലുകളിലേക്ക് നയിക്കുമെന്നതാണ് പ്രവചിക്കാവുന്ന വിപണി പ്രവണത. പ്രവചനാതീതമായത് തിരുത്തലിനുള്ള സമയവും ട്രിഗറുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ആഗോള വിപണികൾ തിരുത്തുന്നു, തിരുത്തലിനുള്ള ട്രിഗർ ലാഭം ബുക്കിംഗാണ്, ഇത് സാധാരണവും യുക്തിസഹവുമാണ്.വിപണികൾക്ക് അമിതമായി പ്രതികരിക്കാനുള്ള പ്രവണതയുണ്ട്. ഫെഡ് പ്രഖ്യാപനത്തിന്‍റെ ഫലമായി യുഎസ് വിപണിയിലെ കുത്തനെയുള്ള ഉയർച്ച അൽപ്പം അമിതമായിരുന്നു. യുഎസ് ബോണ്ട് യീൽഡിലെ നേരിയ വർധന, പ്രതീക്ഷിക്കുന്ന ഫെഡറൽ നിരക്കിളവിന്‍റെ സമയത്തെ കുറിച്ചുള്ള വിപണി ആശങ്കയുടെ പ്രതിഫലനമാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറയുന്നു.
അമിത വിലയുള്ള മിഡ്, സ്മോൾ ക്യാപ്‍സുകളില്‍ നിന്ന് മുൻനിര ബാങ്കിംഗ് ഓഹരികള്‍ പോലെ സാമാന്യം ന്യായവിലയിലുള്ള ലാര്‍ജ് ക്യാപ്‍സുകളിലേക്ക് പണം നീക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ചത്തെ വ്യാപാരം യുഎസ് വിപണികള്‍ ഇടിവിലാണ് അവസാനിപ്പിച്ചത്. വ്യാഴാഴ്ചത്തെ സെഷനില്‍ ഏഷ്യയിലെ പ്രമുഖ വിപണികളില്‍ ഏറെയും ഇടിവിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
