13 Jan 2026 11:59 AM IST
ഉണർവില്ലാതെ ഐടി മേഖല; പ്രതിസന്ധികളെ അതിജീവിച്ച് കരകയറുമോ?
Amritha Elizabath Abraham
Summary
ഉണർവില്ലാതെ ഐടി മേഖല. ഈ രംഗത്തെ മന്ദഗതിയിലുള്ള വളർച്ചക്ക് കാരണമെന്താണ്? വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഇല്ലെങ്കിലും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള കരുത്ത് ഐടി മേഖലക്കുണ്ടോ?
ഇന്ത്യൻ ഐടി മേഖലയിലെ പ്രമുഖ കമ്പനികൾ മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിക്കുകയാണ്. പ്രതീക്ഷിച്ചതുപോലെ വരുമാനം ഇടിവാണ് പ്രധാന കമ്പനികൾ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രോക്കറേജ് സ്ഥാപനമായ സെൻട്രം കാപിറ്റൽ ഉൾപ്പെടെ മിക്ക ബ്രോക്കറേജുകളും മന്ദഗതിയിലുള്ള വളർച്ചയായിരിക്കും കമ്പനികളുടേതെന്ന് പ്രവചിച്ചിരുന്നു.
അപ്രതീക്ഷിതമായ ചില ഘടകങ്ങൾ ഐടി കമ്പനികൾക്ക് വെല്ലുവിളിയാകുന്നുണ്ട്. അവയേതൊക്കെയാണ്?
സാധാരണയായി വർഷാവസാനം പാശ്ചാത്യ രാജ്യങ്ങളിൽ ക്രിസ്മസ്, ന്യൂ ഇയർ അവധികൾ കാരണം കമ്പനികൾ പ്രവർത്തിക്കാതിരിക്കാറുണ്ട്. നീണ്ട അവധി മൂലം പല കമ്പനികളുടെയും പ്രോജക്റ്റുകൾ ദീർഘകാലത്തേക്ക് നീണ്ടതും ഐ.ടി. കമ്പനികളുടെ വരുമാനത്തെ ബാധിച്ചു. ട്രംപിന്റെ പുതിയ നയങ്ങളിലെ അനിശ്ചിതത്വം കാരണം ഇനി എന്ത് സംഭവിക്കും എന്ന ആശങ്കയിലാണ് പല വിദേശ കമ്പനികളും, അതുകൊണ്ട് തന്നെ പുതിയ തീരുമാനങ്ങളെടുക്കാൻ കമ്പനികൾ വൈകുന്നതും വെല്ലുവിളി ഉയർത്തുന്നുണ്ട്.
പ്രതിഭകൾ ജിസിസി കമ്പനികളിലേക്ക് മാറുന്നത് കമ്പനികളിലെ കൊഴിഞ്ഞുപോക്ക് ഉയരാൻ കാണമായേക്കാം. അതുകൊണ്ട് ഉണ്ടാകുന്ന വേതന വർദ്ധനവും മിക്ക കമ്പനികൾക്കും ബാധ്യതയാകുമെന്നും ബ്രാക്കറേജ് സ്ഥാപനമായ എലാറ കാപിറ്റൽ സൂചിപ്പിക്കുന്നു. ഐടി കമ്പനികളിലെ പുതിയ നിയമനങ്ങൾ കുറഞ്ഞു.
ടയർ 2 കമ്പനികൾ കൂടുതൽ മുന്നേറിയേക്കാം
നിഫ്റ്റി ഐടി സൂചികയെ സ്വാധീനിക്കുന്ന വലിയ കമ്പനികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടയർ 2 കമ്പനികൾക്ക് സാധിച്ചേക്കും. എന്നാൽ മൊത്തത്തിലുള്ള വളർച്ച മന്ദഗതിയിലായിരിക്കാൻ സാധ്യതയുണ്ട്. പാദ ഫലങ്ങളിൽ വമ്പൻ കമ്പനികളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ചെറു കമ്പനികൾക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു.
പ്രതീക്ഷക്കു വകയുണ്ട്
വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഇല്ലെങ്കിലും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള കരുത്ത് ഐടി സെക്ടർ കാണിക്കുന്നുണ്ട്.ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, മേഖലയിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുന്നത് ആശ്വാസകരമാണ്. അടുത്തിടെ ഒപ്പുവച്ച കരാറുകളുടെ വർദ്ധനവും പോസിറ്റീവാകുമെന്ന് പ്രതീക്ഷിക്കുന്നു.രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവ് വരുമാന റിപ്പോർട്ടുകളിൽ കമ്പനികൾക്ക് ഗുണകരമാകും. ഡോളറിൽ വരുമാനം നേടുന്ന കമ്പനികളുടെ അടിസ്ഥാന വരുമാനം ഉയരാൻ ഇത് സഹായകരമാകും.
ഒരു കമ്പനിക്ക് നിർബന്ധമല്ലാത്ത ഡിസ്ക്രീഷണറി സ്പെൻഡിങ് മിക്ക കമ്പനികളും കുറച്ച് തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളോ വരുമാനത്തിൽ കുറവോ ഉണ്ടാകുമ്പോൾ, കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ഈ ചിലവുകൾ എളുപ്പത്തിൽ വെട്ടിക്കുറയ്ക്കുകയാണ് സ്ഥാപനങ്ങൾ. കമ്പനിയുടെ വളർച്ച, പുതിയ പരീക്ഷണങ്ങൾ, ജീവനക്കാരുടെ സന്തോഷം, അല്ലെങ്കിൽ ബ്രാൻഡ് ഇമേജ് തുടങ്ങിയ ലക്ഷ്യങ്ങൾക്കായി മാനേജ്മെന്റ് സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ചിലവുകളാണിവ. ഐടി മേഖലയിൽ ഇപ്പോൾ കണ്ടുവരുന്നത് പോലെ, വരുമാനം കുറയുമ്പോൾ കമ്പനികൾ ആദ്യം നിയന്ത്രിക്കുന്നത് ഡിസ്ക്രീഷണറി സ്പെൻഡിങ് ആണ്.
എഐ ഗതി മാറ്റും
ഐടി രംഗത്ത് എല്ലാവരും ഉറ്റുനോക്കുന്നത് എഐ സംബന്ധിച്ച വാർത്തകൾക്കാണ്. എഐ ഉപയോഗിച്ചുള്ള ഡീലുകൾ എങ്ങനെ വരുമാനമായി മാറുന്നു എന്നതിനെക്കുറിച്ച് നിക്ഷേപകർ ശ്രദ്ധാലുക്കളാണ്. നിലവിൽ എഐ എന്നത് പരീക്ഷണ ഘട്ടങ്ങൾ കഴിഞ്ഞ് ആപ്ലിക്കേഷൻ മോഡേണൈസേഷന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
വരുമാന വളർച്ച കുറവാണെങ്കിലും, കമ്പനികളുടെ ലാഭക്ഷമത തകർച്ചയില്ലാതെ പിടിച്ചുനിൽക്കും. വരാനിരിക്കുന്ന പാദങ്ങളിൽ കമ്പനിയുടെ പ്രവർത്തന ലാഭം വലിയ മാറ്റങ്ങളില്ലാതെ സ്ഥിരമായി നിൽക്കാനാണ് സാധ്യതയെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ, ഇന്ത്യൻ ഐടി മേഖലയെ സംബന്ധിച്ച് വലിയ കുതിച്ചുചാട്ടമില്ലാത്ത, എന്നാൽ സ്ഥിരത നിലനിർത്തുന്ന ഒരു പാദമാണ് ഇത്.
പഠിക്കാം & സമ്പാദിക്കാം
Home
